വാഴയിലയില്‍ പിസ തയ്യാറാക്കി വഴിയോര കച്ചവടക്കാരി; സമ്മിശ്ര പ്രതികരണവുമായി സോഷ്യല്‍ മീഡിയ

ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് പിസ. ചീസില്‍ മുങ്ങിയിരിക്കുന്ന ഈ ഇറ്റാലിയന്‍ വിഭവത്തിന് ഇന്ത്യയിലും ഏറെ ആരാധകരുണ്ട്. വെജ്, നോണ്‍ വെജിറ്റേറിയന്‍ രുചികളില്‍ പലതരം പിസകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതിനിടെ പിസയിലും പലതരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ചെറിയ മണ്‍കലത്തില്‍ തയ്യാറാക്കുന്ന പിസയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഇപ്പോഴിതാ സൂറത്തില്‍ നിന്നുള്ള ഒരു സ്‌പെഷ്യല്‍ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വാഴയിലയിലാണ് ഈ പിസ തയ്യാറാക്കുന്നത്. foodieskaadda007 എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഗോതമ്പില്‍ തയ്യാറാക്കിയ ബേസില്‍ ടോപ്പിങ്‌സും(പച്ചക്കറികള്‍, ഇറച്ചി, ചിക്കന്‍ ഒപ്പം കാപ്‌സിക്കം) ചീസും ചേര്‍ത്ത് ബേക്ക് ചെയ്‌തെടുത്താണ് സാധാരണ പിസ തയ്യാറാക്കുന്നത്. എന്നാല്‍, സൂറത്തിലെ വഴിയോര കച്ചവടക്കാരിയാകട്ടെ, ഗോതമ്പ് ബേസില്‍ ടോപ്പിങ്‌സ്, പിസ സോസ്, പനീര്‍ തുടങ്ങിയവയെല്ലാം ചേര്‍ത്ത് വാഴയിലയില്‍ പൊതിഞ്ഞാണ് ഇത് തയ്യാറാക്കുന്നത്. ശേഷം പാനില്‍വെച്ച് പാകം ചെയ്‌തെടുക്കുന്നു. ഇതുവരെ 20 ലക്ഷത്തില്‍ അധികം പേരാണ് ഈ വ്യത്യസ്തമായ പിസ തയ്യാറാക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. 1.26 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
അതേസമയം, സമ്മിശ്രപ്രതികരണമാണ് സാമൂഹികമാധ്യമത്തില്‍ വാഴയില പിസയ്ക്ക് ലഭിക്കുന്നത്. നന്നായിട്ടുണ്ടെന്നും, രുചികരമായി തോന്നുന്നുവെന്നും ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു. അതേസമയം, പിസയെ എന്തിനാണ് ഇങ്ങനെ നശിപ്പിക്കുന്നതെന്ന് മാറ്റുചിലര്‍ ചോദിച്ചു.
Content Highlights: bizzare food, viral video, street vendor makes pizza on banana leaves, food