എയർപോർട്ടിലിരുന്ന് ബാഗ് 'കഴിച്ച്' യുവതി; ഞെട്ടി സഹയാത്രികർ| വീഡിയോ

യുവതി പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/ @mayaracarvalho
യുവതി പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/ @mayaracarvalho

കേക്കിന്റെ നിരവധി വൈവിധ്യങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. രുചിയിലും രൂപത്തിലും ഭാവത്തിലുമൊക്കെ പരമാവധി വ്യത്യസ്തത പുലർത്തുന്ന കേക്കുകളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സാമൂഹികമാധ്യമത്തിൽ നിറയാറുണ്ട്. മനുഷ്യന്റെ മുഖത്തിന് സമാനമായ കേക്കുകളും പഴങ്ങളുടെ ആകൃതിയിലുള്ള ഹൈപ്പർ റിയലിസ്റ്റിക് കേക്കുകളമൊക്കെ ട്രെൻ്റാണ്. എയർപോര്‍ട്ടിലെത്തിയ മയാര കാർവലോ എന്ന യുവതിയുടെ ഹൈപ്പര്‍ റിയലിസ്റ്റിക് ട്രോളി കേക്ക് കണ്ട് സഹയാത്രികര്‍ ഞെട്ടിയ വീഡിയോ ഇപ്പോൾ ചർച്ചയാകുകയാണ്.

എയര്‍പോര്‍ട്ടില്‍ ട്രോളി ബാഗുമായി ഇരിക്കുന്ന യുവതി പെട്ടന്ന് കയ്യിലുണ്ടായിരുന്ന ബാഗ് കഴിക്കുന്നതാണ് വീ‍ഡിയോയിലുള്ളത്. ഇതോടെ ഒപ്പം ഇരുന്നിരുന്നവരെല്ലാം ഞെട്ടി. പാതി കടിച്ച ട്രോളി ബാഗുമായി യുവതി നടക്കാന്‍ തുടങ്ങിയതോടെ എയർപോർട്ടി നിന്നവരെല്ലാം അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാർക്കും യുവതി കേക്ക് കഴിക്കാൻ നൽകുന്നുണ്ട്. യാത്രക്കാർ 'ട്രോളിയുടെ രുചി' ആസ്വദിക്കുന്നതും കാണാം.

വീഡിയോ പങ്കുവെച്ച് അധികമാവുംമുമ്പെ വൈറലാവുകയും ചെയ്തു. ഇതിനകം 27 ലക്ഷം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. ഞാന്‍ ആയിരുന്നെങ്കില്‍ അവരെ കേക്ക് കഴിക്കാന്‍ സഹായിച്ചേനെ എന്നും കേക്ക് ഉണ്ടാക്കിയതെങ്ങനെയെന്ന് കാണിക്കൂവെന്നും വീഡിയോക്ക് കീഴെ കമന്റുകളുണ്ട്. ബാഗിനെ വെല്ലുന്ന കേക്ക് ബാഗ് ഉൾപ്പടെ  നിരവധി രസകരമായ കേക്ക് വീഡിയോകൾ ഇതിനുമുമ്പും മയാര പങ്കുവെച്ചിട്ടുണ്ട്. 

Content Highlights: woman`s hyperrealistic suitcase cake fooled passengers at the airport