ശ്രീലങ്കന്‍ പ്രോണ്‍സ് കറി

ഉരുളക്കിഴങ്ങും കാരറ്റും ഒക്കെ ചേര്‍ത്ത് ചെമ്മീന്‍ കറി ഒന്ന് വ്യത്യസ്തമാക്കിയാലോ?
- ചെമ്മീന്‍- 500 ഗ്രാം
- കാരറ്റ്- ഒന്ന്
- ഉരുളക്കിഴങ്ങ്- ഒന്ന്
- തക്കാളി- ഒന്ന്
- ഉലുവ- അര ടീസ്പൂണ്‍
- സവാള- രണ്ട്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരു ടേ.സ്പൂണ്‍
- കറിവേപ്പില- നാല് കതിര്‍
- പച്ചമുളക്- രണ്ട്
- മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
- കുരുമുളകുപൊടി- അര ടീസ്പൂണ്‍
- മല്ലിപ്പൊടി- ഒരു ടേ.സ്പൂണ്‍
- മുളകുപൊടി- മുക്കാല്‍ ടീസ്പൂണ്‍
- ഗരംമസാല- അര ടീസ്പൂണ്‍ ജീരകപ്പൊടി അര ടീസ്പൂണ്‍
- തേങ്ങാപ്പാല്‍- രണ്ട് കപ്പ്( ഒന്നര കപ്പ്+ അര കപ്പ്)
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയെടുത്ത ചെമ്മീന്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വെക്കുക. എന്നിട്ട് പാത്രത്തിലടച്ച് അര-മുക്കാല്‍ മണിക്കൂര്‍ ഫ്രഡ്ജില്‍ വെക്കുക. സവാള അരിയുക. പച്ചമുളക് പിളര്‍ന്ന് വെക്കുക. ഉരുളക്കിഴങ്ങും കാരറ്റും തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. തേങ്ങയുടെ ഒന്നാംപാല്‍ അര കപ്പ് തയ്യാറാക്കുക.ഒന്നര കപ്പ് രണ്ടാം പാലും റെഡിയാക്കണം.
പാചകപ്പാത്രം ചൂടാക്കി എണ്ണയൊഴിക്കുക. ഉലുവയിട്ട് ചുവക്കുമ്പോള്‍ സവാള,പച്ചമുളക്,കറിവേപ്പില ഇട്ട് വഴറ്റുക. ഇനി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി,ജീരകപ്പൊടി,കുരുമുളകുപൊടി,ഗരംമസാല,മല്ലിപ്പൊടി,മുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റി ചതുരത്തില്‍ മുറിച്ച തക്കാളി ചേര്‍ക്കുക.
ഇതെല്ലാം നന്നായി വഴറ്റുക. ഉരുളക്കിഴങ്ങും കാരറ്റും ചേര്‍ത്ത് ചേരുവകള്‍ ഒരുമിച്ച് ചേര്‍ന്ന് മൃദുവാകുന്നതുവരെ വഴറ്റാം. മസാല കുഴച്ചുവെച്ച ചെമ്മീന്‍ ചേര്‍ത്തിളക്കാം. കുറച്ചുനേരം വരട്ടി രണ്ടാം പാല്‍ ചേര്‍ത്ത് ഉപ്പ് പാകമാക്കുക. അടച്ച് ഇടയ്ക്ക് ഇളക്കി വേവിക്കുക. ഒന്നാംപാല്‍ ചേര്‍ത്ത് തീ സിമ്മിലിടുക. ഗ്രേവി നല്ല കട്ടിയിലിരിക്കണം.കറിവേപ്പിലയോ മല്ലിയിലയോ ചേര്‍ത്ത് ചോറിനൊപ്പമോ പുലാവ്,നാന്‍,റോട്ടി എന്നിവയ്‌ക്കൊപ്പമോ വിളമ്പാം.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: Sri lankan prawn curry
Content Highlights: