എസി ഉപയോഗം തലവേദനസാധ്യത കൂട്ടുമോ?, മദ്യപാനം തലവേദനയ്ക്ക് ഇടയാക്കുന്നത് എങ്ങനെ?

പ്രൈമറി തലവേദനകളായ ടെൻഷൻ തലവേദന, മൈഗ്രേൻ, ക്ലസ്റ്റർ തലവേദന തുടങ്ങിയവ കൂടക്കൂടെ അലട്ടിക്കൊണ്ടിരിക്കുന്നതിൽ ജീവിതശൈലിക്കും ഒരു പങ്കുണ്ട്. ഭക്ഷണരീതി, ഉറക്കപ്രശ്‌നങ്ങൾ, അലസജീവിതശൈലി തുടങ്ങിയ പല ഘടകങ്ങളും തലവേദനയുടെ സാധ്യത കൂട്ടും.
ഭക്ഷണം ഒഴിവാക്കുന്നതും സംസ്‌കരിച്ച ഭക്ഷണപദാർഥങ്ങൾ ധാരാളമായി കഴിക്കുന്നതും തലവേദനയ്ക്ക് പ്രേരകമായേക്കാം. ഭക്ഷണപദാർഥങ്ങളിൽ കഫീൻ, മദ്യം, ചോക്ലേറ്റ്, ചീസ്, കൃത്രിമമധുരം, പുളിപ്പിച്ച ഭക്ഷണങ്ങൾ തുടങ്ങിയവയുടെ ഉപയോഗം മൈഗ്രേനുള്ളവരിൽ തലവേദനയ്ക്ക് കാരണമായേക്കാം.
ഉറക്കക്കുറവും അമിത ഉറക്കവും തലവേദനയ്ക്ക് കാരണമാകാം. കൃത്യതയില്ലാത്ത ഉറക്കസമയങ്ങൾ ശരീരത്തിന്റെ ജൈവതാളത്തെയും (Circadian rhythm) ഹോർമോൺ സന്തുലിതാവസ്ഥയെയും ബാധിക്കും.
മുറിയിലിരുന്നുതന്നെയുള്ള ഉദാസീനമായ ജീവിതശൈലികൾ മൂലം ടെൻഷൻ തലവേദനയും കഴുത്തുവേദന, നടുവേദന തുടങ്ങിയവയും ഉണ്ടാകുന്നു. അതുപോലെ അമിതമായ വ്യായാമംമൂലം നിർജലീകരണവും തുടർന്ന് തലവേദനയും ഉണ്ടാകും.
മൊബൈൽ, ലാപ്ടോപ് തുടങ്ങിയവയുടെ അമിതോപയോഗം കണ്ണിന് ആയാസത്തിനും കുട്ടികളിൽ കൂടുതലായ ദൂരകാഴ്ചക്കുറവിനും (Myopia) കഴുത്തുവേദന, നടുവേദന തുടങ്ങിയവയ്ക്കും കാരണമാകും.
കാലാവസ്ഥാ വ്യതിയാനവും തലവേദനയും തമ്മിൽ ബന്ധമുണ്ടോ?
അന്തരീക്ഷസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് കാലാവസ്ഥയിലും വായുവിന്റെ ഘടനയിലും ഉണ്ടാകുന്ന മാറ്റങ്ങൾ മൈഗ്രേൻ പോലെയുള്ള തലവേദന ഉണ്ടാകാനുള്ള പ്രേരകഘടകമായി മാറാം. വായുമലിനീകരണം കാരണം നൈട്രേറ്റിന്റെയും സൂക്ഷ്മകണികകളുടെയും മറ്റും അളവ് വായുവിൽ കൂടുന്നു. പിഎം 2.5-ൽ താഴെയുള്ള സൂക്ഷ്മകണികകളുമായുള്ള ദീർഘകാലസമ്പർക്കം മൂലം മൈഗ്രേൻ ഉത്തേജിപ്പിക്കപ്പെടാം.
