പോഷകങ്ങളേറെ; മിനിറ്റുകൾ മതി, പീനട്ട് ബട്ടർ വീട്ടിൽ തയ്യാറാക്കാം

#Lifestyle desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ഒരുപാടു പേർക്ക് ഇഷ്ടപ്പെട്ട ഭക്ഷണപദാർഥമാണ് പീനട്ട് ബട്ടർ. ശൈത്യകാലത്ത്, പെട്ടെന്ന് തയ്യാറാക്കാനും എളുപ്പത്തിൽ സൂക്ഷിക്കാനും കഴിയുന്ന ഭക്ഷണങ്ങൾ പലരും പാചകത്തിന് തിരഞ്ഞെടുക്കാറുണ്ട്. അത്തരത്തിലൊരു ഭക്ഷ്യപദാർഥമാണ് പീനട്ട് ബട്ടർ. പ്രഭാതഭക്ഷണം, ലഘുഭക്ഷണം, സ്‌കൂൾ ടിഫിൻ എന്നിവയ്ക്ക് ഇത് വളരെ നല്ലതാണ്.

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഊർജം എന്നിവയാൽ സമ്പന്നമാണ് നിലക്കടല. കടയിൽനിന്നും വാങ്ങുന്ന പീനട്ട് ബട്ടറിൽ പഞ്ചസാര, പാം ഓയിൽ, പ്രിസർവേറ്റീവുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുള്ളതിനാൽ പൂർണമായും പോഷകങ്ങൾ ലഭിക്കാൻ വീട്ടിലുണ്ടാക്കിയ പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതാണ്.

പീനട്ട് ബട്ടർ വാങ്ങുന്നതിനുള്ള ചെലവും വീട്ടിൽ തയ്യാറാക്കുന്ന പീനട്ട് ബട്ടർ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.

കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ആരോഗ്യകരമായ പീനട്ട് ബട്ടർ വീട്ടിൽ തയ്യാറാക്കിയാലോ? കുറഞ്ഞ സമയംകൊണ്ട് എങ്ങനെ അത് തയ്യാറാക്കാം എന്ന് പരിശോധിക്കാം.

ചേരുവകൾ 
ഏകദേശം 1 കപ്പ് പീനട്ട് ബട്ടർ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ഏതെല്ലാമാണെന്ന് നോക്കാം.
പച്ച നിലക്കടല - 1½ കപ്പ് (200 ഗ്രാം)
ഉപ്പ് - ആവശ്യത്തിന്
ഓയിൽ അല്ലെങ്കിൽ പീനട്ട് ഓയിൽ - 1 മുതൽ 2 ടീസ്പൂൺ (ആവശ്യമെങ്കിൽ ഉപയോഗിക്കാം)

തയ്യാറാക്കുന്ന വിധം
നിലക്കടല ഇടത്തരം തീയിൽ വറുത്തെടുക്കുക. ഇത് ചെറുതായി തണുപ്പിച്ച് തൊലികൾ നീക്കം ചെയ്യുക. മിക്‌സർ ജാറിലേക്ക് നിലക്കടലയിട്ട് 1-2 മിനിറ്റ് നേരം നന്നായി അരയ്ക്കുക. ആവശ്യമെങ്കിൽ ഉപ്പും എണ്ണയും ചേർക്കുക. (മധുരമുള്ള പീനട്ട് ബട്ടറാണ് തയ്യാറാക്കുന്നതെങ്കിൽ പഞ്ചസാരയോ തേനോ ചേർക്കാവുന്നതാണ്) നന്നായി ക്രീം രൂപത്തിലാകുന്നതു വരെ അരയ്ക്കുക.

ഇത് വായു കടക്കാത്ത ജാറിലാക്കി ഫ്രിഡ്ജിൽ വെച്ചോ അല്ലാതെയോ സൂക്ഷിക്കാം. ഒരാഴ്ചവരെ വീട്ടിലുണ്ടാക്കുന്ന പീനട്ട് ബട്ടർ ഉപയോഗിക്കാം. മിതമായ അളവിൽ കുട്ടികൾക്കടക്കം ദിവസവും ഈ പീനട്ട് ബട്ടർ നൽകാവുന്നതാണ്.

Content Highlights: Whip up delicious, healthier, and cheaper homemade peanut butter in just 10 minutes. Control ingredients for a perfect spread.