കോവിഡിനു ശേഷം ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക് കൂടിയോ? വൈറസ് ഹൃദയത്തെ ബാധിക്കുന്നതെങ്ങനെ?

ലോകത്താകെ ഏഴ് ദശലക്ഷം ആളുകളുടെ ജീവനാണ് കോവിഡ് വൈറസ് അപഹരിച്ചത്. 2024 ഏപ്രിൽ വരെയുള്ള കണക്കുപ്രകാരമാണിത്. 2025 ൽ കോവിഡ് വ്യാപനം ഏറെക്കുറെ പൂർണമായി കുറഞ്ഞെങ്കിലും ഇപ്പോഴും കോവിഡ് എന്ന വാക്ക് ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്.
കോവിഡ് ബാധ എപ്രകാരമാണ് മരണത്തിന് കാരണമാകുന്നത് എന്നതിനെപ്പറ്റിയുള്ള ആദ്യകാല ഗവേഷണങ്ങൾ ഇറ്റലിയിലും ചൈനയിലുമാണ് നടന്നത്. ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് 2020 മാർച്ചിൽ പ്രസിദ്ധീകരിച്ച പഠനഫലങ്ങളിലൂടെയാണ് കോവിഡ് ബാധ മരണത്തിന് കാരണമാകുന്നു എന്നതിനെപ്പറ്റിയുള്ള വിശദവിവരങ്ങൾ ആദ്യമായി ലോകം അറിയുന്നത്. മരിച്ച ഭൂരിഭാഗം രോഗികളും മറ്റേതെങ്കിലും തരത്തിലുള്ള അനുബന്ധ രോഗങ്ങൾക്ക് ചികിത്സിക്കപ്പെടുന്നവരാണെന്ന് കണ്ടെത്തി. അമിത രക്തസമ്മർദം (76.1 ശതമാനം), ഹൃദ്രോഗം (33 ശതമാനം), കൃത്യമല്ലാത്ത ഹൃദയമിടിപ്പ് (25 ശതമാനം), പ്രമേഹം (35 ശതമാനം) കാൻസർ (20 ശതമാനം), വൃക്കരോഗം (18 ശതമാനം), വിവിധ ശ്വാസകോശ രോഗങ്ങൾ (13.2 ശതമാനം), മസ്തിഷ്കാഘാതം (9.6 ശതമാനം), മറവിരോഗം (6.8 ശതമാനം), ബാക്കിയുള്ളവർ കരൾ രോഗികളായിരുന്നു. കോവിഡ് ബാധയും മരണവുമായി ബന്ധപ്പെടുത്തി ചൈനയിൽ നടത്തിയ ബൃഹത്തായ പഠനം 2020 ഫെബ്രുവരി ഏഴിന് ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ചു, 72314 കോവിഡ് ബാധിതരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ഭൂരിഭാഗം ആൾക്കാരും മരിച്ചത് ശ്വാസകോശരോഗങ്ങളാലും അതുമൂലം വഷളായ ഹൃദ്രോഗത്താലുമാണെന്ന് കണ്ടെത്തി.
ലാൻസെറ്റിലും മറ്റിതര വൈദ്യശാസ്ത്ര ജേണലുകളിലും പ്രസിദ്ധീകരിച്ചിട്ടുള്ള ബൃഹത്തായ പഠനങ്ങൾ കോവിഡ് ബാധയും ഹൃദ്രോഗവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വെളിച്ചത്തുകൊണ്ടുവന്നു. കോവിഡ് ബാധ രോഗനിർണയം ചെയ്തതിനുശേഷമുള്ള ആദ്യരണ്ട് ആഴ്ചകളിൽ ഹാർട്ട് അറ്റാക്കും സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത മൂന്ന് മടങ്ങാണെന്നാണ് 2021-ലെ ലാൻസെറ്റ് പഠനപ്രകാരം വ്യക്തമാകുന്നത്. അതുപോലെ മറ്റ് പഠനങ്ങളിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത എട്ട് ഇരട്ടിയും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ആറ് ഇരട്ടിയുമായി കണ്ടു. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ മിതമായ കോവിഡ് ബാധ ഉണ്ടായവർക്കും ഹാർട്ട് അറ്റാക്കും സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത രോഗം തുടങ്ങി മൂന്ന് വർഷത്തോളം ഏറിനിൽക്കുന്നതായി തെളിഞ്ഞു. തീവ്രമായ കോവിഡ് ബാധയുണ്ടായവരിൽ ഈ രോഗസാധ്യത നാലിരട്ടിയായി കണ്ടു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ പഠനഫലങ്ങൾ പരിഷ്കരിച്ച് 2025 ഓഗസ്റ്റ് 20 ന് വീണ്ടും പ്രസിദ്ധീകരിക്കുകയുണ്ടായി.
