ഒരു ദിവസം വിറ്റത് 5.13 ലക്ഷം; 2025-ൽ തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പന

#Lifestyle desk
തിരുപ്പതി ലഡ്ഡു | Photo: X.com/@TTDevasthanams
തിരുപ്പതി ലഡ്ഡു | Photo: X.com/@TTDevasthanams

2024-നെ അപേക്ഷിച്ച് 2025-ൽ തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ട്. തിരുമലയിലെ പ്രശസ്തമായ ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് തിരുപ്പതി ലഡ്ഡു.

തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ആണ് ക്ഷേത്രത്തിലെ ലഡ്ഡു ഉത്പാദനത്തിന് മേൽനോട്ടം വഹിക്കുന്നത്. ജനുവരി 1-ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

'2025-ൽ ലഡ്ഡു പ്രസാദത്തിന് റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തിയെന്നും 2024-നെ അപേക്ഷിച്ച് 10% വർധനവാണ് ഉണ്ടായതെന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഡിസംബർ 27-ന് എക്കാലത്തെയും ഉയർന്ന പ്രതിദിന വിൽപന നടന്നു. 5.13 ലക്ഷം ലഡ്ഡു ആണ് അന്ന് വിറ്റുപോയത്.

വിവരം പുറത്തുവന്നതോടെ നിരവധിപ്പേരാണ് തിരുപ്പതി ലഡ്ഡുവിനെക്കുറിച്ച് അന്വേഷിച്ചും മറ്റും പ്രതികരണങ്ങളുമായെത്തിയത്.

'ഈ ലഡ്ഡുവിന്റെ ഷെൽഫ് ലൈഫ് എത്രയാണ്? എന്തെങ്കിലും പ്രിസർവേറ്റീവ് ചേർക്കുന്നുണ്ടോ? മുമ്പ്, ഒരാഴ്ചയ്ക്കുള്ളിൽ പൂപ്പൽ വന്നിരുന്നു, ഇപ്പോൾ 2 ആഴ്ച കഴിഞ്ഞും കേടുകൂടാതെയിരിക്കുന്നു,' ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

ലഡ്ഡു 6-7 ദിവസം വരെ കേടാകാതെയിരിക്കുന്നുണ്ടെന്നും രുചിയും ഗുണമേന്മയും കഴിയുന്നത്ര മെച്ചപ്പെടുത്തുന്നത് തുടരാൻ അഭ്യർത്ഥിക്കുന്നുവെന്നും ആണ് മറ്റൊരാൾ പോസ്റ്റിലൂടെ പങ്കുവെച്ചത്.

Content Highlights: Discover the record-breaking sales of Tirupati Laddus in 2025, with 5.13 lakh sold on a single day.