പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ഇഷ്ടമില്ലാത്തവരാണോ? ആ ശീലം മാറ്റാം, വഴിയുണ്ട് - ഡോക്ടർ പറയുന്നു

#Lifestyle desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നുണ്ടെന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. എങ്കിലും അവ കഴിക്കാൻ പലർക്കും വിമുഖതയാണ്. അതുകാരണം ശരീരത്തിന് ലഭിക്കേണ്ട പല പോഷക ഗുണങ്ങളും നഷ്ടപ്പെട്ടേക്കാം.

അവശ്യ വിറ്റാമിനുകളും ധാതുക്കളും മുതൽ കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഫൈബറും എല്ലാം ആ ഗുണങ്ങളിൽ ഉൾപ്പെടുന്നു.

പച്ചക്കറികളും പഴങ്ങളുമൊന്നും ഇഷ്ടമല്ലാത്തവർക്ക് അവ കഴിച്ചു തുടങ്ങാൻ വഴികളുണ്ടെന്ന് വിശദമാക്കിയിരിക്കുകയാണ് യുകെയിൽ പ്രവർത്തിച്ചുവരുന്ന ഡോ. കരൺ രാജൻ. പച്ചക്കറികളുടെ രുചി ഇഷ്ടപ്പെട്ടില്ലെങ്കിലും അവ എങ്ങനെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിച്ചു ശീലിക്കമെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നു.

ശരിയായ സമീപനത്തിലൂടെ, കാലക്രമേണ പച്ചക്കറികൾ ഇഷ്ടപ്പെടുന്ന രീതിയിൽ രുചിമുകുളങ്ങളെ പരിശീലിപ്പിക്കുന്നത് തികച്ചും സാധ്യമാണെന്ന് അദ്ദേഹം പറയുന്നു. 'പച്ചക്കറികൾ ഇഷ്ടപ്പെടുന്നത് ഇച്ഛാശക്തിയുടെ കാര്യമല്ല, മറിച്ച് ന്യൂറോപ്ലാസ്റ്റിസിറ്റിയും മൈക്രോബയോം അഡാപ്‌റ്റേഷനും ഉൾപ്പെടുന്ന ഒരു കാര്യമാണത്', ഡോക്ടർ പറയുന്നു.

പച്ചക്കറികളുടെ രുചി ഇഷ്ടപ്പെട്ടില്ലെങ്കിൽ, അവയെ ഇഷ്ടപ്പെടുന്ന രീതിയിൽ നമ്മുടെ രുചിമുകുളങ്ങളെ ഹാക്ക് ചെയ്യാൻ കഴിയും. മിക്ക ആളുകളുടെയും വിമുഖത കാരണം അവർക്ക് പ്രതിദിനം ആവശ്യമായ 30 ഗ്രാം ഫൈബർ ശരീരത്തിലെത്തുന്നില്ല. ഒരാൾക്ക് രണ്ടാഴ്ചയിൽ താഴെ സമയംകൊണ്ട് രുചിമുകുളങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്നാണ് ഡോക്ടർ വീഡിയോയിൽ പറയുന്നത്.

'രുചിമുകുളങ്ങൾ ഓരോ 10 മുതൽ 14 ദിവസത്തിലും പുനരുജ്ജീവിപ്പിക്കപ്പെടുന്നുണ്ട്. അതിനാൽ അവയെ പല പുതിയ രുചികളോടും നിരന്തരം പരിചയപ്പെടുത്തിയാൽ ഫലം ലഭിക്കും. വെറും രണ്ടാഴ്ചയോളം ഫൈബർ അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നത് ഉപ്പിട്ടതും മധുരമുള്ളതുമായ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുകയും പച്ചക്കറികളോടുള്ള ഇഷ്ടം കൂട്ടുകയും ചെയ്തതായി 2019-ലെ ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു'- ഡോക്ടർ ചൂണ്ടിക്കാണിച്ചു.

വായയിലെ മൈക്രോബയോമും രുചിയും
വായയിലെ മൈക്രോബയോമും രുചികൾ എങ്ങനെ മനസ്സിലാക്കുന്നു എന്നതിനെ സ്വാധീനിക്കുന്നുണ്ടെന്ന് ഡോ. രാജൻ ചൂണ്ടിക്കാണിക്കുന്നു. ഒരാളുടെ ഭക്ഷണശീലങ്ങളാണ് വായിലെ ബാക്ടീരിയകളെ രൂപപ്പെടുത്തുന്നത്.

'നിങ്ങളുടെ വായിലെ ബാക്ടീരിയകൾ ഭക്ഷണം പുളിപ്പിച്ച് രുചിയെ മാറ്റുന്ന സംയുക്തങ്ങൾ ഉണ്ടാക്കുന്നു. കഴിക്കുന്ന ഭക്ഷണം പ്രധാനമായും അൾട്രാപ്രോസസ് ചെയ്തവയാണെങ്കിൽ, വായയിലെ മൈക്രോബ്‌സ് പഞ്ചസാരയും മറ്റും പ്രോസസ് ചെയ്യുന്നവയായിത്തീരും. എന്നാൽ കൂടുതൽ നാരുകളുള്ള ഭക്ഷണങ്ങളിലേക്ക് മാറുകയാണെങ്കിൽ വ്യത്യസ്ത മൈക്രോബ്‌സ് ഉണ്ടാകുന്നു.

പുതിയ രുചികളോട് തലച്ചോറ് ഉടൻ പൊരുത്തുപ്പെടില്ലെന്നും പകരം പരിചിതമായവയിലേക്ക് ആകർഷിക്കപ്പെടുന്നു എന്നും ഡോക്ടർ ഊന്നിപ്പറയുന്നു. ഒരു പുതിയ ഭക്ഷണം സ്വീകരിക്കാനും പിന്നീട് ഇഷ്ടപ്പെടാനും നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കാൻ പലതവണ അത് ആവർത്തിക്കേണ്ടതുണ്ട്. അതിനാൽ ആദ്യമായി എന്തെങ്കിലും ഇഷ്ടപ്പെടാതിരിക്കുന്നത് അന്തിമ വിധിയായി കണക്കാക്കേണ്ടതില്ല.

ഒരു രാത്രികൊണ്ട് ഒരു ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് മിക്ക ആളുകളും പരാജയപ്പെടുന്നത്. പഴങ്ങളോ പച്ചക്കറികളോ സ്മൂത്തികളിൽ ബ്ലെൻഡ് ചെയ്യുകയോ കാരറ്റ് അല്ലെങ്കിൽ ബീറ്റ്‌റൂട്ട് സോസുകളിൽ ഗ്രേറ്റ് ചെയ്യുകയോ ചെയ്ത് കഴിച്ചു തുടങ്ങാം.

ഇഷ്ടപ്പെടാത്ത ഭക്ഷണങ്ങൾ ആവർത്തിച്ച് കഴിക്കുന്നതും ചെറിയ അളവിൽ കഴിച്ചു തുടങ്ങുന്നതും നിങ്ങളെ സഹായിക്കും. ഭക്ഷണത്തിന്റെ രൂപത്തിൽ മാറ്റം വരുത്തി അതായത് വറുത്തോ ബ്ലെൻഡ് ചെയ്‌തോ സൂപ്പായോ കഴിക്കുന്നതും ആദ്യഘട്ടങ്ങളിൽ പരീക്ഷിക്കാവുന്നതാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)

Content Highlights: Don`t like veggies? UK surgeon Dr. Karan Rajan reveals how to retrain your taste buds and oral microbiome to enjoy healthy, plant-based foods.