ഹൃദയാഘാതം പ്രതിരോധിക്കാൻ ഏതുപ്രായത്തിൽ പരിശോധന തുടങ്ങണം?, സമ്മർദം കരുതുന്നതിനേക്കാൾ അപകടകാരി
ഹൃദയത്തെ ബാധിക്കുന്നത് രണ്ട് വിധത്തിൽ
കോവിഡ് രണ്ട് തരത്തിലാണ് ഹൃദ്രോഗതീവ്രത ഉണ്ടാക്കുന്നത്. ഒന്ന്, നേരത്തേ ഹൃദയസംബന്ധമായ ഒരു രോഗവുമില്ലാത്തവരിൽ പുതുതായി ഉണ്ടാകുന്ന ഹൃദയാഘാതം. രണ്ടാമത്തെത്, ഹൃദ്രോഗം മുൻപേ തിരിച്ചറിഞ്ഞവരിലും അതിനുള്ള സാധ്യതയുള്ളവരിലും ഹാർട്ട് അറ്റാക്ക് ഉണ്ടായി അപകടാവസ്ഥയിലേക്ക് നയിക്കുന്നു. മഹാമാരിയുടെ ആദ്യഘട്ടങ്ങളിൽ 59 ശതമാനംപേരും മരിച്ചത് മയോകാർഡൈറ്റിസ് എന്ന ഗുരുതരമായ ഹൃദ്രോഗത്തെ തുടർന്നാണ്. ന്യുമോണിയ സംബന്ധമായ ലക്ഷണങ്ങളുമായി തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ നടന്ന വിശദമായ പരിശോധനകൾ തീവ്രമായ ഹൃദയപരാജയമുള്ള രോഗികളെയാണ് കൂടുതൽ കണ്ടെത്തിയത്. ഇക്കൂട്ടർക്ക് കൊറോണബാധയ്ക്കുമുൻപ് ഒരുവിധ ഹൃദ്രോഗവുമില്ലായിരുന്നു. വൈറസ് ബാധയുണ്ടായപ്പോൾ ന്യുമോണിയയ്ക്ക് പുറമേ ഹൃദയപേശികളുടെ സമൂലമായ സങ്കോചക്ഷയത്തിനും കാരണമായ വീക്കമാണുണ്ടായത്. അങ്ങനെ ഹൃദയപേശികളിലെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ഭംഗം വന്ന് ഹൃദയ അറകളുടെ പമ്പിങ് ശേഷി നഷ്ടപ്പെടുന്നു. ഇതും ഗുരുതരമായ ഹൃദയപരാജയത്തിലേക്ക് നയിക്കുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിയവരിൽ മയോകാർഡൈറ്റിസിന്റെ സങ്കീർണതകൾ സമുചിതമായി ചികിത്സിക്കപ്പെട്ട് രോഗതീവ്രത കുറയ്ക്കുകയുണ്ടായി. എന്നാൽ പലരും മരണത്തിന് കീഴടങ്ങി. മയോകാർഡൈറ്റിസ് കൂടാതെ കാർഡിയോജെനിക് ഷോക്ക്, താളംതെറ്റിയ ഹൃദയമിടിപ്പ്, കാർഡിയോ മയോപ്പതി തുടങ്ങിയ ഗുരുതരമായ ഹൃദ്രോഗാവസ്ഥകളും കോവിഡിന്റെ സങ്കീർണതകളായി ഉണ്ടായി.
പോസ്റ്റ് കോവിഡ് അല്ലെങ്കിൽ ലോങ് കോവിഡ് എന്താണ്?
കോവിഡ് രോഗം സുഖപ്പെട്ടാലും ദീർഘനാളത്തേക്ക് ശരീരത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകളാണവ. കോവിഡ് ബാധിതരിൽ രണ്ട് നാല് ആഴ്ചകൾക്കുള്ളിൽ രോഗശമനമാകുന്നു. ചിലരിൽ ആദ്യത്തെ വൈറസ്ബാധ അടങ്ങിയിട്ടും നാല് മുതൽ 12 ആഴ്ചകൾക്കിടയിൽ ലക്ഷണങ്ങൾ തുടരുകയോ പുതുതായി തുടങ്ങുകയോ ചെയ്യാം. 12 ആഴ്ചകൾക്ക് ശേഷവും തുടരുന്ന ലക്ഷണങ്ങൾ ലോങ് കോവിഡ് എന്നറിയപ്പെടുന്നു. ലോങ് കോവിഡിന്റെ ലക്ഷണങ്ങൾ ഇവയൊക്കെയാണ്:
- ദീർഘകാല ക്ഷീണവും തളർച്ചയും.
