പൊതുവിപണിയിൽ പുഴുക്കലരിക്ക് ആവശ്യക്കാരേറി; കുറുവ അരിക്ക് വർധിച്ചത് 3 രൂപ വരെ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: റേഷന്‍കടകളില്‍ പച്ചരിമാത്രം വിതരണംചെയ്യുന്നതിനാല്‍ പൊതുവിപണിയില്‍ പുഴുക്കലരിക്ക് ആവശ്യക്കാരേറി; വിലയുംകൂടി. മലബാര്‍മേഖലയില്‍ ഏറ്റവുംകൂടുതല്‍ വില്‍പ്പനയുള്ള കുറുവ അരിക്ക് ചെറുകിടവിപണിയില്‍ മൂന്നുരൂപവരെ വര്‍ധിച്ചു. 45-48 രൂപയാണ് കുറുവയുടെ ഇപ്പോഴത്തെ വില. വെള്ളക്കുറുവയ്ക്കും പൊന്നിക്കും വില 40-45 വരെയും.

ബോധനയ്ക്കാണ് വിപണിയില്‍ വിലക്കുറവ്. 35-38 രൂപയാണ് ബോധനയുടെ വില. എന്നാല്‍, ഇതിന് ആവശ്യക്കാര്‍ കുറവാണെന്ന് കച്ചവടക്കാര്‍ പറയുന്നു. നേരത്തേ വില ഉയര്‍ന്നിരുന്ന ജയ, മട്ട എന്നിവയ്ക്ക് 10-രൂപ കുറഞ്ഞിട്ടുണ്ട്. ഇവയുടെ വിളവെടുപ്പ് തുടങ്ങിയതിനാലാണ് വിലകുറഞ്ഞത്.

അതേസമയം കുറുവ അരിയുടെ വിളവെടുപ്പ് ജനുവരിയിലാണ്. അതിനാല്‍ ഇനിയും വിലകൂടാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

സപ്ലൈകോയിലും പുഴുക്കലരിക്ക് ആവശ്യക്കാരേറി. കുറുവയ്ക്കാണ് വില്‍പ്പന കൂടുതല്‍. സബ്സിഡിനിരക്കില്‍ 25 രൂപയാണ് കുറുവയുടെ വില. സബ്സിഡി ഇല്ലാത്തതിന് 37 രൂപ നല്‍കണം. കഴിഞ്ഞമാസം 36 രൂപയായിരുന്നു. മട്ടയ്ക്ക് 24 രൂപയും പച്ചരിക്ക് 23 രൂപയുമാണ് സബ്സിഡി നിരക്ക്. സബ്സിഡിയില്ലാത്ത പൊന്നി അരിക്ക് 45 രൂപ നല്‍കണം.

റേഷന്‍കടകളിലൂടെ ബി.പി.എല്‍. കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ പുഴുക്കലരിമാത്രമേ വിതരണംചെയ്യുന്നുള്ളൂ.

വെള്ളയും നീലക്കാര്‍ഡുകാര്‍ക്കും ലഭിക്കുക പച്ചരിമാത്രം. അതിനാല്‍ പലരും റേഷന്‍വാങ്ങാന്‍ മടിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. അടുത്തമാസവും പച്ചരിതന്നെയാണ് വിതരണത്തിനെത്താന്‍ സാധ്യത.

Content Highlights: more demand for boiled rice, rice price hike at markets, food