എണീറ്റയുടനെ 1 ലിറ്റർ വെള്ളം, ഊണിന് കറികളെല്ലാം കൂട്ടിക്കലർത്തി കഴിക്കും; ഡയറ്റിനെക്കുറിച്ച് രശ്മിക

#Lifestyle desk
രശ്മിക മന്ദാന, പ്രതീകാത്മക ചിത്രം | Photo: AFP, Canva
രശ്മിക മന്ദാന, പ്രതീകാത്മക ചിത്രം | Photo: AFP, Canva

അഭിനയത്തിൽ മാത്രമല്ല ഡയറ്റിലും ചർമസംരക്ഷണത്തിലുമെല്ലാം ശ്രദ്ധ ചെലുത്തുന്ന നടിയാണ് രശ്മിക. ആരോഗ്യസംരക്ഷണത്തിനായി കഠിനവും വിചിത്രവുമായ ഭക്ഷണക്രമങ്ങളോ രീതികളോ താൻ പിന്തുടരാറില്ലെന്ന് രശ്മിക അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. പകരം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന സമീകൃതമായ ഭക്ഷണങ്ങളിലാണ് നടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രഭാത ഭക്ഷണം 
പിങ്ക്‌വില്ലയുമായുള്ള അഭിമുഖത്തിൽ, തന്റെ ദൈനംദിന ഭക്ഷണക്രമത്തെക്കുറിച്ച് രശ്മിക വെളിപ്പെടുത്തിയിരുന്നു. ആരോഗ്യത്തിനായുള്ള പ്രായോഗികമായ സമീപനത്തെ കുറിച്ചാണ് അവർ തുറന്നു പറഞ്ഞത്. താൻ പിന്തുടരുന്ന പ്രഭാത ദിനചര്യയെക്കുറിച്ചും രശ്മിക പങ്കുവെച്ചു.

'ഞാൻ ഉണർന്നാലുടൻ ധാരാളം വെള്ളം കുടിക്കാറുണ്ട്. രാവിലെ ഉണർന്നാലുടൻ ഏകദേശം ഒരു ലിറ്റർ വെള്ളം കുടിക്കും. എന്റെ ഡയറ്റീഷ്യൻ എനിക്ക് ആപ്പിൾ സൈഡർ വിനാഗിരി തന്നിട്ടുണ്ട്, അത് ദിവസവും എങ്ങനെ കുടിക്കാൻ കഴിയുന്നു എന്ന് എനിക്കറിയില്ല. അടുത്തിടെ ഞാൻ വെജിറ്റേറിയനായി. പ്രത്യേകിച്ച് എഗ്ഗെറ്റേറിയനായി മാറിയെന്നു പറയാം. വർക്ക്ഔട്ടിന് ശേഷം ഞാൻ മുട്ട കഴിക്കാറുണ്ട്', രശ്മിക പറഞ്ഞു.

രശ്മിക മന്ദാനയുടെ ദൈനംദിന ഭക്ഷണക്രമം 
തന്റെ ദൈനംദിന ഭക്ഷണത്തെക്കുറിച്ച് സംസാരിക്കവെ വർഷങ്ങളായുള്ള തന്റെ ഭക്ഷണശീലങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്ന് രശ്മിക മന്ദാന പങ്കുവെച്ചു. പ്രഭാതഭക്ഷണത്തിന് അവൊക്കാഡോ ടോസ്റ്റ് ആയിരുന്നു കഴിച്ചിരുന്നതെന്നും അതിനോട് വലിയ ഇഷ്ടമായിരുന്നുവെന്നും എന്നാൽ ഡയറ്റീഷ്യന്റെ ഉപദേശത്തെ തുടർന്ന്, ഇപ്പോൾ അത് കഴിക്കുന്നത് കുറച്ചിട്ടുണ്ട് എന്നും രശ്മിക പറഞ്ഞു.

'ഉച്ചഭക്ഷണത്തിന് ഞാൻ സൗത്ത് ഇന്ത്യൻ ഭക്ഷണരീതിയാണ് പിന്തുടരുന്നത്. പക്ഷെ ഞാൻ അധികം ചോറ് കഴിക്കാറില്ല. എല്ലാ കറികളും കൂട്ടിക്കലർത്തി കഴിക്കുന്ന ഒരു വിചിത്രമായ ശീലമുണ്ടെനിക്ക്. കാരണം അവയിൽ ധാരാളം പച്ചക്കറികളും രുചിയും എല്ലാമുണ്ട്, താരം കൂട്ടിച്ചേർത്തു. മധുരക്കിഴങ്ങ് കഴിക്കാൻ ഇഷ്ടമാണെന്നും രശ്മിക പറയുന്നു.

വൈകുന്നേരങ്ങളിൽ സാധാരണയായി ലഘുഭക്ഷണമാണ് കഴിക്കുന്നത്. എന്നിരുന്നാലും, കൂട്ടുകാരുമായി പുറത്തുപോകുമ്പോൾ, ഇടയ്ക്കിടെ ഇഷ്ടത്തിന് അത്താഴം കഴിക്കാറുണ്ട്. 'അത്താഴം എപ്പോഴും ലഘുവായാണ് കഴിക്കാറ്. എന്നാൽ ഞാൻ എന്റെ കൂട്ടുകാരുമായി പുറത്തുപോകുമ്പോൾ നന്നായി ഭക്ഷണം കഴിക്കാറുണ്ട്,' നടി പറയുന്നു.

ഭക്ഷണത്തിന്റെ കാര്യത്തിൽ അച്ചടക്കമുള്ള ആളാണെങ്കിലും മധുരപലഹാരങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് രശ്മിക തുറന്നു പറഞ്ഞു. തക്കാളി, ഉരുളക്കിഴങ്ങ്, വെള്ളരിക്ക, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ തനിക്ക് അലർജിയാണെന്നും രശ്മിക പറഞ്ഞു.

Content Highlights: Focus on balanced nutrition over extreme dieting, Morning routine includes drinking one liter of water, Transitioned to an eggetarian lifestyle for protein, Preference for South Indian cuisine with portion control, Discipline in daily meals with occasional flexibility for social outings