മുന്നറിയിപ്പൊന്നും കൂടാതെ പകർച്ചവ്യാധികൾ വീണ്ടും വരാം; അവസാന അഭിമുഖത്തിൽ ഡോ. വല്യത്താൻ പറഞ്ഞത്

#സി. സജിൽ
ഡോ. എം.എസ്. വല്യത്താൻ| Photo: Mathrubhumi
ഡോ. എം.എസ്. വല്യത്താൻ| Photo: Mathrubhumi

മലയാളികൾക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത ലോക പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താന്റെ മരണവാർത്ത ഇന്നുരാവിലെയാണ് പുറത്തുവന്നത്.    ബുധനാഴ്ച രാത്രി മണിപ്പാലിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിയുടെ ആദ്യ വി.സിയുമായിരുന്നു. ലോകം നേരിടുന്ന പ്രധാന ആരോഗ്യ വെല്ലുവിളികളെക്കുറിച്ച് 2024 ജനുവരിയിൽ മാതൃഭൂമി ആരോഗ്യമാസികയ്ക്ക് അദ്ദേഹം അനുവദിച്ച അഭിമുഖത്തിൽ നിന്ന്.
 
ആരോഗ്യസംബന്ധമായ അറിവുകൾ സോഷ്യൽമീഡിയയിലും മറ്റുമെല്ലാം വലിയ തോതിൽ ഇന്നത്തെ കാലത്ത് ലഭ്യമാണ്. ഇങ്ങനെയുള്ള ഇൻഫർമേഷൻ ഓവർലോഡ് എങ്ങനെയാണ് ആരോഗ്യരംഗത്തെ സ്വാധീനിക്കുന്നത്?

സമൂഹത്തിൽ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് അറിയാൻ താത്പര്യപ്പെടുന്നവർ ഏറെയുണ്ടാകും. അടിസ്ഥാന വിദ്യാഭ്യാസം നേടിയ ഒരു ജനസമൂഹമാകുമ്പോൾ പ്രത്യേകിച്ചും. രോഗങ്ങൾ, പരിശോധനകൾ, ചികിത്സ, വാക്സിനേഷൻ ഉൾപ്പെടെയുള്ള രോഗപ്രതിരോധ നടപടികൾ തുടങ്ങിയവയെക്കുറിച്ച് അറിയാൻ അവർ ആഗ്രഹിക്കും. ഈ സാമൂഹിക ആവശ്യം നിറവേറ്റാൻ പരിചയസമ്പന്നരായ ഡോക്ടർമാരും മാധ്യമങ്ങളും ബാധ്യസ്ഥരുമാണ്. ഒരു രോഗിയുടെ സംശയത്തിന് ഡോക്ടർ വ്യക്തിഗതമായി നൽകുന്ന മറുപടിപോലെയല്ല ഈ ഉത്തരവാദിത്വം.
കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ നമ്മൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം മാധ്യമങ്ങൾ വഴി ലഭിക്കുന്ന ആരോഗ്യസംബന്ധമായ വിവരങ്ങളുടെ അമിതഭാരമാണ്. അവ പലപ്പോഴും അവ്യക്തമോ അനുചിതമോ തെറ്റായതോ ആയിരിക്കാം. ആ വിവരങ്ങൾ വിശ്വസിച്ച് രോഗി സ്വന്തം നിലയിൽ പ്രയോഗിക്കുകയും ചെയ്തേക്കാം. അതുകൊണ്ടുതന്നെ രോഗനിർണയം, മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം എപ്പോഴും ശാസ്ത്രീയ അടിത്തറയുള്ളതാവണം. അവ ശാസ്ത്രീയ പഠനങ്ങളിൽനിന്നോ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലോ ലഭിക്കുന്നതാവണം. മയോക്ലിനിക്ക്പോലുള്ള സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന ശാസ്ത്രീയ ആരോഗ്യവിവരങ്ങൾ ഇന്റർനെറ്റിലൂടെ സൗജന്യമായി നൽകുന്നുണ്ട്. ഇത് മികച്ച മാതൃകയുമാണ്. ഏതെങ്കിലും ഒരു ഡോക്ടറുടെ അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള അറിവുകളോ നിഗമനങ്ങളോ അല്ല ഇവയെന്നത് ഏറെ പ്രസക്തമാണ്. ക്ലിനിക്കൽ പരീക്ഷണങ്ങളുടെയോ ശാസ്ത്രീയ പഠനങ്ങളുടെയോ അടിസ്ഥാനത്തിലുള്ള ഈ നിർദേശങ്ങൾ ഒട്ടേറെ ഡോക്ടർമാരുടെ അറിവുകൾ ഒന്നുചേരുന്നതിന്‌ തുല്യമാണ്.  ഇത്തരം അറിവുകൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുകയും ചെയ്യും. ഇന്ത്യയിൽ നടന്ന പരീക്ഷണങ്ങളുടെയോ പഠനങ്ങളുടെയോ അടിസ്ഥാനത്തിലുള്ള നിർദേശങ്ങളാണ് അഭികാമ്യം എങ്കിലും അവ പലപ്പോഴും ലഭ്യമല്ലെന്നോ ഇല്ലെന്നോതന്നെ പറയേണ്ടിവരും.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ച മെഡിക്കൽ സയൻസിന്റെത് മാത്രമല്ല. എൻജിനീയറിങ്, സയൻസ് തുടങ്ങി വിവിധ ശാഖകളുടെ കൂട്ടായ പ്രവർത്തനംകൂടിയാണല്ലോ? ടെക്നോളജിയിലുണ്ടായ ഈ വികസനം ചികിത്സയെ മെച്ചപ്പെടുത്താൻ എത്രത്തോളം സഹായിക്കുന്നുണ്ട്?

