ലോകത്തെ മികച്ച 100 വഴുതന വിഭവങ്ങളിൽ രണ്ട് ഇന്ത്യൻ രുചികളും, ഒന്നാമത് ഇറ്റാലിയൻ റെസിപ്പി

ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച 100 വഴുതനങ്ങ വിഭവങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് വിഭവങ്ങൾ ഇടംപിടിച്ചു. ഉത്തരേന്ത്യൻ രുചിക്കൂട്ടുകളായ ബൈങ്കൻ ഭർത്തയും ആലു ബൈങ്കനുമാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
ബൈങ്കൻ ഭർത്ത (49-ാം സ്ഥാനം): പഞ്ചാബിന്റെ തനത് വിഭവമായ ബൈങ്കൻ ഭർത്ത ഇന്ന് ദക്ഷിണേഷ്യയിലാകെ ജനപ്രിയമാണ്. വഴുതനങ്ങ നേരിട്ട് തീയിൽ ചുട്ടെടുത്ത് ഉടച്ച ശേഷം ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില, കടുക് എണ്ണ എന്നിവ ചേർത്താണ് തയ്യാറാക്കുന്നത്. ചപ്പാത്തിക്കും ചോറിനുമൊപ്പം മികച്ച കോമ്പിനേഷനാണ്.
ആലു ബൈങ്കൻ (71-ാം സ്ഥാനം): വഴുതനങ്ങയും ഉരുളക്കിഴങ്ങും മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ഗ്രേവി ഇല്ലാത്ത ഒരു കറിയാണിത്. ഉത്തരേന്ത്യൻ വീടുകളിൽ നിത്യവുമുള്ള ഉച്ചഭക്ഷണത്തിലെ പ്രധാനിയായ ഈ വിഭവം റൊട്ടിക്കും നാനിനും ഒപ്പമാണ് സാധാരണയായി വിളമ്പാറുള്ളത്.
ബേഗുനി (31-ാം സ്ഥാനം): ഇന്ത്യയിലെ ബംഗാൾ മേഖലയിലും ബംഗ്ലാദേശിലും പ്രശസ്തമായ ഈ ലഘുഭക്ഷണം വഴുതനങ്ങ കഷ്ണങ്ങൾ കടലമാവിൽ മുക്കി വറുത്തെടുത്താണ് തയ്യാറാക്കുന്നത്.
ആഗോള തലത്തിൽ ഒന്നാമത് 'ഇറ്റലി'
പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ഇറ്റലിയിലെ സിസിലിയിൽ നിന്നുള്ള പാസ്ത എൻകാഷിയാറ്റ ആണ്. പാസ്തയും വറുത്ത വഴുതനങ്ങയും തക്കാളി സോസും ചീസും ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്. ലെബനനിലെ പ്രശസ്തമായ വഴുതനങ്ങ ഡിപ്പായ ബാബ ഗനൂഷ് 15-ാം സ്ഥാനം നേടി. ഗുവാമിൽ നിന്നുള്ള 'പഡോ ലാലോ' ആണ് നൂറാം സ്ഥാനത്തുള്ളത്.
വഴുതനങ്ങയുടെ ആരോഗ്യഗുണങ്ങൾ
രുചിയിൽ മാത്രമല്ല, ഗുണത്തിലും വഴുതനങ്ങ കേമനാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കലോറി കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ ഈ പച്ചക്കറി ഹൃദയാരോഗ്യത്തിനും ദഹനത്തിനും മികച്ചതാണ്. ഇതിലടങ്ങിയിരിക്കുന്ന നാസുനിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ സംരക്ഷണത്തിന് സഹായിക്കുന്നു.
Content Highlights: Taste Atlas ranks India`s Baingan Bharta & Aloo Baingan among the world`s best eggplant dishes.