മകന്റെ 'റെക്കമെന്റേഷൻ'; രാമശ്ശേരി ഇഡ്ഡലിയുടെ രുചിയറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി

എലപ്പുള്ളി: പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലിയുടെ രുചിയറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോയമ്പത്തൂരിലേക്കു പോകുംവഴി പ്രഭാതഭക്ഷണം കഴിക്കാനാണ് മന്ത്രി രാമശ്ശേരിയിലെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് രാമശ്ശേരിയിലെ ശ്രീ സരസ്വതി ടീ സ്റ്റാളിൽ എത്തിയത്.
ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് കടയിൽക്കയറിവന്നപ്പോൾ കടയുടമയ്ക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും അദ്ഭുതം.
കടയിൽ തിരക്കുണ്ടായിരുന്നെങ്കിലും തനിക്കുവേണ്ടി ആരും എഴുന്നേറ്റുതരേണ്ടെന്നും ഭക്ഷണം കഴിച്ചശേഷം എഴുന്നേറ്റാൽ മതിയെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.
മകൻ ഗോകുൽ രാമശ്ശേരി ഇഡ്ഡലിയെക്കുറിച്ച് ഏറെ പറഞ്ഞതോടെയാണ് തനിക്കും കഴിക്കാൻ ആഗ്രഹംതോന്നിയതെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിയായതിനുശേഷം നാലുതവണ പാലക്കാട്ടെത്തിയിരുന്നെങ്കിലും ഇന്നാണ് ആഗ്രഹം നിറവേറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിക്കൊപ്പം ബി.ജെ.പി. ജില്ലാസെക്രട്ടറി പ്രശാന്ത് ശിവൻ, സംസ്ഥാന ഖജാൻജി അഡ്വ. വി. കൃഷ്ണദാസ്, ജില്ലാ ജനറൽ സെക്രട്ടറി എൻ. ഷണ്മുഖൻ, ബി.ജെ.പി. പുതുശ്ശേരി മണ്ഡലം പ്രസിഡന്റ് ഗിരീഷ് ബാബു, സെക്രട്ടറി സന്തോഷ് പള്ളത്തേരി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Content Highlights: Union Minister Suresh Gopi made an unannounced breakfast stop at the famous Sri Saraswathi Tea Stall in Ramassery, Palakkad, to finally fulfill his long-standing wish of tasting the iconic local delicacy on his way to Coimbatore.