സാങ്കേതിക വിദ്യകളുടെ ഒരു ത്രിത്വമാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ  നിലനില്പിന്റെയും വളർച്ചയുടെയും അടിസ്ഥാനം. മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് ഈ ത്രിത്വം. ഈ കൈത്താങ്ങ് ദുർബലമായാൽ ആരോഗ്യരംഗം കുഴപ്പത്തിലാവും. വൈദ്യശാസ്ത്രം 19-ാം നൂറ്റാണ്ടിലേക്ക് തിരിച്ചുപോകുന്ന സ്ഥിതിവരും. ഇന്ത്യയിലെ സ്ഥിതി നോക്കിയാൽ മരുന്നുകളുടെയും വാക്സിനുകളുടെയും കാര്യത്തിൽ നമ്മൾ ലോകനിലവാരത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഇവയുടെ കയറ്റുമതിയിലും ഇന്ത്യയ്ക്ക് ആഗോളതലത്തിൽ അംഗീകാരമുണ്ട്. എന്നാൽ മെഡിക്കൽ ഉപകരണങ്ങളുടെ മേഖലയിൽ ഇന്ത്യയുടെ നേട്ടം ഇത്രയും മെച്ചപ്പെട്ടതല്ല.
മെഡിക്കൽ ഉപകരണങ്ങളിൽ കൈയുറ, തെർമോമീറ്റർ എന്നിവപോലെ ലളിതമായവയുണ്ട് (ക്ലാസ് എ, ബി). ഹൃദയത്തിലും തലച്ചോറിലും ആൻജിയോഗ്രഫി ചെയ്യാനുള്ള കത്തീറ്ററുകൾ, കൃത്രിമ സന്ധികൾ, ഹൃദയവാൽവ്, ബ്രയിൻ സ്റ്റിമുലേറ്റർ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങളുമുണ്ട് (ക്ലാസ് സി, ഡി). ഇവയിൽ എ, ബി  വിഭാഗത്തിൽപെട്ടവ ഇന്ത്യയിൽ നിർമിക്കുന്നുണ്ട്. കയറ്റുമതിയും ഇറക്കുമതിയുമൊക്കെ ചെയ്യുന്നുമുണ്ട്. അതേസമയം സി, ഡി വിഭാഗത്തിൽപ്പെട്ട ഉപകരണങ്ങളിൽ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഒരുവർഷം 46,000 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങളുടെ കാര്യത്തിൽ ഏതാനും മാസങ്ങൾക്കുമുൻപ്‌, കേന്ദ്രസർക്കാർ പുതിയൊരു നയം പ്രഖ്യാപിച്ചു. 12 വർഷത്തിനുള്ളിൽ സി, ഡി ക്ലാസ് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി 85 ശതമാനത്തിൽനിന്ന് 30 ശതമാനമായി കുറയ്ക്കണമെന്നാണ് അതിൽ പറയുന്നത്.

ആഗോള വിപണിയുടെ 12 ശതമാനം സ്വന്തമാക്കുക, 2030 ആകുമ്പോഴേക്കും മെഡിക്കൽ ഉപകരണങ്ങളുടെ വിപണി 11 ബില്യൺ യു.എസ്. ഡോളറിൽനിന്ന്  50 ബില്യൺ ആയും സ്വാതന്ത്ര്യലബ്ധിയുടെ ശതാബ്ദിയായ 2047- ഓടെ അത് 100 ബില്യണിലധികമായും ഉയർത്തുക എന്നതാണ്  ഇന്ത്യയുടെ ലക്ഷ്യം. തദ്ദേശീയമായി വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾ ഇന്ത്യയ്ക്കുപുറമേ മറ്റ് വികസ്വരരാജ്യങ്ങളിലും ലഭ്യമാവും. ആരോഗ്യമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുമെന്ന് മാത്രമല്ല, താങ്ങാവുന്ന വില സാധാരണക്കാർക്കും നേട്ടമായി മാറും. ആർ ആൻഡ് ഡി സെന്ററുകൾ, സർവകലാശാലകൾ തുടങ്ങിയവയ്ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള പിന്തുണ ഈ ലക്ഷ്യം നേടാൻ സഹായിക്കും.

 മനുഷ്യരാശിക്ക് മഹാമാരികൾ പുതിയ കാര്യമല്ല എങ്കിലും അടുത്തകാലത്ത് വലിയ മഹാമാരിയെ വീണ്ടും നേരിടേണ്ടിവന്നു. ഈ സാഹചര്യത്തിൽ ഭാവിയിൽ എന്തൊക്കെ മുൻകരുതലുകൾ ആവശ്യമായിവരും?  