അന്തരീക്ഷത്തിലെ താപനിലയിലെയും ഈർപ്പത്തിലെയും മാറ്റങ്ങൾ തലച്ചോറിലെ രാസവസ്തുവായ സിറടോണിന്റെ സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തുകയും അതുവഴി മൈഗ്രേൻ സാധ്യത കൂട്ടുകയും ചെയ്യും.
കാലാവസ്ഥാമാറ്റങ്ങൾ മൂലം സസ്യലതാദികളിലും പരാഗണകാലങ്ങളിലും മാറ്റങ്ങൾ വരികയും കൂടുതലായി അലർജികളും തന്മൂലം തലവേദനകളും ഉണ്ടാകുകയും ചെയ്യും.
കാലാവസ്ഥാമാറ്റങ്ങൾ മാനസികസംഘർഷത്തെയും സ്വാധീനിക്കുന്നുണ്ട്. അത് തലവേദനയ്ക്ക് കാരണമാകുന്നുണ്ട്. അന്തരീക്ഷതാപനില 10 ഡിഗ്രി ഫാരൻഹീറ്റ് കൂടുമ്പോൾ തലവേദനയിൽ ആറുശതമാനത്തോളം വർധന കാണപ്പെടുന്നുണ്ട്.
മദ്യപാനം തലവേദനയ്ക്ക് ഇടയാക്കുന്നത് എങ്ങനെ?
പലരിലും ചെറിയ അളവിലുള്ള ആൽക്കഹോൾ പോലും മൈഗ്രേൻ പ്രേരകഘടകമാകാറുണ്ട്. മൈഗ്രേനുള്ളവരിൽ 60 ശതമാനം പേരിലും ആൽക്കഹോൾ മൈഗ്രേൻ തലവദേനയുടെ പ്രേരകഘടകമാകാറുണ്ട്.
ആൽക്കഹോൾ മൂത്രത്തിന്റെ ഉത്പാദനം കൂട്ടും. അങ്ങനെ കൂടുതൽ ഫ്‌ളൂയിഡ് ശരീരത്തിൽനിന്ന് നഷ്ടപ്പെടും. അത് നിർജലീകരണത്തിന് കാരണമാകും. അതുകാരണം തലവേദനയും അനുഭവപ്പെടും.
ഹാങ്ഓവർ ഹെഡ് എയ്ക്ക്: ഹാങ് ഓവർ തലവേദന (delayed alcohol induced headache-DAIH) മദ്യപിച്ചതിനുശേഷം പിറ്റേന്ന് രാവിലേ അനുഭവപ്പെടുന്നതാണ്.
ആൽക്കഹോൾ ഉപയോഗം ട്രൈജിമിനൽ നാഡി സംബന്ധമായ ഇൻഫ്‌ലമേഷൻ ഉണ്ടാക്കുകയും അത് തലവേദനയ്ക്കിടയാക്കുകയും ചെയ്യുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. മദ്യപാനം ഒഴിവാക്കുകയെന്നതുതന്നെയാണ് ഇത്തരം തലവേദന ഒഴിവാക്കാനുള്ള മാർഗം. മദ്യപിക്കുകയാണെങ്കിൽ അതിനുമുൻപും ആ സമയത്തും ശേഷവും ധാരാളം വെള്ളം കുടിക്കണം. മദ്യപിക്കുന്നതിനുമുൻപും മദ്യപിക്കുമ്പോഴും ഭക്ഷണം കഴിക്കുക. ആൽക്കഹോൾ ആഗിരണം മന്ദഗതിയിലാക്കാനും നിർജലീകരണം ഒഴിവാക്കാനും ഇത് സഹായിക്കും.
ഇങ്ങനെയാണെങ്കിലും ആൽക്കഹോളിന്റെ അളവാണോ തരമാണോ മൈഗ്രേൻ പ്രേരകഘടകമാകുന്നത് എന്നതുസംബന്ധിച്ച് ഗവേഷകർ കൃത്യമായ കണ്ടെത്തലുകൾ നടത്തിയിട്ടില്ല. ചിലരിൽ ആൽക്കഹോളിന്റെ അളവ് മൈഗ്രേൻ സാധ്യത വർധിപ്പിക്കുമ്പോൾ ചിലരിൽ മദ്യത്തിന്റെ തരം ഈ സാധ്യത വർധിപ്പിക്കുന്നതായി കാണുന്നുണ്ട്.