- ശ്വാസതടസ്സം.
- വർധിച്ച നെഞ്ചിടിപ്പ്.
- നെഞ്ചുവേദന.
- പേശികളുടെയും സന്ധികളുടെയും വേദന.
- തുടർച്ചയായ ചുമ.
- ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ലോങ് കോവിഡ്
- രോഗം ഭേദമായിട്ടും മയോകാർഡൈറ്റിസിന്റെ ലക്ഷണങ്ങൾ കാണുക.
- ക്രമംതെറ്റിയ വേഗത്തിലുള്ള നെഞ്ചിടിപ്പ്.
- ഹൃദയപരാജയം.
- രക്തസമ്മർദം കൂടുതലാവുക.
കോവിഡും ചെറുപ്പക്കാരിലെ ഹാർട്ട് അറ്റാക്കും
കോവിഡ് ബാധയ്ക്ക് ശേഷമുള്ള കാലയളവിൽ ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക് വർധിച്ചുകാണുന്നതായി പഠനങ്ങൾ സ്ഥിരീകരിച്ചു. കോവിഡിനുശേഷം 30-40 വയസ്സുകാരിൽ ഹൃദയാഘാതം വർധിച്ചുകാണുന്നതായി വിവിധ പഠനങ്ങൾ തെളിയിച്ചു. ഇന്ത്യയിലെ ടെർഷിയറി ഹോസ്പിറ്റൽ ഡേറ്റ (റഫറൽ ആശുപത്രി) അനുസരിച്ച് 2021-23 കാലഘട്ടത്തിൽ കോവിഡിനുശേഷം 40 വയസ്സിന് താഴെയുള്ളവരിൽ ഹാർട്ട്അറ്റാക്ക് ശ്രദ്ധേയമായി ഉയർന്നുകണ്ടതായി റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ സിഡിസി (സെന്റർ ഫോർ ഡിസീസ് കൺട്രോൾ) കോവിഡിനുശേഷമുള്ള 2022 കാലയളവിൽ യുവാക്കളിൽ ഹാർട്ട് അറ്റാക്ക് 2-3 മടങ്ങ് ഉയർന്നതായി കണ്ടുപിടിച്ചു. അതുപോലെ യുകെ ബയോബാങ്ക് സ്റ്റഡി കോവിഡ് കഴിഞ്ഞ് 12 മാസങ്ങൾക്കുള്ളിൽ ഹാർട്ട് അറ്റാക്കും സ്ട്രോക്കും 50 ശതമാനം വരെ വർധിച്ചതായി കണ്ടു.
കോവിഡിന് ശേഷം ഹൃദയാരോഗ്യം സമഗ്രമായി നിലനിർത്താൻ എന്തു ചെയ്യണം?
ശരീരസംരക്ഷണം
ദിവസവും കുറഞ്ഞത് 7-8 മണിക്കൂർ ഉറക്കം.
സ്ഥിരമായ വ്യായാമപദ്ധതികൾ (മിതമായ എയ്റോബിക് വ്യായാമ പരിപാടികളാണ് അഭികാമ്യം. കഠിനമായ വർക്ക് ഔട്ടുകൾ ചെയ്യരുത്. ശരീരത്തിന് യോജിച്ചവ തിരഞ്ഞെടുക്കണം).
ഏറെ പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന സമീകൃതാഹാരം കഴിക്കുക.
ഫാസ്റ്റ് ഫുഡ്, എണ്ണ കൂടുതലായുള്ള വറുത്ത ഭക്ഷണ പദാർഥങ്ങൾ, പഞ്ചസാര എന്നിവ കഴിവതും ഒഴിവാക്കുക.
ഹൃദയസംരക്ഷണം
- കോവിഡ് വന്നിട്ടുള്ളവർ നെഞ്ചുവേദന, വർധിച്ച നെഞ്ചിടിപ്പ്, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ വേഗം തന്നെ വൈദ്യസഹായം തേടുക.
