പാചകവാതക പ്രതിസന്ധി; അന്ന് തയ്യാറാക്കിയിരുന്നത് 250 തരം വിഭവങ്ങൾ, ഇപ്പോൾ 30, താരമായി കഞ്ഞി

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തൃശ്ശൂർ: ഉച്ചയ്ക്ക് ഊണൊന്നു മാറ്റിപ്പിടിച്ച് കഴിക്കാൻ കഞ്ഞിയാക്കിയാലോ. വെറും കഞ്ഞിയല്ല, നല്ല തൈരൊഴിച്ച് അച്ചാറും ഉപ്പേരിയും നല്ല മാങ്ങാച്ചമന്തിയും പപ്പടവുമൊക്കെ കൂട്ടിയുള്ള പ്രീമിയം കഞ്ഞി. ഒരു പിടിപിടിച്ചാൽ സംഭവം കെങ്കേമം. ബെന്നറ്റ് റോഡിലെ വൃന്ദാവൻ ഹോട്ടലിലാണ് ഉച്ചയ്ക്ക് ഊണിന് പകരം കഞ്ഞി മെനുവിൽ സ്ഥാനംപിടിച്ചത്.

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിൻഡറിന്റെ ലഭ്യത കുറഞ്ഞതോടെയാണ് ഊണിന് പകരം കഞ്ഞിയിലേക്ക് മാറിയത്. ചെറുപയർ കഞ്ഞി, തൈര് കഞ്ഞി, ഉലുവക്കഞ്ഞി, ജീരകക്കഞ്ഞി, കാന്താരിക്കഞ്ഞി, പൊടിയരിക്കഞ്ഞി എന്നിങ്ങനെ വിവിധതരം കഞ്ഞികളുണ്ടിവിടെ. കഞ്ഞിയിൽ വൈവിധ്യങ്ങൾ വന്നപ്പോൾ ഊണുകഴിച്ച് ശീലിച്ച ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയായി. അഞ്ച് വിഭവങ്ങളടങ്ങിയ കഞ്ഞിക്ക് 135 രൂപയാണ് വില.

250-ഓളം തരം വിഭവങ്ങൾ തയ്യാറാക്കിയിരുന്ന ഹോട്ടലിൽ പാചകവാതകക്ഷാമം രൂക്ഷമായതോടെ 30 എണ്ണമാക്കി ചുരുക്കിയിട്ടുണ്ട്.

ഭൂരിഭാഗം വിഭവങ്ങളും തത്സമയം തയ്യാറാക്കുന്നതിനാൽ ഗ്യാസില്ലാതെ പറ്റില്ലെന്ന് മാനേജർ ജസ്റ്റിൻ തോമസ് പറഞ്ഞു. ദിവസവും അഞ്ചുകിലോ അരിയുടെ കഞ്ഞിവിൽപ്പന നടക്കുന്നുണ്ടെന്നും വിറകടുപ്പിലേക്ക് മാറിയാണ് പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാചകവാതകപ്രതിസന്ധി രൂക്ഷമായതോടെ ജില്ലയിലെ മിക്ക ഹോട്ടലുകളും പൂട്ടി. ബാക്കിയുള്ളവ ദിനംപ്രതി പൂട്ടിക്കൊണ്ടിരിക്കുകയുമാണ്. നിലനിൽക്കാനുള്ള ശ്രമമെന്ന നിലയിലാണ് ഭക്ഷണമെനു പരിഷ്‌കരിച്ചുള്ള പരീക്ഷണം. ചെറുകിട ഹോട്ടലുകളിലെ താരതമ്യേന ചെലവ് കുറഞ്ഞ വിഭവമാണു പുതിയകാലത്ത് താരമായിക്കൊണ്ടിരിക്കുന്നത്.

വിഭവസമൃദ്ധമായ ഊണൊരുക്കാൻ പാചകവാതകച്ചെലവ് കൂടുതലായതിനാൽ പലരും ഇതിനകം ബിരിയാണിയിലേക്ക് മാറിയിട്ടുണ്ട്. കഞ്ഞി, ദോശ, ചായ, പൊരിക്കടികൾ തുടങ്ങിയവയിൽ പലതും ഹോട്ടലുകളിൽനിന്ന് അപ്രത്യക്ഷവുമായി.

Content Highlights: LPG shortage forces Thrissur hotel to reduce menu from 250 to 30 items., Hotel introduces premium Kanji varieties as a sustainable alternative to traditional meals., The 5-dish Kanji combo is priced at 135 INR and has gained significant popularity., Shift to wood-fired cooking is being implemented to sustain operations.