എസി ഉപയോഗം തലവേദനസാധ്യത കൂട്ടുമോ?
എയർകണ്ടീഷണർ ഉപയോഗം ചിലപ്പോൾ തലവേദനയുണ്ടാക്കാറുണ്ട്. അതിന് പ്രധാനമായും കാരണമാകുന്നത് നിർജലീകരണമാണ്. വായുവിലെ ഈർപ്പത്തെ എയർകണ്ടീഷണർ നീക്കുകയും ഹ്യുമിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. ഇത് നിർജലീകരണത്തിനിടയാക്കുകയും അത് തലവേദനയുടെ സാധ്യത കൂട്ടുകയും ചെയ്യും. ഈർപ്പം കുറഞ്ഞ വായു സൈനസ് അറകളെ വരണ്ടതാക്കുകയും അതുവഴി സൈനസ് തലവേദന ഉണ്ടാകുകയും ചെയ്യാം.
താപനിലയിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങളും തലവേദനയ്ക്കിടയാക്കാം. കൂടുതൽ തണുപ്പുള്ള മുറിയിൽനിന്ന് ചൂടുകൂടിയ പുറത്തെ അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് കടക്കുമ്പോൾ തലയിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. ഇത് മൈഗ്രേൻ തലവേദനയുടെയും ടെൻഷൻ തലവേദനയുടെയും സാധ്യത കൂട്ടും.
സൈനസൈറ്റിസ് മൈഗ്രേൻ സാധ്യത കൂട്ടുമോ?
സൈനസൈറ്റിസ് മൈഗ്രേൻ സാധ്യത കൂട്ടുന്നില്ല. മൈഗ്രേനുണ്ടാകുമ്പോൾ മൂക്കിലെ ആവരണങ്ങളുടെ രക്തയോട്ടം കൂടുന്നതുവഴി മൂക്കടഞ്ഞപോലെ രോഗിക്ക് അനുഭവപ്പെടും. അക്യൂട്ട് ഫ്രോണ്ടൽ സൈനസൈറ്റിസ് (Acute frontal sinusitis), സ്‌ഫെനോയ്ഡ് സൈനസൈറ്റിസ് (sphenoid sinusitis) എന്നിവയുണ്ടാകുമ്പോൾ തലവേദന അനുഭവപ്പെടും. ഈ രോഗികളിൽ വൈറൽ അണുബാധ അല്ലെങ്കിൽ മൂക്കടപ്പും പനിയും അതിനുമുൻപ് ഉണ്ടാകുന്നു. തലവേദനയുള്ള സമയത്ത് ഒരു നേസൽ എൻഡോസ്‌കോപ്പിയോ സിടി സ്‌കാൻ വഴിയോ രോഗനിർണയം നടത്താം.
രോഗപ്രതിരോധശേഷി കുറഞ്ഞവരിലോ അലർജിയുള്ളവരിലോ മാത്രമേ വർഷത്തിൽ രണ്ടുതവണയിൽ കൂടുതൽ സൈനസൈറ്റിസ് ഉണ്ടാകാറുള്ളൂ. പ്രമേഹമുള്ളവർ, നീണ്ടകാലം സ്റ്റിറോയ്ഡ് ചികിത്സ ചെയ്യുന്നവർ, കീമോതെറാപ്പി ചെയ്യുന്നവർ തുടങ്ങിയവരിൽ കാഴ്ചക്കുറവ്, രണ്ടായി കാണുക, മുഖത്ത് വേദനയോ തരിപ്പോ തുടങ്ങിയവ ഉണ്ടെങ്കിൽ ഉടൻ വിദഗ്ധചികിത്സയ്ക്കായി ഇഎൻടി ഡോക്ടറെ കാണണം. അത് ചിലപ്പോൾ മ്യൂക്കോർമൈക്കോസിസ് (Mucormycosis) പോലുള്ള തീവ്രതയുള്ള ഫംഗൽ അണുബാധകൊണ്ടുണ്ടാകുന്നതാകാം.