- രക്തസമ്മർദം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര തുടങ്ങിയവ നിയന്ത്രണവിധേയമാക്കുക.
- കൃത്യമായ കാലയളവിൽ കാർഡിയോളജി പരിശോധനകൾ (എക്കോ, ടിഎംടി) ചെയ്യുക.
ശ്വാസകോശാരോഗ്യം
- തുടർച്ചയായ ചുമ, ശ്വാസംമുട്ടൽ ഉണ്ടായാൽ പൾമണോളജിസ്റ്റിനെ കാണുക.
- പുകവലി ഒഴിവാക്കുക.
മാനസികാരോഗ്യം
- കോവിഡ് കഴിഞ്ഞ് പലർക്കും ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ് ഉണ്ടാകാം.
- മെഡിറ്റേഷനും യോഗയും സുഹൃത്തുക്കളുമായുള്ള ഇടപെടലുകളും സാഹചര്യങ്ങൾ മെച്ചപ്പെടാൻ സഹായിക്കും.
കോവിഡ് ഹൃദയത്തെയും ധമനികളെയും ബാധിക്കുന്നതെങ്ങനെ?
- കോവിഡ് വൈറസിന്റെ ആക്രമണത്തെ തടയാനായി ശരീരത്തിലെ പ്രതിരോധസംവിധാനങ്ങൾ സജീവമാകുന്നു. തത്ഫലമായി സൈറ്റോകൈനുകൾ എന്ന മാംസ്യകണികകളുടെ ഒരു പ്രളയംതന്നെ ശരീരത്തിലുണ്ടാകുന്നു. സൈറ്റോകൈനുകളുടെ ഈ പ്രളയം ശരീരമാസകലം നീർവീക്കമുണ്ടാക്കുന്നു. അത് ആരോഗ്യമുള്ള ശരീരകലകളെയെല്ലാം (ഹൃദയം, കരൾ, വൃക്കകൾ) നശിപ്പിക്കുന്നു. ഇത് ഹൃദയപേശീവീക്കത്തിനും ഹൃദയപരാജയത്തിനും കാരണമാകുന്നു.
- വൈറസ് ഹൃദയപേശികളിൽ കയറി നേരിട്ട് കോശങ്ങളെ നശിപ്പിക്കുന്നു.
- രക്തം കട്ടപിടിക്കാനുള്ള പ്രവണത പൊതുവേ കൂടുന്നു. ഇത് ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, പൾമണറി എംബോളിസം എന്നിവയ്ക്ക് കാരണമാകുന്നു.
- ഗുരുതരമായ ശ്വാസകോശരോഗബാധമൂലം രക്തത്തിലെ പ്രാണവായുവിന്റെ അളവ് സാരമായി കുറയുന്നു.
- സ്പന്ദനപ്രക്രിയയിലെ താളംതെറ്റലും മാരകമാകാം.
കോവിഡ്ബാധ ഹാർട്ട് അറ്റാക്കിന് കാരണമാകുന്ന വിധം
കോവിഡ്ബാധ ഹാർട്ട് അറ്റാക്കിന് കാരണമാകുന്നത് ഏറെ സങ്കീർണമായ പാതയിലൂടെയാണ്. ഹൃദയത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും മരവിപ്പിക്കുന്നുവെന്ന് വേണമെങ്കിൽ പറയാം.
- ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നു.
- ഹൃദയപേശികളുടെ സമൂലമായവീക്കംമൂലം മയോകാർഡൈറ്റിസ് ഉണ്ടാകുന്നു.
- ഹൃദയ അറകളുടെ സങ്കോചനക്ഷയവും ഹൃദയപരാജയവും സംഭവിക്കുന്നു.
- സ്പന്ദനക്രമത്തിലെ താളംതെറ്റൽ.
- ഹൃദയസഞ്ചിക്കുള്ളിൽ ദ്രാവകം നിറയുന്നു (പെരികാർഡിയൽ എഫ്യൂഷൻ)
- പൊതുവായി രക്തക്കട്ടകൾ ഉണ്ടാകുന്നതിന്റെ ഭാഗമായി അവ ശ്വാസകോശധമനികളിൽ അടിഞ്ഞുകൂടി ശ്വാസതടസ്സമാകുന്നു.
കൊച്ചി ലൂർദ് ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ആണ് ലേഖകൻ.
Content Highlights: Explore the link between Covid-19 and heart attack risk, highlighting research findings from Italy, China, and the United States.