വെറുംവയറ്റില്‍ ഈ ഡ്രൈ ഫ്രൂട്ട്‌സുകള്‍ കഴിക്കരുത് ; കാരണങ്ങള്‍ അറിഞ്ഞിരിക്കാം

representative image|photo:canva
representative image|photo:canva

രാവിലെ വെറുംവയറ്റില്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. കഴിയുന്നതും വളരെ ആരോഗ്യകരമായ ഭക്ഷണം തന്നെ പ്രഭാതഭക്ഷണമായി തെരഞ്ഞെടുക്കണം. പോഷകങ്ങള്‍ നല്ല രീതിയില്‍ ശരീരത്തിന്  പ്രയോജനപ്പെടാനും ദിവസം മുഴുവന്‍ ഉന്മേഷം ലഭിക്കാനുമെല്ലാം ഈ ആരോഗ്യകരമായ ശീലം നമ്മെ സഹായിക്കും. ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന് പലരും  പഴങ്ങളും ഡ്രൈ ഫ്രൂട്ട്സുമെല്ലാം തെരഞ്ഞെടുക്കും.

എന്നാല്‍ ആരോഗ്യകരമാണെങ്കിലും ചില ഭക്ഷണ വെറുംവയറ്റില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍ കഴിക്കരുതാത്ത ഡ്രൈ ഫ്രൂട്ട്‌സുകള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

ഈന്തപ്പഴം വളരെയേറെ ഗുണങ്ങളുള്ള ഡ്രൈ ഫ്രൂട്ടാണ്. എന്നാല്‍ ഇതിലുള്ള ഷുഗര്‍ മൂലം ചിലരില്‍ രക്തത്തിലെ പഞ്ചസാരനില ഉയരാന്‍ കാരണമാകുന്നു. പ്രമേഹമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും ഇത് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഉണക്കമുന്തിരിയും ആരോഗ്യത്തിന്  ഉത്തമമാണ്. എന്നാല്‍ വെറുംവയറ്റില്‍ ഇത് കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ചിലരില്‍ ഇത് ഗ്യാസ്ട്രബിളിന് കാരണമാകുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് കാരണമാകുന്നത്.

പ്രൂണ്‍സും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഡ്രൈ ഫ്രൂട്ടാണ്. എന്നാലിത് വെറുംവയറ്റില്‍ കഴിക്കുകയാണെങ്കില്‍ ഗ്യാസും വയറിന് അസ്വസ്ഥതയുമുണ്ടാകാം. ഇതിലും ഫൈബര്‍ തന്നെ പ്രശ്‌നമാകുന്നത്. വലിയ വില കൊടുത്ത് വാങ്ങിക്കഴിക്കുന്ന നല്ലൊരു ഡ്രൈ ഫ്രൂട്ടാണ് ആപ്രിക്കോട്ട്. പക്ഷേ വെറുംവയറ്റില്‍ ആപ്രിക്കോട്ട് കഴിക്കുന്നത് ഗ്യാസ്, ദഹനക്കുറവ് എന്നിവയിലേക്കെല്ലാം നയിക്കാം. 

ചെറി വെറുംവയറ്റില്‍ കഴിച്ചാല്‍ പുളിച്ചു തികട്ടലിനോ നെഞ്ചെരിച്ചിലിനോ  കാരണമാകാം. അതിനാല്‍ ഇത് ദിവസത്തില്‍ പിന്നീട് എപ്പോഴെങ്കിലും കഴിക്കാം.അത്തിപ്പഴയും വളരെ ഗുണങ്ങളുള്ള ഡ്രൈ ഫ്രൂട്ടാണ്. വെറുംവയറ്റില്‍ ഇത് കഴിക്കുന്നത് പക്ഷേ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. ഇതും ഗ്യാസും അനുബന്ധപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇവ വെറും വയറ്റില്‍ കഴിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. ശരിയായ പ്രഭാതഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: empty stomach,dates,raisins,prunes,cherry,fig,food