നിർജലീകരണം എങ്ങനെയാണ് തലവേദനയ്ക്ക് ഇടയാക്കുന്നത്?
കടുത്ത നിർജലീകരണം തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കും. മാത്രമല്ല, ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയും സെറിബ്രോസ്‌പൈനൽ ഫ്‌ലൂയിഡിന്റെ (CSF) അളവിൽ വ്യതിയാനവും ഉണ്ടാകും. രക്തമൊഴുക്ക് കുറയുന്നതോടെ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെയും പോഷകങ്ങളുടെയും വിതരണവും കുറയും. സ്വാഭാവികമായും അത് തലവേദനയ്ക്ക് ഇടയാക്കും. നാഡികളുടെ പ്രവർത്തനത്തിന് അത്യാവശ്യമായ കാൽസ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ കുറവും അനുഭവപ്പെടും. ഇതെല്ലാം മൈഗ്രേൻ തലവേദനയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും.
നിർജലീകരണം ത്രോംബോസിസിന് കാരണമാകും. പ്രത്യേകിച്ചും തലച്ചോറിലെ സിരകളിൽ രക്തം കട്ടപിടിക്കുന്ന സെറിബ്രൽ വീനസ് സൈനസ് ത്രോംബോസിസിന് (Cerebral venous sinus thrombosis - CVST). ഇത് തണ്ടർക്ലാപ് തലവേദനയായി അനുഭവപ്പെടും. ഗർഭാവസ്ഥയിലും പ്രസവാനന്തരവും സിവിഎസ്ടി ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് നിർജലീകരണം.
നിർജലീകരണം മാറുന്നതോടെ ഇതുകാരണമുണ്ടായ തലവേദനയും ഭേദമാകും. ചെറിയ അളവിൽ പലതവണകളായി വെള്ളംകുടിക്കുക. പൊടുന്നനെ കൂടുതൽ അളവിൽ ഒരുമിച്ച് വെള്ളംകുടിച്ചാൽ വയറിൽ അസ്വസ്ഥത അനുഭവപ്പെടാം.
നിർജലീകരണം കാരണം തലവേദന ഉണ്ടായിട്ടുണ്ടെങ്കിൽ കഫീൻ അടങ്ങിയ പാനീയം ഒഴിവാക്കുക.
ശാരീരികാധ്വാനം ഒഴിവാക്കുക. വെയിലുള്ളിടത്തുനിന്ന് മാറി തണലിൽ നിൽക്കുക. തലയിൽ ഐസ് പായ്ക്ക് വയ്ക്കുന്നത് ആശ്വാസം നൽകും. നിർജലീകരണം ഒഴിവാക്കാൻ ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കുക.
രക്തസമ്മർദം അമിതമായി ഉയർന്നാൽ ഉണ്ടാകുന്ന തലവേദനയിൽ എന്തൊക്കെ ശ്രദ്ധിക്കണം?
