'കുടുംബത്തോടൊപ്പമുള്ള പാചകം മിസ് ചെയ്യുന്നു'; നാസ ബഹിരാകാശ ശാസ്ത്രജ്ഞൻ്റെ കുറിപ്പ്

ജോണി കിം പങ്കുവെച്ച ചിത്രം| ഫോട്ടോ: X/@JonnyKimUSA
ജോണി കിം പങ്കുവെച്ച ചിത്രം| ഫോട്ടോ: X/@JonnyKimUSA

വര്‍ഷങ്ങള്‍ നീളുന്നതാണ് ഓരോ ബഹിരാകാശ ഗവേഷണങ്ങളും. ഈ കാലയളവില്‍ ബഹിരാകാശ ഗവേഷകര്‍ കഴിക്കുന്ന ഭക്ഷണവും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ബഹിരാകാശത്ത് നിന്ന് ബര്‍ഗര്‍ കഴിച്ചാൽ എങ്ങനെയുണ്ടാകും. പ്ലെയിറ്റിൽ നിന്ന് കയ്യിലേക്കെടുത്തുപിടിച്ച് ബര്‍ഗര്‍ കഴിക്കുന്ന ചിത്രമാണ് മനസ്സില്‍ തെളിഞ്ഞതെങ്കില്‍ തെറ്റി. സോസും ചീസും ബീഫ് പാറ്റിയുമൊക്കെ വായുവിലുണ്ടാകും, എടുത്തുകഴിക്കാം. 

സീറോ ഗ്രാവിറ്റിയിലിരുന്ന് ബര്‍ഗര്‍ ചേരുവകൾ സംയോജിപ്പിക്കുന്നതും ഭക്ഷിക്കുന്നതിന്റെയും വീഡിയോ എക്‌സിലൂടെ പങ്കുവെച്ചിരിക്കുകയാണ് നാസ ബഹിരാകാശ ശാസ്ത്രജ്ഞനായ ജോണി കിം. സ്‌പേസ് എക്‌സിന്റെ SpX-32 cargo ഡ്രാഗണില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അന്താരാഷ്ട നിലയത്തില്‍ നിന്ന് കിം ഷെയർ ചെയ്തിരിക്കുന്നത്.  താന്‍ പരീക്ഷിച്ച ചില ക്രിയാത്മകമായ റെസിപ്പികള്‍ എന്ന അടിക്കുറിപ്പാണ് ജോണി കിം വീഡിയോയ്ക്കൊപ്പം നൽകിയത്. ബീഫ് സ്റ്റീക്ക്, വീറ്റ് ബ്രെഡ്, ചീസ്, പൊട്ടറ്റോ, അങ്ങനെ ബര്‍ഗറിന്റെ ചേരുവകള്‍ക്കൊന്നും കുറവുവരുത്തിയിട്ടില്ല.

കുടുബത്തിനായി പാചകം ചെയ്യുന്നത് മിസ്സ് ചെയ്യുന്നുണ്ടെന്നും എന്നാൽ ഇതും താന്‍ ആസ്വദിക്കുന്നുണ്ടെന്നും ജോണി കിം പറയുുന്നുണ്ട്. ഏപ്രില്‍ എട്ടിനാണ് കിം അന്താരാഷ്ട ബഹിരാകാശ നിലയത്തിലേക്കെത്തുന്നത്. 

ശാസ്ത്രലോകം ഏറെ പ്രതീക്ഷയോടെ നടത്തുന്ന ഗവേഷണങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ബഹിരാകാശത്ത് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെ ഭക്ഷണം. ബരിരാകാശത്ത് എത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് ചില ഭക്ഷണം മാത്രമാണ് കഴിക്കാനാവുക. എന്നാല്‍ ശരീരത്തിന് ആവശ്യമായ കലോറി കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് ഇവര്‍ക്ക് പരിമിതിയുണ്ട്. മുട്ടയുള്‍പ്പടെയുള്ളവ ഭൂമിയില്‍ നിന്ന് വേവിച്ചാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. പിന്നീട് ചൂടാക്കുക മാത്രമാണ് ചെയ്യുന്നത്. 

ഒരു നിശ്ചിത സമയം കഴിയുമ്പോള്‍ ഭക്ഷണത്തിലെ പോഷകങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങുന്നതാണ് പ്രധാന വെല്ലുവിളി. ചൊവ്വാ പര്യവേക്ഷണം വര്‍ഷങ്ങളോളം സമയമെടുത്താണ് പൂര്‍ത്തിയാക്കുന്നത്. ഇത്രകാലം ഗവേഷകര്‍ ആരോഗ്യത്തോടെ ഇരിക്കേണ്ടതും വളരെ പ്രധാന്യമേറിയ കാര്യമാണ്. 

Content Highlights: NASA Astronaut's Space Burger: A Culinary Challenge in Zero Gravity