ചക്ക കിട്ടിയോ? വീട്ടിൽ തയ്യാറാക്കാം ഈ ഐസ്ക്രീം

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

അടുക്കള ചക്ക മണം കൊണ്ടു നിറയുന്ന സമയമാണിപ്പോള്‍. ആന്റി ഓക്‌സിഡന്റുകളായ ചക്കകൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങൾ തേടി നടക്കുന്നവരുമുണ്ടാകും. ചക്കപ്പുഴുക്ക്, ചക്ക പ്രഥമന്‍, ചക്കച്ചമ്മന്തി, ചക്കത്തോരന്‍, ചക്കവറ്റല്‍, ചക്കരവരട്ടി തുടങ്ങി സീസണിലെ ചക്ക കൊതി തീര്‍ക്കാനുള്ള വിഭവങ്ങള്‍ അനവധിയാണ്. എന്നാല്‍ ചോറിനൊപ്പവും നാലു മണിപലഹാരവുമായി മാത്രം ചക്കയെ ഒതുക്കണ്ട. ചക്ക ഐസ്‌ക്രീം തയ്യാറാക്കി വെച്ചാലോ..

ചേരുവകള്‍

മധുരമുള്ള ചക്കപ്പഴം- 250 ഗ്രാം
പഞ്ചസാര- 100ഗ്രാം
പൊടിച്ച പഞ്ചസാര- 50 ഗ്രാം
വിപ്പിംഗ് ക്രീം- 250 മില്ലി
കട്ടിയുള്ള തേങ്ങാപ്പാല്‍- 250 മില്ലി

തയ്യാറാക്കുന്ന വിധം

ചക്ക കുരുനീക്കി ചെറുതായരിഞ്ഞ് പഞ്ചസാര ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. തണുത്ത ശേഷം മിക്സിയിലടിച്ച് മൂടി വയ്ക്കാം. ഇനി വിപ്പിംഗ് ക്രീമും തേങ്ങാപ്പാലും പൊടിച്ച പഞ്ചസാരയും ചേര്‍ത്ത് അടിച്ച് എടുക്കാം. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന ചക്ക മിശ്രിതം ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കുക. ഇത് പാത്രത്തിലാക്കി ഫ്രീസറില്‍ വയ്ക്കാം. കട്ടിയായാല്‍ വീണ്ടും പുറത്തെടുത്ത് മിക്സിയിലടിച്ച് വീണ്ടും ഫ്രീസറില്‍ വയ്ക്കാം.  

Content Highlights: Jackfruit Ice Cream Recipe