ആഗോളതലത്തിൽ മൂന്ന് ദശലക്ഷം ജീവൻ അപഹരിക്കാനും അതിലും കൂടുതൽ രോഗാതുരത സൃഷ്ടിക്കാനും ഇടയാക്കിയ പകർച്ചവ്യാധിയായിരുന്നു കോവിഡ് 19. ഇതിനുമുൻപും വലിയ പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ‘സ്പാനിഷ് ഫ്ളൂ’ 20 ദശലക്ഷംപേരുടെ ജീവൻ അപഹരിച്ചതായാണ് കണക്കാക്കപ്പെടുന്നത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ മെഡിക്കൽ- സാമൂഹിക ഇടപെടലുകൾ വഴി നമ്മൾ കോവിഡ് മഹാമാരിയെ തടഞ്ഞുനിർത്തി. ലോകത്തിലെതന്നെ ഏറ്റവും വിപുലമായ വാക്സിൻ നയം നടപ്പാക്കിയതിലൂടെയാണ് ഈ വിജയം നേടിയത്  എന്നതാണ് ഏറ്റവും പ്രധാനം. പാശ്ചാത്യ രാജ്യങ്ങൾ ഒട്ടേറെ വാക്സിനുകൾ നിർമിച്ചപ്പോൾ ഇന്ത്യ രണ്ട് വാക്സിനുകൾ പുറത്തിറക്കി- തദ്ദേശീയമായ ഗവേഷണഫലങ്ങൾ അടിസ്ഥാനമാക്കി നിർമിച്ച കോവാക്സിൻ, അസ്ട്രാസെനെക്ക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള കോവിഷീൽഡ് എന്നിവ. കോവിഡിനെതിരേ എം.ആർ.എൻ.എ. വാക്സിൻ വികസിപ്പിച്ചതാണ് ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന്. ഇത് വാക്സിൻ വികസിപ്പിക്കാനെടുക്കുന്ന സമയം വർഷങ്ങളിൽനിന്ന് മാസങ്ങളായി കുറച്ചു.

പകർച്ചവ്യാധി നടമാടിയ കാലത്ത്, അതിനെ നിയന്ത്രിക്കുന്നതിൽ ലോകാരോഗ്യസംഘടനയും മറ്റ് ഗവേഷണ സ്ഥാപനങ്ങളും സ്ഥിരമായി നൽകിക്കൊണ്ടിരുന്ന നിർദേശങ്ങൾ വഹിച്ച പങ്ക് വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടില്ല. സാമൂഹികമായ പെരുമാറ്റം, മരുന്നുകളുടെ ഉപയോഗം, വാക്സിനുകളുടെ ശേഷി എന്നിവയെക്കുറിച്ചുള്ള ഈ നിർദേശങ്ങൾ പകർച്ചവ്യാധികളെ ഗണിതശാസ്ത്രമാതൃകയിൽ പഠിച്ചാണ് തയ്യാറാക്കിയത്. ഈമട്ടിലുള്ളൊരു പഠനം ഇന്ത്യയിൽ ഇല്ലെന്നുതന്നെ പറയാം. ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള ഈ നിർദേശങ്ങൾ വലിയതോതിൽ ഇന്ത്യക്കാർ സ്വീകരിച്ചു. എന്നാൽ ഇന്ത്യയിൽനിന്നുള്ള പഠനങ്ങളിലെ വിവരങ്ങൾ ഇവയിൽ  ലഭ്യമായിരുന്നില്ല എന്നത് തിരുത്തൽ ആവശ്യമുള്ള ഗൗരവമായ പരിമിതിയാണ്.

മുന്നറിയിപ്പൊന്നും കൂടാതെ പകർച്ചവ്യാധികൾ വീണ്ടും വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. കോവിഡ് 19 വൈറസ് ഒരു സ്വാഭാവിക വകഭേദമാണോ അതോ മനുഷ്യനിർമിതമാണോ എന്ന് നമുക്ക് ഇപ്പോഴും വ്യക്തമല്ല. അന്താരാഷ്ട്ര യാത്രകളും മറ്റും വളരെയേറെ നടക്കുന്ന കേരളത്തിൽ വൈറൽ രോഗങ്ങളുടെ നിരീക്ഷണം  കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് പോലുള്ള സ്ഥാപനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സാംക്രമിക രോഗങ്ങളെക്കുറിച്ചും മഹാമാരികളെക്കുറിച്ചും അവയുടെ വ്യാപനരീതിയെക്കുറിച്ചും ഗണിതശാസ്ത്ര മാതൃക ഉപയോഗിച്ച്‌ പഠിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ നൽകാൻ കഴിയുന്ന ഒരു സാംക്രമികരോഗ ഗവേഷണ കേന്ദ്രമെങ്കിലും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളിൽ തുടങ്ങാൻ നമുക്ക് കഴിയണം. ആഗോളതലത്തിൽ അംഗീകാരം ലഭിക്കുന്ന തരത്തിലായിരിക്കണം അത്.

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

ചെറുപ്പക്കാരിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് സംബന്ധിച്ച് അടുത്തകാലത്ത് ഏറെ ചർച്ചകളും പഠനങ്ങളും നടക്കുകയാണല്ലോ. എന്തുകൊണ്ടാവാം ഇത്തരം രോഗാവസ്ഥകൾ ഉണ്ടാകുന്നത്. എന്താണ് പരിഹാരം?

