ലോകത്തിലെ ഏറ്റവും വിലയേറിയ സാന്‍വിച്ച്; ഒരെണ്ണത്തിന് 17500 രൂപ

ന്യൂയോര്‍ക്കിലെ സെറന്‍ഡിപിറ്റി 3 റസ്റ്ററന്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം
ന്യൂയോര്‍ക്കിലെ സെറന്‍ഡിപിറ്റി 3 റസ്റ്ററന്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം

ലോകത്തെ ഏറ്റവും വില കൂടിയ സാന്‍വിച്ചിന് എത്ര വിലയുണ്ടാകും?  214 ഡോളര്‍, അതായത് ഏതാണ്ട് 17500 രൂപ വില വരും. ന്യൂയോര്‍ക്കിലെ സെറന്‍ഡിപിറ്റി 3 എന്നറിയപ്പെടുന്ന ഭക്ഷണശാലയാണ് ഈ സാന്‍വിച്ചിന് പിന്നില്‍. 

ഏറ്റവും വിലയേറിയ സാന്‍വിച്ചിനുള്ള ഗിന്നസ് റെക്കോഡും റസ്റ്ററന്റ് സ്വന്തമാക്കി. ദി ക്വിന്റെസന്‍ഷ്യല്‍ ഗ്രില്‍ഡ് ചീസ് സാന്‍വിച്ച് എന്നാണ് ഇതിന്റെ പേര്. ഏപ്രില്‍ 12-ന് ദേശീയ ഗ്രില്‍ഡ് ചീസ് ദിനത്തോട് അനുബന്ധിച്ചാണ് ഇത് ഭക്ഷണപ്രേമികള്‍ക്കായി തയ്യാറാക്കിയത്. 

നേരത്തെ ഈ റെസ്റ്റോറന്റില്‍ ഈ സാന്‍വിച്ച് ലഭിക്കുമായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ മെനുവില്‍ നിന്ന് അത് ഒഴിവാക്കി. ഇപ്പോള്‍ സാന്‍വിച്ച് തിരിച്ചെത്തിയ സന്തോഷ വാര്‍ത്ത ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അവര്‍ അറിയിച്ചത്. ഓര്‍ഡര്‍ ചെയ്ത് എട്ടു മണിക്കൂറിന് ശേഷം മാത്രമേ ഇത് നമ്മുടെ തീന്‍മേശയില്‍ എത്തൂ. 

മെയ്, ജൂണ്‍ മാസങ്ങളില്‍ മാത്രം പാല് ഉദ്പാദിപ്പിക്കുന്ന ഇറ്റലിയിലെ ഒരു തരം പശുവിന്റെ പാലില്‍ നിന്നുണ്ടാക്കുന്ന ചീസാണ് ഈ സാന്‍വിച്ചിനായി ഉപയോഗിച്ചത്. ലോകത്തില്‍ ഇത്തരം പശുക്കള്‍ 25,000 മാത്രമാണ് ഉള്ളത്. ഈ ചീസ് അപൂര്‍വവും രുചികരവുമാണ്. അതുകൊണ്ടാണ് സാന്‍വിച്ചിന് വില കൂടുന്നതും. 

ഫ്രഞ്ച് പുള്‍മാന്‍ ഷാംപെയ്ന്‍ ബ്രെഡ് കൊണ്ടാണ് ഈ സാന്‍വിച്ച് ഉണ്ടാക്കുന്നത്. ട്രഫ്ള്‍ ബട്ടര്‍ കൊണ്ട് ഈ രണ്ട് പീസ് ബ്രെഡുകള്‍ കവര്‍ ചെയ്യും. ഇതിന് മുകളില്‍ വൈറ്റ് ട്രഫ്ള്‍ ഓയിലും തേക്കും. ടോസ്റ്റ് ചെയ്‌തെടുക്കുന്ന സാന്‍വിച്ചിന്റെ അരികുകള്‍ ഭക്ഷ്യയോഗ്യമായ സ്വര്‍ണതരികള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

സാധാരണ തക്കാളി സൂപ്പിന് പകരം സൗത്ത് ആഫ്രിക്കന്‍ ലോബ്‌സ്റ്റര്‍ ടൊമാറ്റോ ബിസ്‌ക്വാണ് ഇതിനൊപ്പം വിളമ്പുന്നത്. ഷെല്‍ ഫിഷ് ചേര്‍ത്ത് തയ്യാറാക്കുന്ന ഡിപ്പിങ് സോസും ഉണ്ടാകും. 

ഇതിന് മുമ്പ് പല തരത്തിലുള്ള ആഡംബര ഭക്ഷണങ്ങളും ഈ റസ്റ്ററന്റില്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്ലേറ്റ് ഒന്നിന് 15000 രൂപ വില വരുന്ന ഫ്രഞ്ച് ഫ്രൈസ്, 70000 രൂപയുടെ ഐസ്‌ക്രീം, 20000 രൂപയുടെ ബര്‍ഗര്‍ എന്നിവയും ഇവിടെ ലഭ്യമായിരുന്നു. 


 

Content Highlights: worlds most expensive sandwich