വിഷുസദ്യ മാത്രമല്ല, ആഘോഷത്തിന് ഒരു വിഷുക്കഞ്ഞികൂടി ആയാലോ

വിഷുസദ്യ എന്നൊക്ക കേട്ടിട്ടുണ്ടെങ്കിലും വിഷുക്കഞ്ഞിയെന്താണെന്ന് പലര്‍ക്കും വലിയ ധാരണ കാണില്ല. വിഷുവിന് മധ്യകേരളത്തില്‍ തയ്യാറാക്കുന്ന പ്രധാന വിഭവങ്ങളിലൊന്നാണ് വിഷുക്കഞ്ഞി. വിഷുക്കട്ടയാണ് ചിലനാടുകളില്‍ ഈ ആഘോഷവേളയോടനുബന്ധിച്ച് തയ്യാറാക്കുക. വിഷുദിനത്തില്‍ രാവിലെയും വൈകീട്ടും വിഷുക്കഞ്ഞി തയ്യാറാക്കി കഴിക്കുന്നവരുണ്ട്.
വിഷുക്കഞ്ഞി തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
പച്ചരി - 1കിലോ
വന്‍പയര്‍ - അരക്കിലോ
ശര്‍ക്കര - 1 കിലോ
തേങ്ങാപ്പാല്‍ - രണ്ട് വലിയ തേങ്ങയുടേത് (ഒന്നാം പാലും രണ്ടാംപാലുമെല്ലാം വേര്‍തിരിക്കണം)
ഏലയ്ക്ക
ജീരകം
നെയ്യ്
കശുവണ്ടിപ്പരിപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയില്‍ ആദ്യം പയര്‍ വറുത്തെടുക്കുക. കഴുകിവച്ചിരിക്കുന്ന പച്ചരിക്കൊപ്പം പയര്‍കൂടി ചേര്‍ത്ത് രണ്ടാം പാലൊഴിച്ച് വേവിക്കാം. പാല്‍ കുറവെന്ന് തോന്നിയാല്‍ മാത്രം വെള്ളം ചേര്‍ക്കാം. അരി വെന്തുകഴിയുമ്പോള്‍ ഇതിലേക്ക് ശര്‍ക്കര ഉരുക്കിയത് ചേര്‍ക്കുക.
അരിയും പയറും ശര്‍ക്കരയും ചേര്‍ന്ന് കഞ്ഞിയുടെ രൂപത്തിലാകുമ്പോള്‍ ഏലയ്ക്കയും ജീരകവും പൊടിച്ചത് ചേര്‍ക്കാം. ശേഷം നെയ്യില്‍ വറുത്തെടുത്ത കശുവണ്ടിപ്പരിപ്പ് ചേര്‍ക്കുക. ഇതെല്ലാം ഒന്നിളക്കിയ ശേഷം ഒന്നാം പാല്‍ ചേര്‍ക്കുക. വിഷുക്കഞ്ഞി തയ്യാര്‍.
Content Highlights: Kerala Vishukkanji recipe