25,000 രൂപയുടെ ഒരൊറ്റ ഓർഡർ ! പ്രണയദിനത്തിൽ ഏറ്റവുമധികം ഓർഡർ ചെയ്തത് ഇവ

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഇത്തവണത്തെ വാലന്റൈൻസ് ഡേയിൽ ഇന്ത്യക്കാരുടെ മനസ്സ് കീഴടക്കിയത് ചോക്ലേറ്റുകളാണെന്ന് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കണക്കുകൾ. പ്രണയദിനത്തിൽ ചോക്ലേറ്റ് ഓർഡറുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 14-ന് ഉച്ചസമയത്തോട് അടുത്തപ്പോൾ ഓരോ മിനിറ്റിലും ശരാശരി 1,042 ചോക്ലേറ്റ് ഓർഡറുകൾ വീതമാണ് ഇൻസ്റ്റാമാർട്ടിലൂടെ നടന്നത്. ഹൃദയാകൃതിയിലുള്ള ചോക്ലേറ്റുകൾക്കും ഗിഫ്റ്റ് ഹാമ്പറുകൾക്കുമാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്.

ആഡംബര ചോക്ലേറ്റുകൾക്കായി വൻ തുക ചിലവാക്കാനും ഇത്തവണ മലയാളികളടക്കമുള്ള ഇന്ത്യക്കാർ മടിച്ചില്ല എന്നതാണ് ശ്രദ്ധേയം. കൊൽക്കത്തയിൽ നിന്നുള്ള ഉപഭോക്താവ് ഒരൊറ്റ ഓർഡറിൽ 25,000 രൂപയുടെ പ്രീമിയം ചോക്ലേറ്റുകൾ വാങ്ങിയതാണ് ഇത്തവണത്തെ ഏറ്റവും വലിയ കൗതുകം. കഴിഞ്ഞ വർഷം ഇതേ ദിവസം മിനിറ്റിൽ 581 ഓർഡറുകൾ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ ഓർഡറുകളുടെ എണ്ണം ഇരട്ടിയോളമായി വർദ്ധിച്ചത്.

പൂക്കൾക്കും മറ്റ് സമ്മാനങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നെങ്കിലും വിപണിയിലെ യഥാർത്ഥ 'താരം' ചോക്ലേറ്റ് തന്നെയായിരുന്നു. സ്വന്തം ആവശ്യത്തിനായി വാങ്ങുന്നതിലുപരി, ദൂരെയുള്ള പ്രിയപ്പെട്ടവർക്ക് സർപ്രൈസ് സമ്മാനമായി നേരിട്ട് അയച്ചുകൊടുക്കാനാണ് ഭൂരിഭാഗം പേരും ഇൻസ്റ്റാമാർട്ട് സൗകര്യം പ്രയോജനപ്പെടുത്തിയത്. 

Content Highlights: Swiggy Instamart sees record-breaking chocolate orders this Valentine`s Day in India, with customers spending big on luxury gifts.