വെണ്ട, ബീന്‍സ്, സോയ.. സമൂസകള്‍ 200 തരം; വൈറലായി വീഡിയോ

Photo: Screen grab/Instagram/foodpandits
Photo: Screen grab/Instagram/foodpandits

ഇന്ത്യയില്‍ വലിയ പ്രചാരമുള്ള പലഹാരമാണ് സമൂസ. മസാല ചേര്‍ത്ത ഉരുളക്കിഴങ്ങും പട്ടാണിയും നിറച്ച, മൊരിഞ്ഞ, സ്വര്‍ണ നിറത്തിലുള്ള ഈ ത്രികോണാകൃതിയിലുള്ള സമൂസ ചൂടുചായയ്ക്കൊപ്പം കഴിക്കാന്‍ ബെസ്റ്റാണ്. ഉരുളക്കിഴങ്ങ് കൊണ്ടുള്ളതല്ലാതെ മറ്റ് ഏതെങ്കിലും തരത്തിലുള്ള സമൂസ നിങ്ങള്‍ കഴിച്ചിട്ടുണ്ടോ?

200 തരം സമൂസകള്‍ വില്‍ക്കുന്ന വഴിയോരക്കച്ചവടക്കാരനുണ്ട് അങ്ങ് പഞ്ചാബിലെ ജലന്ധറില്‍. അദ്ദേഹത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വെണ്ടയ്ക്ക സമൂസ, തുടര്‍ന്ന് ബീന്‍സ് സമൂസ, പച്ചക്കായ സമൂസ എന്നിവയെല്ലാം അവിടെയുണ്ട്. പനീര്‍ സമൂസ, ഗോബി (കോളിഫ്‌ളവര്‍) സമൂസ, സോയ സമൂസ, നൂഡില്‍സ് സമൂസ, മക്രോണി സമൂസ, കൂണ്‍ സമൂസ എന്നിവയും ഇവിടുത്തെ മെനുവില്‍ ഉള്‍പ്പെടുന്നു.

വൈവിധ്യമാര്‍ന്ന സമൂസകള്‍ കണ്ടതോടെ നിരവധിപ്പേരാണ് വീഡിയോക്ക് പ്രതികരണങ്ങളുമായെത്തിയത്.

വീട്ടില്‍ സമൂസ തയ്യാറാക്കാന്‍ ഒരു സമൂസ റെസിപ്പിയിതാ..

1. ഉരുളക്കിഴങ്ങ് വേവിച്ചത് -2 എണ്ണം 2.സവാള -1 എണ്ണം 3.പച്ചമുളക് -2 എണ്ണം 4. ഇഞ്ചി -1 ചെറിയ കഷ്ണം 5.ഗ്രീന്‍ പീസ് വേവിച്ചത് /ഫ്രഷ് ഗ്രീന്‍ പീസ് -1 കപ്പ് 6. മഞ്ഞള്‍ പൊടി -1/2 ടേബിള്‍ സ്പൂണ്‍ 7. ഗരം മസാല -1/4 ടേബിള്‍ സ്പൂണ്‍ 8. എണ്ണ -1 ടീസ്പൂണ്‍ 9. ഉപ്പ് - ആവശ്യത്തിന് 10. മല്ലിയില

സമൂസ ഷീറ്റ് ഉണ്ടാക്കാന്‍
1.മൈദ -1 കപ്പ് 2. നെയ്യ് -1 ടീസ്പൂണ്‍ 3. ഉപ്പ് -ആവശ്യത്തിന്

സമൂസ തയ്യാറാക്കുന്ന വിധം
മസാല ഉണ്ടാക്കാനായി ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് ഉപ്പ്, മഞ്ഞള്‍ പൊടി എന്നിവയിട്ട് വഴറ്റുക. അതിലേക്ക് വേവിച്ച ഗ്രീന്‍ പീസ് ഇട്ട് ഇളക്കുക. ഗരം മസാല വഴറ്റിയതിനുശേഷം ഉരുളക്കിഴങ്ങ് ഉടച്ചു ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിച്ചു ഒരു 2 മിനിറ്റ് ഇളക്കുക. അതിലേക്കു മല്ലിയില ഇട്ടു തീ അണക്കുക. സമൂസ ഷീറ്റ് ഉണ്ടാക്കാന്‍ മൈദയും ഉപ്പും നെയ്യും ഒന്നിച്ചിട്ട് ഇളക്കി കുറേശ്ശെയായി വെള്ളം ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പാകത്തില്‍ കുഴക്കുക.

ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ മൈദ കുറച്ചു വെള്ളം എന്നിവ ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. കുഴച്ചു വച്ച മാവില്‍ നിന്ന് ചെറിയ ഉരുളകള്‍ എടുത്തു പൂരിയെക്കാളും കുറച്ചു വലിപ്പത്തില്‍ കട്ടി കുറഞ്ഞു പരത്തി എടുക്കുക. അതിനു ശേഷം ഒരു ദോശക്കല്ല് ചൂടാക്കി പരത്തി എടുത്ത ഷീറ്റ് ഒരു സെക്കന്റ് രണ്ടു ഭാഗവും ചൂടാക്കി എടുക്കുക. ഷീറ്റ് വേണമെങ്കില്‍ ഫ്രിഡ്ജില്‍ വച്ചു പിന്നീട് സമൂസ ഉണ്ടക്കാനും ഉപയോഗിക്കാം.

ചൂടാക്കി എടുത്ത ഷീറ്റ് കോണ്‍ രൂപത്തില്‍ മടക്കിവെച്ച് മൈദ പേസ്റ്റ് വച്ചു ഒട്ടിക്കുക. അതിലേക്കു മസാല ഫില്ലിങ് ചേര്‍ക്കുക. മുകളില്‍ നിന്ന് താഴേക്കു മടക്കി വീണ്ടും മൈദ പേസ്റ്റ് ഒട്ടിക്കുക. എണ്ണ നന്നായി ചൂടായാല്‍ മീഡിയം തീയില്‍ വച്ചു ഗോള്‍ഡന്‍ കളര്‍ ആകുന്ന വരെ വറുത്തെടുക്കുക.

Content Highlights: Discover a viral street food stall in Jalandhar, Punjab, offering an astonishing 200 varieties of samosas.