പ്രായം കൂടുമ്പോൾ കൊറോണറി ധമനിയുടെ ഭിത്തിയുടെ കട്ടികൂടുന്നതാണ് കൊറോണറി ആർട്ടറി രോഗത്തിന്റെ (സി.എ.ഡി.) കാരണമെന്ന് എല്ലാവർക്കുമറിയാം. ‘മനുഷ്യന് അവന്റെ ധമനികളോളം പ്രായമുണ്ട്’ എന്നൊരു ചൊല്ലുണ്ട്. ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന 1950- കളിൽ മനുഷ്യരുടെ ശരാശരി ആയുർദൈർഘ്യം ഏകദേശം 30 വർഷമായിരുന്നു. അന്ന് കൊറോണറി ആർട്ടറി രോഗമുള്ളവർ കുറവായിരുന്നു. എന്നാൽ ഇന്ന് ശരാശരി ആയുർദൈർഘ്യം 75 ന് മുകളിലാണ്.  കൊറോണറി ആർട്ടറി രോഗമുള്ളവരുടെ എണ്ണം കൂടുകയും ചെയ്തു. ചെറുപ്പക്കാരിലും സി.എ.ഡി. വരുന്ന സാഹചര്യവുമുണ്ട്. അതിനിടയാക്കുന്ന മറ്റ് കാരണങ്ങളും മനസ്സിലാക്കണം. തെക്കേ ഏഷ്യക്കാരിൽ കാണുന്ന മെറ്റബോളിക് സിൻഡ്രോം, പ്രമേഹം, പുകവലി എന്നിവയാണ് പ്രധാനം. എന്നാൽ ഇതുസംബന്ധിച്ച വിവരശേഖരണം അത്ര എളുപ്പമല്ല. ആശുപത്രികളുടെ സ്വമേധയായുള്ള പങ്കാളിത്തം, സാമ്പത്തിക, മാനേജ്മെന്റ് സൗകര്യങ്ങൾ, താത്പര്യത്തോടെ മുന്നിട്ടിറങ്ങുന്ന ഡോക്ടർമാർ എന്നിവയൊക്കെ ഇതിന് ആവശ്യമാണ്.

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ശിവശങ്കരൻ 2016-ൽ  നടത്തിയ പഠനത്തിൽ ഒരു  കണ്ടെത്തൽ ഉണ്ടായിരുന്നു. 40 വയസ്സിന് താഴെയുള്ള ഹാർട്ട് അറ്റാക്ക് രോഗികളിൽ 4.4 ശതമാനം പേർക്ക് കൊറോണറി ആർട്ടറിയിലൂടെ ബലൂൺ കത്തീറ്റർ കടത്തി രക്തക്കുഴലിലെ ബ്ലോക്ക് വന്ന ഭാഗം വികസിപ്പിച്ച് ഹൃദയപേശികളിലേക്ക് രക്തയോട്ടം വർധിപ്പിക്കുന്ന ചികിത്സ (ആൻജിയോപ്ലാസ്റ്റി) വേണ്ടിവരുന്നു എന്നതായിരുന്നു ആ കണ്ടെത്തൽ.

പുകവലി സി.എ.ഡി.ക്ക് കാരണമാകുന്നുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. 2016-ൽ 23 ശതമാനമായിരുന്ന പുകവലി 2020- ൽ 16 ശതമാനമായി കുറഞ്ഞുവെന്നുകാണാം. ഇത് അഭിനന്ദനീയമാണ്. എന്നാൽ ശ്രദ്ധേയമായ മറ്റൊരു മാറ്റം സി.എ.ഡി.ക്ക് വഴിയൊരുക്കുന്ന പ്രമേഹത്തിന്റെ വർധനയാണ്. 2010-ൽ ഇത് 14.6 ശതമാനമായിരുന്നു, എന്നാൽ ഇപ്പോൾ 22.6 ആയി ഉയർന്നു. ഇത് ചെറുപ്പക്കാരിൽ സി.എ.ഡി. കൂടുതലാകുന്നതിന് കാരണമാകും. സി.എ.ഡി., ഹൃദയാഘാതം എന്നിവയുമായി പ്രവേശിപ്പിക്കപ്പെടുന്ന 10 രോഗികളിൽ രണ്ടുപേർ എന്ന നിലയിൽ 20 വയസ്സിന് താഴെയുള്ളവരാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നിരീക്ഷണങ്ങളുണ്ട്. തമിഴ്നാട്ടിൽ സി.എ.ഡി. മൂലമുണ്ടാകുന്ന 24 ശതമാനം ഹൃദയാഘാതവും 45 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നത്.

അതിനാൽ ചെറുപ്പക്കാരിലെ ഹൃദയാഘാതം പെട്ടെന്ന് പരിഹാരം കണ്ടെത്താവുന്ന കാര്യമല്ല. ചെറുപ്പക്കാർ ഉൾപ്പടെയുള്ളവർ വ്യായാമത്തോട് കാണിക്കുന്ന വിമുഖതയാണ് മറ്റൊരു ഘടകം. സി.എ.ഡി. തടയുന്നതിൽ ശാരീരിക വ്യായാമത്തിന്റെ പങ്കിനെക്കുറിച്ച് ഊന്നിപ്പറയുന്നവരുടെ ആസ്ഥാനമായ മെഡിക്കൽ കോളേജ് കാമ്പസിൽപോലും വ്യായാമശീലമില്ലാത്ത പ്രവണത കാണാവുന്നതാണ്. ചെറുപ്പക്കാർക്കും പ്രായമായവർക്കും സുരക്ഷിതമായി നടക്കാനും ജോഗ് ചെയ്യാനും സൈക്കിൾ ഓടിക്കാനും കഴിയുന്ന പാർക്കുകൾ, സൈക്കിൾ പാതകൾ, ഹെൽത്ത് ക്ലബ്ബുകൾ മുതലായവ ആവശ്യമാണ്. എന്നാൽ ഇക്കാര്യം പലപ്പോഴും അധികൃതർ അവഗണിക്കുന്നു. അതുകൊണ്ട് അമിതവണ്ണമുള്ള ചെറുപ്പക്കാരുടെ എണ്ണം വർധിക്കുന്നതിൽ അതിശയിക്കാനില്ല, ഇതാവട്ടെ സി.എ.ഡി.യിലേക്ക്് നയിക്കുന്ന ശക്തമായ ഒരു കാരണവുമാണ്.

