രുചികരം ഈ രസ്മലായ്; ചിത്രം പങ്കുവെച്ച് സാന്യ മൽഹോത്ര

ബോളിവുഡ് താരം ഷാരൂഖ് ഖാനുമൊത്തുള്ള ഏറ്റവും പുതിയ ചിത്രം ജവാൻ റിലീസ് ചെയ്യാൻ പോകുന്നതിന്റെ ആവേശത്തിലാണ് നടി സാന്യ മൽഹോത്ര. സാമൂഹികമാധ്യമത്തിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ താരം മടികാണിക്കാറില്ല. ഇപ്പോഴിതാ റിലീസിനു മുന്നോടിയായി മധുരവിഭവം ആസ്വദിക്കുന്നതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് സാന്യ.
രുചികരമായ രസ്മലായ് കഴിക്കുന്നതിന്റെ ചിത്രമാണ് സാന്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്. യൂട്യൂബറും സംഗീത സംവിധായകനായ യഷ് രാജ് മുഖാതെയാണ് സാന്യക്ക് രസ്മലായ് നൽകിയത്. ഇതിന് അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്യുന്നുണ്ട് താരം. രസ്മലായ് നൽകിയതിനു നന്ദി എന്നാണ് യഷ് രാജിനെ ടാഗ് ചെയ്ത് സാന്യ പോസ്റ്റ് ചെയ്തത്.
രസ്മലായ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
- രസഗുള - ഒരു ടിന്‍
- പാല്‍ - 3 കപ്പ്
- ഏലയ്ക്കാപൊടി - 8 എണ്ണം
- കെവ്‌റ എസ്സന്‍സ്/ റോസ് വാട്ടര്‍ - അര ടീസ്പൂണ്‍
- കുങ്കുമപ്പൂവ് - രണ്ട് നുള്ള്
- തൊലി കളഞ്ഞ ബദാം - കുറച്ചെണ്ണം
- പഞ്ചസാര - ആവശ്യത്തിന്
- പിസ്ത അരിഞ്ഞത് - അല്‍പം
-
രസ്മലായ് | Photo: Mathrubhumi
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള പാത്രം മിതമായ തീയില്‍ അടുപ്പില്‍ വെച്ച് രണ്ട് ടീസ്പൂണ്‍ വെള്ളവും മൂന്ന് കപ്പ് പാലും ഒഴിക്കാം. പാല്‍ അടിയില്‍ പിടിക്കാതിരിക്കാന്‍ വേണ്ടിയാണ് വെള്ളവും ഒഴിക്കുന്നത്. തിളയ്ക്കുമ്പോള്‍ ഇതിലേക്ക് കുങ്കുമപ്പൂവും ഏലയ്ക്കയും ബദാമും ചേര്‍ക്കുക. ശേഷം, തീ കുറയ്ക്കുക. പാല് തിളയ്ക്കാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. ഇനി ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് അടുപ്പില്‍ നിന്നിറക്കാം. രസഗുള കൈപ്പത്തിക്കിടയില്‍ വെച്ച് പതുക്കെ അമര്‍ത്തി അധികമുള്ള വെള്ളം കളയണം. നേരത്തെ തയ്യാറാക്കിയ പാലിലേക്ക് ഇത് വെയ്ക്കുക. അരിഞ്ഞ പിസ്ത കൊണ്ട് അലങ്കരിക്കാം.
Content Highlights: Sanya Malhotras Rasmalai Story