രക്തസമ്മർദം അമിതമായുയർന്നാൽ സാധാരണമായി തലയുടെ ഇരുഭാഗത്തുമാണ് വേദനയനുഭവപ്പെടുക. ഇത്തരം അവസ്ഥകളിൽ വിങ്ങുന്ന തരത്തിലുണ്ടാകുന്ന തലവേദന നാം ശാരീരികപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കൂടുകയും ചെയ്യും. ബിപി 180/120 mmHgക്ക് മുകളിലാകുമ്പോഴാണ് സാധാരണമായി ഇത്തരം തലവേദന അനുഭവപ്പെടുകയെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്. ഈ ഘട്ടം വളരെയേറെ ഗൗരവമുള്ളതാണ്. അടിയന്തര വൈദ്യസഹായം ആവശ്യവുമാണ്. കൃത്യമായി ചികിത്സ ലഭിച്ചില്ലെങ്കിൽ അവയവങ്ങൾക്ക് ക്ഷതം സംഭവിക്കാനും മറ്റ് സങ്കീർണതകളുണ്ടാകാനും ഇടയാകും. കൃത്യമായി രക്തസമ്മർദം നിയന്ത്രിച്ചില്ലെങ്കിൽ അത് ഹിപ്നിക് തലവേദനയ്ക്ക് (Hypnic Headache) ഇടയാക്കും. ഉറങ്ങിക്കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുശേഷമാണ് ഇത്തരം തലവേദനയനുഭവപ്പെടുക. ഇത്തരം തലവേദന കൂടുതലായി കാണുന്നത് അറുപതുവയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ്. ഇങ്ങനെയുണ്ടായാൽ 24 മണിക്കൂർ നിരന്തര ബിപി നിരീക്ഷണത്തോടെയുള്ള ചികിത്സ ആവശ്യമായിവരും.
ഇങ്ങനെയുള്ള തലവേദന അനുഭവപ്പെട്ടാൽ സ്വയം ചികിത്സിക്കാൻ ശ്രമിക്കരുത്. അത് മറ്റ് സങ്കീർണതകൾക്ക് കാരണമാകും. അതുകൊണ്ട്, അടിയന്തരചികിത്സാസൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ ഉടൻ എത്തിക്കുകയാണ് വേണ്ടത്.
തണ്ടർക്ലാപ് തലവേദന തടയാൻ കഴിയുമോ?
പൊടുന്നനെയുണ്ടാകുന്ന അതിശക്തമായ തലവേദനയാണ് 'തണ്ടർക്ലാപ് തലവേദന' (Thunderclap Headache). ഒരുമിനിറ്റിനുള്ളിൽത്തന്നെ ഇത്തരം തലവേദന അതിന്റെ തീവ്രതയിലേക്കെത്തും. അഞ്ചുമിനിറ്റിനുള്ളിൽ ഇത് കുറഞ്ഞുതുടങ്ങും. ഇതിന്റെ അസ്വസ്ഥത ഏതാനും മണിക്കൂറുകൾ നീണ്ടുനിൽക്കുകയും ചെയ്യും. മരവിപ്പ്, ക്ഷീണം, സംസാരിക്കാൻ പ്രയാസം, ഓക്കാനവും ഛർദിയും, സന്നി, കാഴ്ചപ്രശ്‌നങ്ങൾ, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങളും തലവേദനയോടൊപ്പം അനുഭവപ്പെടാറുണ്ട്. എല്ലാവിധ തലവേദനയ്ക്കും പ്രൈമറി കാരണങ്ങളും സെക്കൻഡറി കാരണങ്ങളുമുണ്ട്. പ്രൈമറി തണ്ടർക്ലാപ് തലവേദനയ്ക്ക് ഉദാഹരണമാണ് പെട്ടെന്നുണ്ടാകുന്ന കഠിനമായ മൈഗ്രേൻ (Crash Migraine). സെക്കൻഡറി തണ്ടർക്ലാപ് തലവേദനയ്ക്ക് പിന്നിൽ ഗൗരവമുള്ള ഒട്ടേറെ കാരണങ്ങളുണ്ടാകാം. മസ്തിഷ്‌കത്തിലെ രക്തഅറകൾക്കുള്ളിലുണ്ടാകുന്ന രക്തസ്രാവം (Subarachnoid Hemorrhage), തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങുന്ന അവസ്ഥ (Reversible Cerebral Vasoconstriction Syndrome), തലച്ചോറിലെ രക്തക്കുഴലുകൾ വീർത്തുപൊട്ടുന്ന അവസ്ഥ (Ruptured Aneurysm), സ്ട്രോക്ക്, പെട്ടെന്ന് അമിതമായി ബിപി കൂടുന്നത്, തലച്ചോറിലെ ട്യൂമർ, പിറ്റിയൂട്ടറി ഗ്രന്ഥിയിലേക്കുള്ള രക്തപ്രവാഹത്തിലുണ്ടാകുന്ന തടസ്സം തുടങ്ങി പല കാരണങ്ങളുമുണ്ടാകാം. അടിയന്തരചികിത്സ ലഭ്യമാക്കേണ്ട സാഹചര്യമാണിത്.
