ഡെസ്ക്ടോപും പ്രിൻ്ററുമായി വർക്ക് ഫ്രം ഹോം, ചില ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തി സ്റ്റാർബക്സ് കൊറിയ

വീട്ടിലിരുന്ന് ജോലി ചെയ്യാനാകുന്ന വർക്ക് ഫ്രം ഹോം സംവിധാനം ഇന്ന് സാധാരണമാണ്. ഇവയുടെ വിരസത മാറ്റാനായി കഫേകളും കോ വർക്കിങ് സ്പേസുകളും ജോലി സ്ഥലമായി തിരഞ്ഞെടുക്കുന്നവർ നിരവധിയാണ്. എന്നാൽ കഫേകളിലേക്ക് ഡെസ്ക്ടോപും പ്രിൻ്ററും പൊക്കിയെടുത്ത് വന്നാൽ കഫേ ഉടമകൾ എന്തുചെയ്യും? ഇത്തരത്തിലുണ്ടായ സംഭവങ്ങളെ കണക്കിലെടുത്ത് സ്റ്റാർബക്സ് കൊറിയ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്.
ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ കൊണ്ടുവരാമെങ്കിലും "വലിയ വസ്തുക്കൾ" കഫേ അന്തരീക്ഷത്തെ തടസ്സപ്പെടുത്തുന്നതിനാൽ ഇനി ഇവ അനുവദിക്കില്ലെന്ന് സ്റ്റാർബക്സ് ദക്ഷിണ കൊറിയ അറിയിച്ചതായി ദി കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.
ഒന്നിലധികം മോണിറ്ററുകൾ, ക്യൂബിക്കിൾ-സ്റ്റൈൽ ഡിവൈഡറുകൾ, പ്രിന്ററുകൾ എന്നിവ തടസ്സം സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും വൈറൽ ഫോട്ടോകളും വന്നതിനെ തുടർന്നാണ് ഈ നീക്കം. രാജ്യത്തെ എല്ലാ ശാഖകളിലും പുതിയ അറിയിപ്പുകൾ കഫേയ്ക്കുമുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.
പൊതു ടേബിളുകളിൽ മറ്റുള്ളവർക്ക് ഇരിക്കാൻ ഇടം നൽകണമെന്ന് ഓർമ്മിപ്പിക്കുന്ന ബോർഡുകളും ഉണ്ട്. 'കാഗോംഗ്ജോക്' എന്നറിയപ്പെടുന്ന ഗ്രൂപ്പിനെയാണ് പുതിയ നിയമം ലക്ഷ്യംവെക്കുന്നത്. ജോലി ചെയ്യാനോ പഠിക്കാനോ മണിക്കൂറുകളോളം കഫേയിൽ തമ്പടിക്കുന്നവരെയാണ് കാംഗോംഗ്ജോക് എന്ന് വിശേഷിപ്പിക്കുന്നത്.
മിക്കവരും ലാപ്ടോപ്പുകളുമായെത്തുമ്പോൾ ചിലർ കഫേകളിൽ ഓഫീസ് പ്രതീതി പുനഃസൃഷ്ടിക്കാനും ശ്രമിക്കാറുണ്ട്. കോവിഡിനു ശേഷം വർക്ക്-ഫ്രം-ഹോം വർദ്ധിച്ചതും ദക്ഷിണ കൊറിയയിലെ വളരുന്ന കഫേ സംസ്കാരവും കണക്കിലെടുക്കുമ്പോൾ ഇത്തരത്തിലുള്ള നിയമങ്ങൾ കൂടുതൽ പുറത്തിറക്കാൻ ഇടയുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് കൊറിയയുടെ കണക്കനുസരിച്ച്, രാജ്യത്തെ കോഫി ഷോപ്പുകളുടെ എണ്ണം കഴിഞ്ഞ ദശകത്തിൽ ഏകദേശം ഇരട്ടിയായി. 2015-ൽ 51,500 ആയിരുന്ന കഫേകൾ 2024-ൽ 100,000-ത്തിലധികമായെന്നാണ് കണക്കുകൾ.
Content Highlights: Starbucks Korea restricts large items like printers and dividers to maintain cafe ambiance