മുഖക്കുരു അകറ്റാനും ചര്‍മത്തിന്റെ അണുബാധ തടയാനും പാവയ്ക്ക

Representative image  Photo: Gettyimages.in
Representative image Photo: Gettyimages.in

പൊതുവേ  എല്ലാവര്‍ക്കും ഇഷ്ടമുള്ള പച്ചക്കറിയല്ല പാവയ്ക്ക. കയ്പ് തന്നെയാണ് ഇതിന്റെ കാരണം. എന്നാല്‍ കയ്പ് കൊണ്ട് പാവയ്ക്ക മാറ്റിവെയ്ക്കാന്‍ വരട്ടെ. പാവയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണിത്. പോളിപെപ്‌റ്റൈഡ്-പി എന്ന ഇന്‍സുലിന്‍ പോലുള്ള സംയുക്തങ്ങളാണ് ഇതിന് സഹായിക്കുന്നത്.

മുഖക്കുരു അകറ്റാനും ചര്‍മത്തിലെ അണുബാധകള്‍ അകറ്റാനും പാവയ്ക്ക സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി,എയുമാണ് ഇതിന് സഹായിക്കുന്നത്. ചര്‍മത്തിലെ പാടുകള്‍ ഇല്ലാതാക്കുന്നതിനും ഇത് ഗുണം ചെയ്യുന്നു. കൂടാതെ അകാലവാര്‍ധക്യം തടയാനും ഇത് കഴിക്കുന്നത് നല്ലതാണ്.

തിളങ്ങുന്ന, ആരോഗ്യമുള്ള ചര്‍മം സ്വന്തമാക്കാന്‍ പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. പാവയ്ക്ക ജ്യൂസിന്റെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അങ്ങനെ ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയുന്നു.

പ്രമേഹമുള്ളവര്‍ കഴിച്ചിരിക്കേണ്ട പച്ചക്കറി കൂടിയാണിത്.രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ഇതിലുള്ള ഫൈബര്‍ കാര്‍ബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണകരമാകും.

 കലോറി കുറഞ്ഞ ഭക്ഷണമാണ് പാവയ്ക്ക. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക്  മികച്ചൊരു ഭക്ഷണമാണിത്. കാരണം ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

പാവയ്ക്കയില്‍ അടങ്ങിരിക്കുന്ന നാരുകള്‍ ദഹനം മെച്ചപ്പെട്ടതാക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കും.വയറിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെട്ടതാക്കാന്‍ ഇത് സഹായിക്കുന്നു.
ആന്റിഓക്സിഡന്റായ വിറ്റാമിന്‍ സി ഉള്‍പ്പെടെയുള്ള വിറ്റാമിനുകളുടെ മികച്ച സ്രോതസ് കൂടിയാണിത്. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും ഈ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പ്രധാന സംയുക്തങ്ങള്‍ പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: bitter gourd, juice,health benefits,Food,Weight control