76-ാം വയസിലും ഊർജസ്വലൻ; ഇഷ്ടം ഉപ്പുമാവും മുരിങ്ങയില പറാത്തയും, ഭക്ഷണ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി

വലിയ ജോലിഭാരത്തിനിടയിലും കണിശമായ ദിനചര്യയും ആരോഗ്യകരമായ ജീവിതശൈലിയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എപ്പോഴും ഊർജ്ജസ്വലനായി നിലനിർത്തുന്നത്. 76-ാം വയസ്സിലും അദ്ദേഹത്തിന്റെ ഈ പ്രസരിപ്പിന് പിന്നിലെ പ്രധാന രഹസ്യം ലളിതവും സാത്വികവുമായ ഭക്ഷണശീലങ്ങളാണ്. ആർഭാടങ്ങളൊന്നുമില്ലാത്ത, തികച്ചും ലളിതമായ സസ്യഭക്ഷണമാണ് അദ്ദേഹം എന്നും ഇഷ്ടപ്പെടുന്നത്.
അടുത്തിടെ ലെക്‌സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റിൽ തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളെക്കുറിച്ചും ഉപവാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഉപവാസം തന്റെ വേഗതയോ അധ്വാനശേഷിയോ കുറയ്ക്കുന്നില്ലെന്നും, മറിച്ച് അത് ആത്മീയമായ അച്ചടക്കവും ആത്മനിയന്ത്രണവുമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തന്റെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്ന പ്രധാന വിഭവങ്ങളെക്കുറിച്ചറിയാം.
ചാതുർമാസ്യ കാലഘട്ടത്തിൽ (ജൂൺ പകുതി മുതൽ നവംബർ വരെ) 24 മണിക്കൂറിൽ ഒരു നേരം മാത്രമാണ് പ്രധാനമന്ത്രി ഭക്ഷണം കഴിക്കുന്നത്. വർഷങ്ങളായി അദ്ദേഹം ഈ ആത്മീയവും ആരോഗ്യകരവുമായ പരമ്പരാഗത രീതിയാണ് പിന്തുടരുന്നത്.
സാബുദാന ഖിച്ച്ഡി
മോദിയുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് സാബുദാന ഖിച്ച്ഡി. 90-കളിൽ ഹിമാചൽ പ്രദേശിൽ പാർട്ടി ചുമതലയുണ്ടായിരുന്ന കാലത്ത്, പ്രാദേശിക നേതാവിന്റെ ഭാര്യയ്ക്ക് ശരിയായ രീതിയിൽ സാബുദാന ഖിച്ച്ഡി ഉണ്ടാക്കാൻ പഠിപ്പിച്ചു കൊടുത്ത അനുഭവം അവർ പറഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എളുപ്പത്തിൽ ദഹിക്കുന്നതും പെട്ടെന്ന് ഊർജ്ജം നൽകുന്നതുമാണ് ഈ വിഭവം.
ചവ്വരി, വറുത്തുപൊടിച്ച നിലക്കടല, ഉരുളക്കിഴങ്ങ്, പച്ചമുളക് എന്നിവ ചേർത്ത് തയ്യാറാക്കുന്ന വളരെ ജനപ്രിയമായ ഒരു ഉത്തരേന്ത്യൻ വിഭവമാണിത്. പ്രധാനമായും മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഇത് കൂടുതൽ ഉണ്ടാക്കുന്നത്. ഹൈന്ദവ വിശ്വാസികൾ വ്രതമെടുക്കുന്ന ദിവസങ്ങളിൽ (നവരാത്രി, ശിവരാത്രി സമയങ്ങളിൽ) ഊർജ്ജം നിലനിർത്താൻ കഴിക്കുന്ന പ്രധാന ഭക്ഷണമാണിത്. ഇതിലടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റും നിലക്കടലയിലെ പ്രോട്ടീനും ശരീരത്തിന് പെട്ടെന്ന് ഉന്മേഷം നൽകാൻ സഹായിക്കുന്നു. ഗ്ലൂട്ടൻ ഫ്രീ ആയ ഈ വിഭവം ഇന്ന് ഇന്ത്യയിലുടനീളം ഒരു മികച്ച ബ്രേക്ക്ഫാസ്റ്റ് വിഭവമായും കുട്ടികൾക്കുള്ള നാലുമണിപ്പലഹാരമായും ജനപ്രീതി നേടിയിട്ടുണ്ട്. നന്നായി കുതിർത്ത ചവ്വരി ഒട്ടിപ്പിടിക്കാതെ, മുത്തുമണികൾ പോലെ ഉതിർന്നു കിടക്കുന്ന പരുവത്തിൽ തയ്യാറാക്കുന്നതിലാണ് ഈ വിഭവത്തിന്റെ വിജയം. ഇതിലേക്ക് ചേർക്കുന്ന നാരങ്ങാനീരും മല്ലിയിലയും വിഭവത്തിന് പ്രത്യേക രുചിയും മണവും നൽകുന്നു.