വിവിധ ചികിത്സാവിഭാഗങ്ങളുടെ സംയോജിച്ചുള്ള പ്രവർത്തനം എത്രത്തോളം മനുഷ്യരാശിക്ക് ഗുണകരമാകും. ഇത് എങ്ങനെയൊക്കെ യാഥാർഥ്യമാക്കാം?

പാശ്ചാത്യ വൈദ്യശാസ്ത്രം, ഇന്ത്യ, ചൈന, കൊറിയ എന്നിവിടങ്ങളിലെ പരമ്പരാഗത ചികിത്സാരീതികൾ തുടങ്ങി വിവിധ വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ പല രാജ്യങ്ങളിലും ഒരുമിച്ച് നിലനിന്നുപോരുന്നുണ്ട്. ഇന്ത്യയിലെ വൈദ്യശാസ്ത്രത്തെ ഏറെ സ്വാധീനിച്ചത് ബ്രിട്ടനും യു.എസും ആണ്. അവിടങ്ങളിൽ മുഖ്യധാരാ വൈദ്യശാസ്ത്രം ഹിപ്പോക്രാറ്റസിന്റെ പുരാതന പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വൈദ്യശാസ്ത്ര സമ്പ്രദായം അവർ അനുവദിക്കുന്നുണ്ടെങ്കിലും അവയ്ക്ക് രണ്ടാംസ്ഥാനം മാത്രമേയുള്ളൂ. സർക്കാരിന്റെ ലൈസൻസിങ് അതോറിറ്റിയുടെ നിയമങ്ങൾക്കനുസൃതമായി മാത്രമേ വൈദ്യശാസ്ത്രമേഖലയ്ക്ക് പ്രവർത്തിക്കാനുമാകൂ. അതിനാൽ തദ്ദേശീയവും വിദേശീയവുമായ ചികിത്സാസമ്പ്രദായങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും അവയെ സംയോജിപ്പിക്കാൻ ഒരുശ്രമവും നടക്കുന്നില്ല. ഇന്ത്യ മാത്രമാണ് പാശ്ചാത്യ വൈദ്യശാസ്ത്രത്തെ ആയുർവേദം, സിദ്ധ തുടങ്ങിയ ഇന്ത്യൻ സമ്പ്രദായങ്ങളുമായി സംയോജിപ്പിക്കാൻ ശ്രമിക്കുന്നത്. ഹോമിയോപ്പതിയെ കൂടി ഉൾപ്പെടുത്തി അത് വിപുലീകരിച്ചു. യോഗയും ഒരു വൈദ്യശാസ്ത്ര ശാഖയായി പരിഗണിക്കപ്പെടുന്നു!

വിവിധ വൈദ്യശാസ്ത്രശാഖകളുടെ സംയോജനപ്രവർത്തനങ്ങൾ സ്വാതന്ത്ര്യം ലഭിച്ചത് മുതൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. തുടർന്നുവന്ന ഓരോ സർക്കാരും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇന്ന് സംയോജിത വൈദ്യശാസ്ത്ര വകുപ്പുകൾ സ്ഥാപിക്കാൻ ബാധ്യസ്ഥവുമാണ്. ആയുർവേദത്തിന്റെയും മറ്റ് പരമ്പരാഗത ചികിത്സാ സംവിധാനങ്ങളുടെയും സ്ഥിതി പഠിക്കാൻ 2012-ൽ സർക്കാർ ശൈലജ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. പാശ്ചാത്യ വൈദ്യശാസ്ത്രവുമായുള്ള സംയോജനം, പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ ഗവേഷണം, അതിന്റെ ലക്ഷ്യങ്ങൾ, ക്ലിനിക്കൽ പ്രാക്ടീസ്, അക്കാദമിക് പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ചെല്ലാം ആ റിപ്പോർട്ട് ഒട്ടേറെ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ വിഷയങ്ങളിൽ ഒരു അഭിപ്രായം പറയാൻ എനിക്ക് ആവില്ല.

 ആന്റിബയോട്ടിക് റസിസ്റ്റൻസ് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണല്ലോ. ഈ പ്രതിസന്ധിയെ എങ്ങനെയാണ് നേരിടാനാവുക?

ചികിത്സ തുടങ്ങുന്നതിനുമുൻപ്, സൂക്ഷ്മാണുക്കൾക്ക് ആന്റിബയോട്ടിക്കുകളോടുള്ള സംവേദനക്ഷമത എത്രത്തോളമുണ്ടെന്ന് അറിയാനുള്ള, പരിശോധനകളാണ് മൂന്ന് പതിറ്റാണ്ടുമുൻപ് നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശേഷി സൂക്ഷ്മാണുക്കൾക്കുണ്ടോ എന്നറിയാനുള്ള പരിശോധനയാണ് നടത്തുന്നത്. ഈ മാറ്റം നമ്മൾ എവിടെയെത്തിനിൽക്കുന്നു എന്നതിന്റെ സൂചനയാണ്.

