റെസ്റ്റോറന്റ് രുചിയില്‍ ഗാര്‍ലിക് ചിക്കന്‍ തയ്യാറാക്കാം

പതിവ് വിഭവങ്ങള്‍ കഴിച്ച് മടുത്തെങ്കില്‍ ഇനി റെസ്റ്റോറന്റ് രുചിയില്‍ ചിക്കന്‍ തയ്യാറാക്കാം. ചിക്കന്‍പ്രേമികള്‍ക്ക് വളരെയിഷ്ടപ്പെടുന്ന വിഭവമാണ് ഗാര്‍ലിക് ചിക്കന്‍. എളുപ്പത്തില്‍ തയ്യാറാക്കുന്ന ഈ ചിക്കന്‍ വിഭവം അപ്പത്തിനും ചപ്പാത്തിയ്‌ക്കൊപ്പവുമെല്ലാം നല്ല കോംമ്പിനേഷനാണ്.
ചേരുവകള്‍
ചിക്കന്‍ ബ്രെസ്റ്റ് - 500 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
പൊടിച്ച കുരുമുളക് - 1/2 ടീസ്പൂണ്‍
മൈദ- 2.5 ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്
വെണ്ണ - 4 ടീസ്പൂണ്‍
വെളുത്തുള്ളി- ചെറുതായി അരിഞ്ഞത് (ആവശ്യത്തിന്)
ഗ്രാമ്പൂ - 6
മൈദ- 1/2 ടീസ്പൂണ്‍
ഒറിഗാനോ - 1 ടീസ്പൂണ്‍
ചിക്കന്‍ സ്റ്റോക്ക് - 1 കപ്പ്
നാരങ്ങ നീര് - 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
പൊടിച്ച കുരുമുളക് - 3/4 ടീസ്പൂണ്‍
മല്ലിയില- ആവശ്യത്തിന്
പാചകരീതി
ചെറിയ കഷ്ണങ്ങളാക്കിയ ചിക്കനിലേയ്ക്ക് ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്തശേഷം 15 മിനിട്ട് മാറ്റി വെക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിന് മൈദയും ചേര്‍ത്തു നന്നായി യോജിപ്പിക്കണം.
ശേഷം ഒരു പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് ചിക്കന്‍ വറുത്തെടുക്കാം. വറുത്തെടുത്ത ചിക്കന്‍ മാറ്റി വെക്കണം. ശേഷം പാനില്‍ കുറച്ച് ബട്ടര്‍ ചൂടാക്കണം. അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേര്‍ത്തുകൊടുക്കാം. കൂടാതെ ഇതൊന്ന് നല്ലതുപോലെ മൊരിഞ്ഞ് വരുമ്പോള്‍ അതിലേക്ക് അര ടീസ്പൂണ്‍ മൈദയും ചേര്‍ത്ത് വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് ചിക്കന്‍ സ്റ്റോക്ക് ഒഴിച്ച് കൊടുക്കാം.
ശേഷം ഇതിലേയ്ക്ക് ഒറിഗാനോ, കുരുമുളക് പൊടി, നാരങ്ങ നീര്, അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കിക്കൊടുക്കണം. ഒരു മിനിറ്റോളം ഈ മിശ്രിതം തിളപ്പിക്കണം. ശേഷം വറുത്ത ചിക്കന്‍ കഷ്ണങ്ങള്‍ ഇതിലേക്ക് ചേര്‍ക്കാം.
രണ്ട് മൂന്ന് മിനിറ്റ് ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. ഇതിന്റെ വെള്ളം മുഴുവന്‍ വറ്റിപ്പോവുന്നത് വരെ ഇളക്കിക്കൊടുക്കാം.അതിന് ശേഷം ചിക്കനിലേക്ക് അല്‍പം കുരുമുളക് പൊടി ചേര്‍ക്കാം. മല്ലിയിലയും വിതറിയ ശേഷം വിളമ്പാം.
Content Highlights: Garlic chicken recipe, chicken recipe,food ,chicken