ഇനി വഴിയോരത്ത് 'കുറഞ്ഞ വില' പ്രതീക്ഷിക്കേണ്ട; ഗ്യാസ് ക്ഷാമം തട്ടുകടകളെയും ബാധിക്കുന്നുവെന്ന് സർവേ

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ന്യൂഡൽഹി: സാധാരണക്കാരുടെ വയറുനിറയ്ക്കുന്ന വഴിയോര ഭക്ഷശാലകളെയും ഗ്യാസ് ക്ഷാമം ബാധിക്കുന്നു. രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക ക്ഷാമത്തെത്തുടർന്ന് വഴിയോര ഭക്ഷണങ്ങളുടെ വിലയിൽ 25 ശതമാനം വരെ വർധനവ് രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എൻഡിടിവി പ്രോഫിറ്റും ലോക്കൽ സർക്കിൾസും നടത്തിയ പുതിയ സർവേയിലാണ് തട്ടുകടകളുടെ പുതിയ മാറ്റത്തെക്കുറിച്ച് പറയുന്നത്. 

ലോക്കൽ സർക്കിൾസ് നടത്തിയ സർവേ പ്രകാരം, പകുതിയിലധികം ഉപഭോക്താക്കളും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ വഴിയോര ഭക്ഷണങ്ങളുടെ വിലയിൽ വർധനവ് രേഖപ്പെടുത്തിയതായി അറിയിച്ചു. ആഗോളതലത്തിൽ നേരിടുന്ന വിതരണ തടസ്സങ്ങളും ഇന്ധന വിതരണത്തിലെ മുൻഗണനാ മാറ്റങ്ങളും കാരണം വാണിജ്യ എൽ.പി.ജി ലഭ്യത കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് എൻഡിടിവി പ്രോഫിറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഭക്ഷണ വിപണിയിൽ വിലമാറ്റങ്ങൾ ഏറ്റവും വേഗത്തിൽ പ്രതിഫലിക്കുന്ന മേഖലയാണിത്. റസ്റ്ററന്റുകളെ അപേക്ഷിച്ച് വഴിയോര കച്ചവടക്കാർക്ക് ലാഭവിഹിതം വളരെ കുറവായതിനാലും, പാചകവാതകം വലിയ തോതിൽ സംഭരിച്ചു വെക്കാൻ കഴിയാത്തതിനാലും വില വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളില്ലാതെ വന്നേക്കാം.

പല കച്ചവടക്കാർക്കും സിലിണ്ടറുകൾ ലഭിക്കാൻ വലിയ താമസം നേരിടുന്നുണ്ടെന്നും കരിഞ്ചന്തയിൽ നിന്ന് ഉയർന്ന വിലയ്ക്ക് ഗ്യാസ് വാങ്ങേണ്ടി വരുന്നുണ്ടെന്നും ലോക്കൽ സർക്കിൾസ് സർവേ ചൂണ്ടിക്കാട്ടുന്നു.

ദിവസവേതനക്കാർ, ഓഫീസിൽ പോകുന്നവർ, വിദ്യാർത്ഥികൾ എന്നിവരെയാണ് ഈ വില വൃത്യാസം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വില കൂടിയതോടെ പലരും പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ തുടങ്ങിയതായും സർവേ വ്യക്തമാക്കുന്നു.