വാഹനങ്ങൾ മാത്രമല്ല, ജപ്പാനിൽ ഇന്ത്യൻ കറികളും വിറ്റ് സുസുകി; നാലു മാസം കൊണ്ട് വിറ്റത് ഒരു ലക്ഷത്തിലേറെ കറിപ്പാക്കറ്റുകൾ

മാരുതി സുസുകിയുടെ മാതൃകമ്പനിയായ ജപ്പാനിലെ സുസുകി മോട്ടോർ കോർപ്പറേഷൻ പുതിയൊരു മേഖലയിലേക്ക് ചുവടുവെച്ചു, പാക്കേജ്ഡ് ഭക്ഷ്യ വിപണിയിലേക്ക്. കമ്പനി അവതരിപ്പിച്ച റെഡി-ടു-ഈറ്റ് ഇന്ത്യൻ വെജ് കറികൾ ജപ്പാൻവിപണിയിൽ വൻ ഹിറ്റായി മാറുകയാണ്.
‘സുസുകി കഫ്റ്റേരിയ ഇന്ത്യൻ വെജിറ്റേറിയൻ കറി’ എന്ന പേരിൽ 2025 ജൂണിലായിരുന്നു പുതിയ മേഖലയിലേക്കുള്ള അരങ്ങേറ്റം. നാലു മാസങ്ങൾ കൊണ്ട് ഒരു ലക്ഷത്തിലേറെ കറിപ്പാക്കറ്റുകൾ വിറ്റഴിക്കാനായി.
സുസുകിയുടെ ജപ്പാനിലെ പ്ലാന്റിലുള്ള 200 ഓളം ഇന്ത്യൻ എൻജിനിയർമാർക്ക് ഇന്ത്യൻ കറികൾ ഒരുക്കിക്കൊണ്ട് കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ദൗത്യമാണ് പിന്നീട് വാണിജ്യാടിസ്ഥാനത്തിൽ ചുവടുറപ്പിച്ചത്.
ഓരോ പാക്കറ്റിനും 918 ജാപ്പനീസ് യുവാനാണ് നിരക്ക്. അതായത്, ഏതാണ്ട് 500 രൂപ. പാക്കറ്റുകളിൽ സുസുകിയുടെ വിവിധ കാറുകളുടെയും മോട്ടോർസൈക്കിളുകളുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. സാമ്പാർ ഉൾപ്പെടെ നാല് കറികളുമായാണ് അരങ്ങേറ്റം. 14 വിഭവങ്ങൾ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇപ്പോൾ.
Content Highlights: Suzuki Motor Corporation, Maruti Suzuki`s parent company, ventures into packaged foods with "Ready-to-Eat Indian Veg Curries".