ബാക്ടീരിയകൾ അവയെ കൊല്ലാൻ നിർമിച്ച മരുന്നുകളെ പരാജയപ്പെടുത്താനുള്ള കഴിവ് നേടുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള അണുബാധകൾ ചികിത്സിക്കുക അസാധ്യമല്ലെങ്കിലും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രശ്നം വർധിച്ചുവരുന്നതിനാൽ ഇത് ഗൗരവമുള്ള പൊതുജനാരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. അതുകൊണ്ട് ഇത്തരം ബാക്ടീരിയകൾ എവിടെ, എപ്പോൾ ഉണ്ടാകുന്നു എന്ന് തിരിച്ചറിയേണ്ടത് ഇവയുടെ വ്യാപനം തടയാൻ ആവശ്യമാണ്. എന്നാൽ, കോവിഡ് 19 മഹാമാരിയുടെ വരവ് ഇത്തരം പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി.

ആന്റിബയോട്ടിക്കുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും ഇത് പലപ്പോഴും വിവേചനരഹിതവും അനാവശ്യവുമാണ്. അമേരിക്കയിൽ, ആന്റിബയോട്ടിക്കുകളുടെ 30 ശതമാനം ഉപയോഗവും അനാവശ്യമാണെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയിൽ സമാനമായ സ്ഥിതിവിവരക്കണക്കുകളൊന്നും ലഭ്യമല്ലെങ്കിലും അനാവശ്യമായ ഉപയോഗം കൂടുതലായിരിക്കുമെന്നാണ് അനുമാനം. ആന്റിബയോട്ടിക്കുകൾ, ആവശ്യമുള്ള രോഗികൾക്ക് മാത്രമായി കർശനമായി പരിമിതപ്പെടുത്തുകയാണ് ആന്റിബയോട്ടിക് പ്രതിരോധമുള്ള സൂക്ഷ്മാണുക്കളുടെ വ്യാപനം തടയാനുള്ള മാർഗം. അതേസമയം ബാക്ടീരികൾ ജനിതകവ്യതിയാനത്തിലൂടെ ആന്റിബയോട്ടിക്കുകളെ സ്വയം പ്രതിരോധിച്ചുകൊണ്ടിരിക്കും. ആന്റിബയോട്ടിക് പ്രതിരോധം നിയന്ത്രിക്കുന്നതിന് ആന്റിമൈറ്റോട്ടിക് മരുന്നുകൾ പരീക്ഷിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അവയുടെ ഭാരിച്ച ചെലവ്  ഗവേഷണശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.

കാലാവസ്ഥാമാറ്റങ്ങളും മലിനീകരണവും എങ്ങനെയൊക്കെയായിരിക്കും ഭാവിയിൽ മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുക?

വായു, ജലം, മണ്ണ് എന്നിവയുൾപ്പെട്ട പരിസ്ഥിതി, ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ അവസ്ഥകൾ കൂടുതൽ മോശമാക്കാനും സാധ്യതയുണ്ട്. വായുമലിനീകരണത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ തലസ്ഥാന നഗരത്തിൽ എല്ലാവർഷവും എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾ കാണുന്നുണ്ട്. വളരെ കുറഞ്ഞ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) ആണ് അവിടെയുള്ളത്. കൃഷി, ഭക്ഷ്യസുരക്ഷ നൽകുന്നുണ്ട്. എന്നാൽ അതിന്റെ ഭാഗമായി കുറ്റിക്കാടുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുക വായുവിനെ മലിനമാക്കുകയും ചെയ്യുന്നു.

മറ്റൊരു കാരണം, വ്യാവസായിക മലിനീകരമാണ്. എന്നാൽ, വ്യവസായം രാജ്യത്തിന്റെ സാമ്പത്തികവളർച്ചയ്ക്ക് അവശ്യഘടകവുമാണ്. വായുമലിനീകരണത്തിന്റെ പ്രത്യാഘാതം ഒബ്സ്ട്രക്ടീവ് ഡിസീസ് അല്ലെങ്കിൽ ശ്വാസകോശ അർബുദം, ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ ഗുരുതരമായ അവസ്ഥകളായാണ് പ്രത്യക്ഷപ്പെടുന്നത്. മലിനീകരണത്തിന്റെ കാരണങ്ങൾ അറിയാമെങ്കിലും ഒരു പരിഹാരം ഇതുവരെ നമുക്ക് കണ്ടെത്താനായിട്ടുമില്ല.

മലിനജലം സംസ്കരിക്കുന്നതിനുള്ള സംവിധാനത്തിന്റെ കുറവാണ് ജലമലിനീകരണത്തിന് ഇടയാക്കുന്നത്. സൂക്ഷ്‌മാണുസാന്നിധ്യത്താൽ മലിനമായ വെള്ളമാണ് ഉദരസംബന്ധമായ രോഗങ്ങളുടെ (Gastrointestinal Disorder) ഏറ്റവും സാധാരണമായ കാരണം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജലദൗർലഭ്യം അനുഭവപ്പെടുന്നതും വ്യവസായശാലകളിൽനിന്നുള്ള മാലിന്യങ്ങൾ ശരിയായി സംസ്കരിക്കാൻ കഴിയാത്തതും കുടിവെള്ളം മലിനമാകുന്നതിനിടയാക്കുന്നു. ജലമലിനീകരണം വലിയതോതിൽ ദഹനേന്ദ്രിയ പ്രശ്നങ്ങൾക്കും ചർമരോഗങ്ങൾക്കും ഇടയാക്കുന്നു. ജലസംസ്കരണ രീതികളെക്കുറിച്ച് അറിവുണ്ടെങ്കിലും അവ നടപ്പിലാക്കുന്ന കാര്യത്തിലാണ് വീഴ്ച വരുന്നത്. ആഗോളതാപനം, ജലക്ഷാമം വർധിപ്പിക്കുകയും ജലശുദ്ധീകരണം കൂടുതൽ ദുഷ്കരമാക്കുകയും ചെയ്യും.