തണ്ടർക്ലാപ് തലവേദനയ്ക്ക് മുന്നോടിയായി സൂചനകളൊന്നുമുണ്ടാകാറില്ല. അതുകൊണ്ട്, ഇത് തടയാനും പ്രയാസമാണ്. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ഉയർന്ന ബിപിയുണ്ടെങ്കിൽ കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കണം. ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കണം, പുകവലി ഒഴിവാക്കണം, കൊളസ്ട്രോൾനില നിയന്ത്രിക്കുകയും വേണം. ചിലരിൽ അമിതമായ അധ്വാനം തണ്ടർക്ലാപ് തലവേദനയുടെ പ്രേരകഘടകമാകാറുണ്ട്. അവർ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. എന്നാൽ, തണ്ടർക്ലാപ് തലവേദനയ്ക്ക് പിന്നിൽ ഗൗരവമായ പല കാരണങ്ങളും ഉണ്ടാകാമെന്നതിനാൽ, എത്രയും വേഗം ചികിത്സ തേടുകയാണ് വേണ്ടത്.
ഉറക്കക്കുറവും അമിത ഉറക്കവും തലവേദനയും
ഉറക്കക്കുറവും മൈഗ്രേനും തമ്മിലുള്ള ബന്ധം പൂർണമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്. ഉറക്കത്തെയും ഉണർവിനെയും നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗമായ ഹൈപ്പോതലാമസിൽ വേദനയെ ക്രമീകരിക്കുന്നതിനുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുണ്ട്. കണ്ണുകളിൽനിന്ന് സിഗ്‌നലുകൾ സ്വീകരിച്ച്, പുറത്തെ വെളിച്ചത്തിനും ഇരുട്ടിനും അനുസരിച്ച് ഉറക്കത്തെ ക്രമീകരിക്കാൻ സഹായിക്കുന്ന സുപ്രാകയാസ്മാറ്റിക് ന്യൂക്ലിയസും (SCN) ഹൈപ്പോതലാമസിലാണ്. ഉറക്കവുമായി ബന്ധപ്പെട്ട തലച്ചോറിലെ മറ്റൊരു പ്രധാന ഭാഗമാണ് പീനിയൽ ഗ്രന്ഥി. പകലും രാത്രിയും തമ്മിലുള്ള മാറ്റം തിരിച്ചറിയുമ്പോൾ ഉറങ്ങാൻ സഹായിക്കുന്ന ഹോർമോണായ മെലടോണിൻ ഉത്പാദിപ്പിക്കുന്നത് പീനിയൽ ഗ്രന്ഥിയാണ്. മെലടോണിന്റെ അളവ് കുറയുന്നത് മൈഗ്രേനുമായും ക്ലസ്റ്റർ തലവേദനയുമായും ബന്ധപ്പെട്ടിരിക്കുന്നു. തലവേദനയോടെ ഉണരാനുള്ള സാധ്യത ഇത് വർധിപ്പിക്കുകയും ചെയ്യുന്നു.
തലച്ചോറിന് ന്യൂറൽ പ്ലാസ്റ്റിസിറ്റി (Neural plasticity) എന്ന കഴിവുണ്ട്. കൃത്യമായി ഉറങ്ങുമ്പോൾ തലച്ചോറിലെ കോശങ്ങൾക്ക് വിശ്രമം നൽകാനും കേടുപാടുകൾ തീർക്കാനുമുള്ള ശേഷിയാണിത്. എന്നാൽ, ഉറക്കക്കുറവ് കാരണം ഇതിന് സാധിക്കാതെവരികയും തന്മൂലം ആന്തരികമായോ ബാഹ്യമായോ ഉണ്ടാകുന്ന ഉത്തേജനങ്ങളോടുള്ള പ്രതികരണമായി അതിന്റെ പ്രവർത്തനം മാറ്റാനുള്ള കഴിവ് കുറയുകയും ചെയ്യുന്നു. ഇത് തലവേദനയ്ക്ക് കാരണമാകുന്നു.
