വിംബിൾഡൻ ചാമ്പ്യൻ്റെ പ്രിയപ്പെട്ട വിഭവം; വിചിത്രമെന്ന് തോന്നുമെങ്കിലും പാസ്ത ഇങ്ങനെയും പരീക്ഷിക്കാം

ലോകമെമ്പാടും പ്രശസ്തമായ ഇറ്റാലിയൻ വിഭവമാണ് പാസ്ത. എന്നാൽ, പോളണ്ടിൽ നിന്നുള്ള ഒരു അപൂർവ്വ വിഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. സ്ട്രോബെറി പാസ്ത! പോളിഷ് ടെന്നീസ് താരവും വിംബിൾഡൻ ചാമ്പ്യനുമായ ഇഗ സ്വിയാടെക്, ഡാനിയേൽ കോളിൻസിനെതിരായ മൂന്നാം റൗണ്ട് മത്സരത്തിൽ വിജയിച്ച ശേഷം തന്റെ പ്രിയപ്പെട്ട വിഭവമായ സ്ട്രോബെറി പാസ്തയെക്കുറിച്ച് പങ്കുവെച്ചതോടെയാണ് വിചിത്രമെന്ന് തോന്നിയേക്കാവുന്ന ഈ കോമ്പിനേഷൻ ശ്രദ്ധ നേടുന്നത്. വിംബിൾഡൻ്റെ സമൂഹിക മാധ്യമ പേജുകളിലാണ് വിഡിയോ പങ്കുവെച്ചത്.
'എന്റെ പ്രിയപ്പെട്ട വിഭവമുണ്ട്. കുട്ടിക്കാലത്ത് സ്ഥിരമായി കഴിച്ചിരുന്നു. പാസ്തയും സ്ട്രോബെറിയും ചേർന്നതാണ്. പാസ്ത, സ്ട്രോബെറി, കുറച്ച് യോഗർട്' സ്വിയാടെക് പറഞ്ഞു. ഈ അസാധാരണമായ പാസ്ത കോമ്പിനേഷന്‍ ഭക്ഷണപ്രേമികളും ഏറ്റെടുത്തിരിക്കുകയാണ്. ഏറ്റവും ശ്രദ്ധേയമായ പ്രതികരണം വന്നത് പോളണ്ടിന്റെ പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിൽ നിന്നാണ്. അദ്ദേഹം, സ്വിയാടെക്കിന്റെ അഭിമുഖം കാണുന്നതിനിടെ സ്ട്രോബെറി പാസ്ത ആസ്വദിക്കുന്ന ചിത്രം പങ്കുവെച്ചു.
മലയാളികൾ ചക്ക-മാങ്ങ സീസണെത്തുമ്പോൾ മാസം മുഴുവൻ പലതരം വിഭവങ്ങൾ തയ്യാറാക്കുന്നതു പോലെയാണ് പോളണ്ടുകാർക്ക് "മാഖറോൺ സി ട്രസ്കഫ്ഖമി' ( makaron-z-truskawkami) എന്ന വിളിപ്പേരുള്ള സ്ട്രോബറി പാസ്ത. സീസണൽ വിഭവമാണെന്നു സാരം. കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനു മുന്നെയായി നൽകി വരുന്ന വിഭവം ചൂടോടെയും തണുത്തശേഷവും വിളമ്പാറുണ്ട്. എന്നാൽ ഡെസേർട്ടായി വിളമ്പുമ്പോൾ പാസ്തയുടെ അളവ് ഇവയിൽ കുറയ്ക്കണമെന്നാണ് പറയാറ്.
യൂറോപ്യൻ- സ്ലാവിക് രാജ്യങ്ങളിൽ, നൂറ്റാണ്ടുകളായി പഴങ്ങളിൽ നിന്ന് സ്റ്റാർട്ടറുകളും പ്രധാന വിഭവങ്ങളും ഉണ്ടാക്കുന്ന പതിവുണ്ട്. സ്വീഡനിൽ ഫ്രൂക്റ്റ്സോപ്പ എന്ന വിഭവമുണ്ട്, ഇത് ഉണക്കിയ പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് തയ്യാറാക്കുന്ന ഒരു സൂപ്പാണ്. ജര്‍മ്മന്‍കാരുടെ കാൽറ്റ്ഷാലെ ബെറി ചേർത്ത് തയ്യാറാക്കുന്ന സൂപ്പാണ്.
സ്ട്രോബറി പാസ്ത തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
ആവശ്യമായ ചേരുവകൾ
150-200 ഗ്രാം പാസ്ത (പെന്നെ, ഫുസിലി,സ്പാഗെട്ടി എന്നിവ ഉപയോഗിക്കാം)
250 ഗ്രാം ഫ്രഷ് സ്ട്രോബെറി, തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്
200 ഗ്രാം യോഗർട്ട് (അല്ലെങ്കിൽ കട്ടിയുള്ള ഗ്രീക്ക് യോഗർട്ട്)
1-2 ടേബിൾസ്പൂൺ പഞ്ചസാര (സ്ട്രോബെറിയുടെ മധുരം അനുസരിച്ച്)
ഒരു നുള്ള് ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഉപ്പിട്ട വെള്ളം തിളപ്പിക്കുക. പാസ്ത ചേർത്ത് പാക്കറ്റിലെ നിർദ്ദേശങ്ങൾ അനുസരിച്ച് മൃദുവാകുന്നതുവരെ വേവിക്കുക. പാസ്ത വേകുമ്പോൾ സ്ട്രോബെറി കഴുകി, തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഒരു പാത്രത്തിൽ സ്ട്രോബറിയെടുത്ത് പഞ്ചസാര തൂവുക. ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കാം.
വേവിച്ച പാസ്ത വെള്ളം കളഞ്ഞ് 2-3 മിനിറ്റ് തണുപ്പിക്കാം. ഒരു വലിയ പാത്രത്തിൽ പാസ്തയും തൈരും ചേർത്ത് മൃദുവായി ഇളക്കുക. ഉടച്ച സ്ട്രോബെറിയും നീരും പാസ്തയിലേക്ക് ചേർത്ത് ഇളക്കുക. രുചി നോക്കി, ആവശ്യമെങ്കിൽ കൂടുതൽ പഞ്ചസാര അല്ലെങ്കിൽ തേൻ ചേർക്കാം.
Content Highlights: Iga Swiatek's Favorite Strawberry Pasta Recipe Takes the Internet