ഉപ്പുമാവും പൊങ്കലും
തെന്നിന്ത്യൻ വിഭവങ്ങളോട് പ്രത്യേക താൽപ്പര്യമുള്ള വ്യക്തിയാണ് നരേന്ദ്ര മോദി. ലളിതമായ ഉപ്പുമാവും ഖിച്ച്ഡിക്ക് സമാനമായ മൃദുവായ ഘടനയുള്ള പൊങ്കലുമാണ് ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ അദ്ദേഹത്തിന് ഏറെ പ്രിയങ്കരമായത്. ചൂടുവെള്ളം കുടിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ദിനചര്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചൂടുവെള്ളം. ശാരദീയ നവരാത്രി കാലത്ത് ഭക്ഷണം പൂർണ്ണമായി ഒഴിവാക്കി ചൂടുവെള്ളം മാത്രം കുടിച്ചാണ് അദ്ദേഹം ഉപവാസം അനുഷ്ഠിക്കുന്നത്. നിർജ്ജലീകരണം തടയാനും ദഹനവ്യവസ്ഥ സുഗമമാക്കാനും ഇത് സഹായിക്കുന്നു.
മുരിങ്ങയില പറാത്ത
പോഷകഗുണങ്ങളാൽ സമൃദ്ധമായ മുരിങ്ങയില പറാത്തയാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രിയവിഭവം. നവമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെച്ച വീഡിയോയിലൂടെ ഈ വിഭവത്തോടുള്ള താല്പര്യം വ്യക്തമാക്കിയിരുന്നു.
ഗോതമ്പ് മാവ്, ഉപ്പ്, അയമോദകം, മുരിങ്ങ ഇലകൾ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ക്ലാസിക് പറാത്തയാണിത്, ഇത് നന്നായി കുഴച്ച്, എണ്ണയോ നെയ്യോ ഉപയോഗിച്ച് തവയിൽ പാകം ചെയ്യുന്നു.
ആയുർവേദ ആഹാരരീതിയും ഖിച്ച്ടിയും
ആയുർവേദ തത്വങ്ങളിൽ അധിഷ്ഠിതമായ ഭക്ഷണരീതിയോടും അദ്ദേഹത്തിന് പ്രത്യേക താത്പര്യമുണ്ട്. ആര്യവേപ്പില, വേപ്പിൻപൂവ്, കൽക്കണ്ടം എന്നിവ ഉൾപ്പെടുത്തിയുള്ള ഭക്ഷണ ശീലങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.തന്റെ ചെറുപ്പകാലം മുതൽ സ്വന്തമായി പാകം ചെയ്തു കഴിക്കാറുള്ള ലളിതമായ വിഭവമാണ് അരിയും പരിപ്പും ചേർത്ത ഖിച്ച്ഡി. ശരീരത്തിന് ഭാരമുണ്ടാക്കാത്ത സമ്പൂർണ്ണ ആഹാരമായാണ് അദ്ദേഹം ഇതിനെ കാണുന്നത്.
ധോക്ലയും മഖാനയും
ഒരു പരമ്പരാഗത ഗുജറാത്തി പലഹാരമായ ധോക്ല മോദിക്ക് ഏറെ ഇഷ്ടമാണ്. പ്രധാനമായും കടലമാവ് അല്ലെങ്കിൽ അരിയും ഉഴുന്നും അരച്ചെടുത്ത മാവ് പുളിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. എണ്ണ വളരെ കുറച്ച് മാത്രം ഉപയോഗിച്ച്, ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ഇത് ആരോഗ്യത്തിന് ഏറെ ഉത്തമവും ദഹിക്കാൻ എളുപ്പമുള്ളതുമാണ്. മഞ്ഞനിറത്തിൽ, സ്‌പോഞ്ച് പോലെ മൃദുവായ ധോക്ലയ്ക്ക് നേരിയ പുളിയും മധുരവുമുള്ള സവിശേഷമായ രുചിയാണുള്ളത്. കടുക്, പച്ചമുളക്, കറിവേപ്പില എന്നിവ വറുത്തിട്ട്, മല്ലിയിലയും തേങ്ങ ചിരവിയതും മുകളിൽ വിതറിയാണ് ഇത് വിളമ്പുന്നത്. പുതിന ചട്ണിയോടൊപ്പമോ ചായയ്‌ക്കൊപ്പമോ കഴിക്കാൻ പറ്റിയ മികച്ചൊരു ബ്രേക്ക്ഫാസ്റ്റ്-നാലുമണി പലഹാരമാണിത്.