ഉറക്കക്കുറവ് മാത്രമല്ല, അമിത ഉറക്കവും മൈഗ്രേന് കാരണമാകും. ഒരാഴ്ചത്തെ നഷ്ടപ്പെട്ട ഉറക്കം നികത്താൻ വാരാന്ത്യങ്ങളിൽ ഉറങ്ങുന്ന ശീലമുള്ള വ്യക്തികളിൽ ഉണ്ടാകുന്ന മൈഗ്രേന് വാരാന്ത്യമൈഗ്രേൻ എന്നുപറയാറുണ്ട്. അമിതമായ ഉറക്കം മൂലം സിറോടോനെർജിക് മെക്കാനിസം (serotonergic mechanism) ഉത്തേജിപ്പിക്കപ്പെടുകയും തന്മൂലം ക്ലാസിക് മൈഗ്രേനും പേശി സങ്കോചിക്കുന്നതുമൂലമുള്ള തലവേദനയും (Muscle contraction headache ) ഉണ്ടാകുകയും ചെയ്യും.
ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയയുമായി ബന്ധപ്പെട്ട് അതിരാവിലേയുണ്ടാകുന്ന തലവേദന സിപാപ് അല്ലെങ്കിൽ ബൈപാപിനോട് പ്രതികരിക്കുകയും ഒരുമാസത്തിനുള്ളിൽ പൂർണമായി പരിഹരിക്കുകയും ചെയ്യുന്നു. പോളിസോണോഗ്രാഫി തുടങ്ങിയ പരിശോധനകൾ ഇവ കണ്ടെത്താൻ സഹായിക്കും. ഈ രോഗാവസ്ഥയുള്ളവർ അമിതവണ്ണമുണ്ടെങ്കിൽ അത് കുറയ്ക്കുകയും വേണം.
തലവേദനയോടെ ഉറക്കത്തിൽനിന്ന് എഴുന്നേൽക്കുകയോ ഏതെങ്കിലും തരത്തിലുള്ള ഉറക്കപ്രശ്‌നങ്ങൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തണം.
ബയോ ഫീഡ്ബാക്ക് തെറാപ്പി
ടെൻഷൻ വർധിക്കുന്നത് തിരിച്ചറിയാൻ ഇത് സഹായിക്കുന്നു. ശരീരത്തിൽ പലതരം സെൻസറുകൾ ഘടിപ്പിച്ച് അതുവഴിയാണ് ഇത് തിരിച്ചറിയുക. തലവേദനയുണ്ടാകുമ്പോൾ ഹൃദയമിടിപ്പിലും ശ്വസനരീതിയിലും നാഡീമിടിപ്പിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ചെയ്യേണ്ടത്
ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ ഒരുപരിധിവരെ സാധാരണയായി കാണുന്ന ടെൻഷൻ തലവേദന, മൈഗ്രേൻ തുടങ്ങിയവ നിയന്ത്രിക്കാൻ സാധിക്കും. കൃത്യമായ ജീവിതചര്യകൾ പിന്തുടരുക. കൃത്യസമയത്ത് ഉറക്കം, ഭക്ഷണം, വ്യായാമം തുടങ്ങിയവ ശീലമാക്കുക.
ശരീരത്തിന്റെ ആവശ്യം മനസ്സിലാക്കി ധാരാളം വെള്ളം കുടിക്കുക.
മാനസികസമ്മർദം കുറയ്ക്കുക. റിലാക്‌സേഷൻ ടെക്നിക്കുകൾ, ഹോബികൾ എന്നിവ പിന്തുടരുക. തലവേദനയെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. സ്‌ക്രീൻ ടൈം കുറയ്ക്കുക
കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിൽ ഇഎൻടി & ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ആണ് ലേഖിക.
Content Highlights: Understand the causes and triggers of primary headaches like tension, migraine, and cluster headaches.