വ്യാവസായിക-കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണും മലിനമാക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ചും മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാത്തതും ജലാശയങ്ങളിൽ അവ തള്ളുന്നതും മലിനീകരണത്തിന്റെ തോത് കൂട്ടുന്നു. ഇവയിൽനിന്ന് വിഷവസ്തുക്കൾ മണ്ണിലേക്ക് കലരുകയും മനുഷ്യർക്കും മൃഗങ്ങൾക്കും ഭീഷണിയായി മാറുകയും ചെയ്യുന്നു. ആർസെനിക് പോലുള്ള വിഷമൂലകങ്ങൾ മണ്ണിലേക്ക് എത്തുന്നത് ഗുരുതരമായ ചർമപ്രശ്നങ്ങൾക്കും കാൻസറിനും കാരണമാകാം. സന്തോഷകരമായ ഭാവിയിലേക്കുള്ള യാത്രയിൽ എന്തൊക്കെ പിഴവുകൾ പ്രതിബന്ധമാകാം എന്നതിന്റെ രൂപരേഖ മാത്രമാണിത്.

ആധുനിക വൈദ്യശാസ്ത്രം ആയുർവേദത്തെ എങ്ങനെയൊക്കെയാണ് ഉൾക്കൊള്ളേണ്ടത്. പുതിയ ജീവിതസാഹചര്യത്തിൽ അതിനുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് വിശദമാക്കാമോ?

ആയുർവേദവും അതിന്റെ മുൻഗാമിയായ അഥർവവേദ വൈദ്യവും ബുദ്ധമത ചികിത്സയും വേദകാലം മുതൽ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾ പ്രയോജനപ്പെടുത്തിയിരുന്നു. ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിൽ ആയുർവേദത്തിന് എല്ലായ്പോഴും വലിയ പ്രാധാന്യമുണ്ട്.
രണ്ടാമത്തെ കാര്യം, ഇത് മെഡിക്കൽ ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കുമുള്ള ചില സൂചനകൾ നൽകുന്നു എന്നതാണ്. പ്രത്യേകിച്ചും നാഡീ, ചലന സംബന്ധമായ ഡീജനറേറ്റീവ് രോഗങ്ങളിൽ.  മൂന്നാമതായി ചരകൻ, സുശ്രുതൻ, പുരാതന സംസ്കൃതിയുടെ മറ്റ്‌ മികച്ച പ്രയോക്താക്കൾ  എന്നിവരുമായി നേരിട്ട് നമ്മളെ ബന്ധിപ്പിക്കാൻ  ആയുർവേദം സഹായിക്കുന്നു.

ആയുർവേദത്തിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണോ? ആയുർവേദിക്  ബയോളജി എന്നതുകൊണ്ട് അർഥമാക്കുന്നത് എന്താണെന്ന് വിശദമാക്കാമോ?

ഗ്രാസിയ ഡ ഒർട്ട എന്ന പോർച്ചുഗീസ് വൈദ്യൻ 16-ാം നൂറ്റാണ്ടിൽ 30 വർഷത്തോളം ഗോവയിൽ സ്ഥിരതാമസമാക്കി വൈദ്യം പരിശീലിച്ചിരുന്നു. അദ്ദേഹം രോഗങ്ങളെ നിരീക്ഷിക്കുകയും തദ്ദേശീയരായ വൈദ്യന്മാർ എങ്ങനെയാണ് ആ രോഗങ്ങളെ ചികിത്സിക്കുന്നതെന്ന്  മനസ്സിലാക്കുകയും ചെയ്തു.  ഇന്ത്യയിലെ തദ്ദേശീയമായ ഔഷധങ്ങളെക്കുറിച്ച് അദ്ദേഹം ലാറ്റിൻ ഭാഷയിൽ ശ്രദ്ധേയമായ ഗ്രന്ഥം തയ്യാറാക്കുകയും ചെയ്തു. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള ഇത്തരം അറിവുകൾ ഇന്ത്യയിലേക്ക് എത്തിയ യൂറോപ്യൻ ഫിസിഷ്യൻമാർക്ക് ഏറെ പ്രയോജനകരമായിരുന്നു. ഈ ശാസ്ത്രശാഖയെ പ്ലാന്റ് ടാക്സോണമി (Plant taxonomy) എന്നാണ് വിശേഷിപ്പിക്കുന്നത്. യഥാർഥത്തിൽ യൂറോപ്യന്മാർക്ക് ടാക്സോണമിയിൽ മാത്രമേ താത്‌പര്യമുണ്ടായിരുന്നുള്ളൂ, ആയുർവേദത്തിലെ രോഗനിർണയവും ചികിത്സയും അവർ ശ്രദ്ധിച്ചില്ല. എന്നാൽ പിന്നീടുള്ള  മൂന്ന് നൂറ്റാണ്ടുകളിൽ നടന്ന ആയുർവേദ ഗവേഷണങ്ങൾക്കുള്ള അടിത്തറയായിരുന്നു ഈ പഠനങ്ങൾ.

