പാത്രങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് അമ്മ, വന്നത് സ്റ്റിക്കറുകള്‍

'കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നു' എന്ന പ്രയോഗം ഏറ്റവും അനുയോജ്യമാകുന്ന സാഹചര്യങ്ങളിലൊന്നാണ് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ മാറി വരുന്ന സംഭവങ്ങള്‍ വിരളമല്ല. ഇത്തരത്തില്‍ പാത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്‌തെന്ന സന്തോഷത്തില്‍ കാത്തിരുന്ന തന്റെ അമ്മയ്ക്ക് ലഭിച്ച സാധനങ്ങൾ കണ്ട് ഞെട്ടിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുബായില്‍ താമസമാക്കിയ ഇന്ത്യന്‍ സ്വദേശിയായ സുചിത ഓജ.
പാത്രങ്ങളും റോബോട്ട് വാക്വം ക്ലീനറും ഓര്‍ഡര്‍ ചെയ്‌തെന്ന് കരുതിയ യുവതിയുടെ അമ്മയ്ക്ക് ലഭിച്ചത് ഇവയുടെ ചിത്രങ്ങളുള്ള സ്റ്റിക്കറുകളാണ്. ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ തേമു ആരാധികയാണ് അമ്മയെന്നും യുവതി പറയുന്നുണ്ട്. ഉത്പന്നത്തിന്റെ അടിക്കുറിപ്പില്‍ സ്റ്റിക്കറുകളാണെന്ന് വ്യക്തമായി എഴുതിയിരിക്കുന്നത് വീഡിയോയില്‍ കാണാം.
ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോള്‍ വിവരണങ്ങളും ചിത്രങ്ങളും ശ്രദ്ധാപൂര്‍വം പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും സംഭവം എടുത്തുകാട്ടുന്നുണ്ട്. വൈറല്‍ പോസ്റ്റിന് താഴെ നിരവധി പേര്‍ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് രസകരമായ കമന്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: viral video shows a woman`s shock at receiving stickers instead of ordered cookware