വർഷത്തിൽ 365 ദിവസത്തിൽ 300 ദിവസവും തന്റെ പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി മഖാന കഴിക്കാറുണ്ടെന്ന് ബീഹാറിൽ നടന്ന ചടങ്ങിൽ മോദി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രോട്ടീനും ഫൈബറും കൊണ്ട് സമൃദ്ധമായ ഈ 'സൂപ്പർഫുഡ്' അദ്ദേഹത്തിന്റെ സ്ഥിരമായ ലഘുഭക്ഷണമാണ്.
ഖീറും ഝാൽ മുരിയും
തന്റെ അമ്മ ജീവിച്ചിരുന്നപ്പോൾ ജന്മദിനങ്ങളിൽ ശർക്കര കൂട്ടി ഭക്ഷണം നൽകിയിരുന്ന കാര്യം അദ്ദേഹം വൈകാരികമായി ഓർത്തെടുത്തിട്ടുണ്ട്. ഒഡീഷ സന്ദർശനവേളയിൽ അവിടുത്തെ ഒരു വീട്ടമ്മ നൽകിയ ശർക്കര പായസം അമ്മയുടെ സ്‌നേഹത്തെ ഓർമ്മിപ്പിച്ചതായി അദ്ദേഹം പങ്കുവെച്ചു. ഖീറും അദ്ദേഹത്തിന് പ്രിയപ്പെട്ട ഭക്ഷണമാണ്.
കൊൽക്കത്തയിലെ തെരുവുകളിൽ നിന്നും ഇന്ത്യയൊട്ടാകെ പ്രശസ്തമായി മാറിയ ഒരു ജനപ്രിയ ലഘുഭക്ഷണമാണ് ഝാൽ മുരി . ബംഗാളിയിൽ 'ഝാൽ' എന്നാൽ എരിവുള്ളതെന്നും 'മുരി' എന്നാൽ പൊരി എന്നുമാണ് അർത്ഥം. പൊരിയിലേക്ക് ചെറുതായി അരിഞ്ഞ സവാള, തക്കാളി, പച്ചമുളക്, വെള്ളരിക്ക, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവയും ചനചൂർ (മിക്‌സ്ചർ), വറുത്ത നിലക്കടല എന്നിവയും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. വിവിധ തരം മസാലപ്പൊടികൾക്കൊപ്പം ഇതിൽ ചേർക്കുന്ന തനതായ ബംഗാളി അച്ചാറിലെ എണ്ണയോ കടുകെണ്ണയോ ആണ് ഝാൽ മുരിക്ക് പ്രത്യേക രുചിയും മണവും നൽകുന്നത്. എണ്ണയും കൊഴുപ്പും വളരെ കുറവായതിനാൽ ആരോഗ്യകരമായ ഒരു നാലുമണി പലഹാരമായി ഇത് കഴിക്കാം. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ സജീവമായ അദ്ദേഹം, തെരുവ് വിഭവമായ 'ഝാൽ മുരി' കഴിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
വേപ്പിൻപൂ നീരും കൽക്കണ്ടവും
ചൈത്ര നവരാത്രി സമയത്തും ഹിന്ദു നവവത്സര ആരംഭത്തിലും പച്ച വേപ്പിലയും വേപ്പിൻപൂവും ചതച്ചെടുത്ത നീര് കൽക്കണ്ടം ചേർത്ത് കുടിക്കുന്ന ശീലം അദ്ദേഹത്തിനുണ്ട്. ഇത് രക്തം ശുദ്ധീകരിക്കാനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും സഹായിക്കുന്നു. ലളിതമായ ഭക്ഷണരീതിയും ആത്മീയമായ സ്വയംനിയന്ത്രണവുമാണ് പ്രായത്തെ തോൽപ്പിക്കുന്ന ഊർജ്ജസ്വലതയോടെ രാപ്പകലില്ലാതെ ജോലിചെയ്യാൻ നരേന്ദ്ര മോദിയെ പ്രാപ്തനാക്കുന്നത്.
Content Highlights: PM Narendra Modi maintains high energy at 76 through a simple, vegetarian, and sattvic diet., Key favorite foods include Sabudana Khichdi, upma, pongal, and moringa paratha., He practices intermittent fasting during Chaturmasya and consumes warm water during fasting periods., His diet incorporates Ayurvedic principles like neem flowers and rock sugar for immunity.