കൊട്ടാരങ്ങളും ആനയും കടുവയുമെല്ലാമുണ്ട്; ശ്രദ്ധനേടി ഉദയ്പുരിനെ പകര്‍ത്തിവെച്ച ആഡംബര കെയ്ക്ക്

ഇന്ത്യയിലുടനീളം ശ്രദ്ധ പിടിച്ചുപറ്റിയ വിവാഹമാണ് ശതകോടീശ്വരന്‍ രാജു മന്തേനയുടെ മകളായ നേത്ര മന്തേനയുടേത്. നവംബര്‍ 23-നായിരുന്നു ടെക് സംരംഭകനായ വംശി ഗാഡിരാജുവുമായുള്ള നേത്ര മന്തേനയുടെ വിവാഹം നടന്നത്.
രാജസ്ഥാനിലെ രാജകീയ നഗരമായ ഉദയ്പുരിലെ മനോഹരമായ കൊട്ടാരങ്ങളിലായി നടന്ന ആഡംബരപൂര്‍ണമായ വിവാഹത്തിന്റെ പ്രധാന ചടങ്ങ് പിച്ചോള തടാകത്തിന് സമീപമുള്ള ജഗ്മന്ദിര്‍ ഐലന്‍ഡ് പാലസില്‍ വെച്ചായിരുന്നു.
പ്രശസ്തരായ അതിഥികൾ പങ്കെടുത്ത ചടങ്ങ് ഗംഭീരമായിരുന്നെങ്കിലും ഭക്ഷണപ്രേമികളെ ആകര്‍ഷിച്ചത് അലങ്കാരപ്പണികളോടുകൂടിയ കെയ്ക്കാണ്.
ഡിസൈനറും പേസ്ട്രി ഷെഫുമായ ബാസ്റ്റ്യന്‍ ബ്ലാങ്ക്-ടൈലൂ ആണ് ലക്ഷ്വറി കെയ്ക്ക് തയ്യാറാക്കിയത്. പ്രമുഖരായ ആളുകള്‍ക്കായി ആഡംബരപൂര്‍ണമായ മധുരപലഹാരങ്ങള്‍ തയ്യാറാക്കുന്നതില്‍ പ്രശസ്തനാണ് അദ്ദേഹം.
ബാസ്റ്റ്യന്‍ തയ്യാറാക്കിയ കെയ്ക്കിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
''ഇന്നലെ ഉദയ്പുരിലെ സിറ്റി പാലസില്‍ ഞങ്ങള്‍ നേത്രയുടെയും വംശിയുടെയും വിവാഹം ആഘോഷിച്ചു. രാജസ്ഥാന് വാസ്തുവിദ്യയില്‍ നിന്നും ഇന്ത്യയുടെ ചിഹ്നങ്ങളിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഒരു കെയ്ക്കിനൊപ്പം, എന്തൊരു രാത്രി'', ഇന്‍സ്റ്റാഗ്രാമില്‍ കെയ്ക്കിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബാസ്റ്റ്യന്‍ ബ്ലാങ്ക്-ടൈലൂ എഴുതി.
വെള്ള നിറത്തിൽ, തിളക്കമുള്ളതും മൃദുവുമായ ഈ കൂറ്റന്‍ കെയ്ക്ക് രാജസ്ഥാന് വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. കൊട്ടാരങ്ങളുടെയും കോട്ടകളുടെയും പ്രൗഢി അതില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്.
കെയ്ക്കില്‍ ആന, കടുവ, മയില്‍ എന്നിവയുള്‍പ്പെടെയുള്ള സങ്കീര്‍ണമായ കൊത്തുപണികളും ചെയ്തിട്ടുണ്ട്. പല തട്ടുകളായാണ് കെയ്ക്ക് തയ്യാറാക്കിയിരിക്കുന്നത്.
ഓര്‍ലാന്‍ഡോ ആസ്ഥാനമായുള്ള കോടീശ്വരനും ഇന്‍ജീനസ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സിഇഒയുമാണ് രാമ രാജു മന്തേന. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള റസ്റ്ററന്റ്-ടെക് കമ്പനിയായ സൂപ്പര്ഓര്ഡറിന്റെ സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമാണ് വരന് വംശി.
Content Highlights: See the incredible, palace-inspired wedding cake with elephants and tigers from a billionaire`s daughter`s Udaipur wedding.