ഇരുപതാം നൂറ്റാണ്ടിൽ സർ. രാംനാഥ് ചോപ്ര ആയുർ വേദത്തിൽ ഔഷധശാസ്ത്ര പഠനങ്ങളും തദ്ദേശീയ ഔഷധ വികസനവും അവതരിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ഡി.എൻ.എ. ഘടനയായ ഡബിൾ ഹെലിക്സിന്റെ മഹത്തായ കണ്ടെത്തൽ നടത്തിയപ്പോൾ, അത് ആയുർവേദം ഉൾപ്പെടെയുള്ള ജൈവ, വൈദ്യശാസ്ത്ര ഗവേഷണങ്ങളെ സ്വാധീനിച്ചു. മോളിക്യുലാർ ബയോളജിയെ അടിസ്ഥാനമാക്കിയുള്ള ജൈവശാസ്ത്ര ഗവേഷണത്തിന്റെ ഒരു പുതിയ ശാഖയാണ് ആയുർവേദിക് ബയോളജി. ബയോളജിക്കൽ ഗവേഷണവും ആയുർവേദിക് ബയോളജി ഗവേഷണവും തമ്മിലുള്ള ഒരേയൊരു വ്യത്യാസം രണ്ടാമത്തേത് എല്ലായ്പോഴും ആയുർവേദത്തിൽനിന്ന് ഉണ്ടാകുന്ന സൂചനകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ്. ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് 2006-ൽ ആയുർവേദ ജീവശാസ്ത്രത്തെക്കുറിച്ച് ഒരു വിഷൻ ഡോക്യുമെന്റ് പ്രസിദ്ധീകരിച്ചിരുന്നു. വലിയ കണ്ടെത്തലുകൾക്ക് സാധ്യത തുറക്കുന്ന ഈ പുതിയ വിഷയത്തെക്കുറിച്ച് നിരവധി പ്രബന്ധങ്ങൾ പ്രധാന ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിലവിൽ ആയുർവേദ ജീവശാസ്ത്ര ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന കേന്ദ്രങ്ങളിൽ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (ബി.എച്ച്.യു), മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ (എം.എ.എച്ച്.ഇ.), യൂണിവേഴ്സിറ്റി ഓഫ് ട്രാൻസ്ഡിസിപ്ലിനറി ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജി (ടി.ഡി.യു.), പുണെ യൂണിവേഴ്സിറ്റി എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഗവേഷണങ്ങൾ ഫലംകാണാൻ എത്രകാലം വേണ്ടിവരും എന്നത് പ്രധാന ചോദ്യമാണ്. ആയുർവേദ ജീവശാസ്ത്ര ഗവേഷണം പ്രായോഗിക തലത്തിൽ എത്തുന്നതിന് ഒരു പതിറ്റാണ്ട് തന്നെ എടുത്തേക്കാം.

 പുതിയ സാഹചര്യത്തിൽ ആരോഗ്യകരമായ ജീവിതം നയിക്കാൻ എന്തൊക്കെ കാര്യങ്ങളിൽ ശ്രദ്ധിക്കണം?

1970-കളിൽ, ജി.ഡി.പി.യുടെ കാര്യത്തിൽ കേരളം ഏറ്റവും താഴെയുള്ള 10 ശതമാനത്തിൽ നിൽക്കുമ്പോഴാണ് അച്യുതമേനോൻ ഗവണ്മെന്റ് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസും മറ്റ് സ്വയംഭരണ ശാസ്ത്രസ്ഥാപനങ്ങളും തുടങ്ങുന്നത്. 2020-കളിൽ, സംസ്ഥാന ജി.ഡി.പി.യുടെ ആദ്യ പത്ത് ശതമാനത്തിലേക്ക് കേരളം കുതിച്ചുയർന്നു.

എന്നാൽ, കഞ്ഞിയിലെ പാറ്റ എന്ന മട്ടിൽ നേട്ടങ്ങളുടെ വഴിമുടക്കുന്ന ചില കാര്യങ്ങളും നിലനിൽക്കുന്നു. ചെറുപ്പക്കാർക്കിടയിൽ സൈക്കോട്രോപിക് മരുന്നുകളുടെയും ആന്റിഡിപ്രസന്റുകളുടെയും ഉപയോഗം കൂടിയിരിക്കുന്നു. അപ്പോൾ സമ്പന്നമായ കേരളം സന്തുഷ്ടമാണെന്ന് നമുക്ക് ശരിക്കും പറയാൻ കഴിയുമോ?

ചെറുപ്പക്കാർക്കിടയിലെ ആത്മഹത്യാനിരക്കിൽ നാം തമിഴ്നാടിനുപിന്നിൽ രണ്ടാംസ്ഥാനത്താണെന്നും ഓർക്കുക. സന്തോഷമില്ലാതെ, ആരോഗ്യം ഒരു മരീചികയല്ലാതെ മറ്റൊന്നുമല്ല. നമ്മുടെ നയങ്ങളിലും പ്രവർത്തനങ്ങളിലും നാം പഠിക്കുകയും സ്വാംശീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യേണ്ട ഒരു പാഠമാണിത്.

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: dr ms valiathan interview