'റബ്‌നേ'; സ്വന്തം ബ്രാന്‍ഡിലുള്ള വന്‍തേനുമായി റബ്ബര്‍ ബോര്‍ഡ്, 23-ന് വിപണിയിലിറക്കും

പ്രതീകാത്മകചിത്രം | Photo: Canva.com
പ്രതീകാത്മകചിത്രം | Photo: Canva.com

കോട്ടയം: റബ്ബര്‍ബോര്‍ഡ് സ്വന്തം ബ്രാന്‍ഡിലുള്ള വന്‍തേന്‍ 23-ന് വിപണിയിലിറക്കും. റാന്നി ചേത്തക്കല്‍ സെന്‍ട്രല്‍ എക്‌സ്‌പെരിമെന്റ്‌സ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 

തുടര്‍ന്ന് 'റബ്ബര്‍തോട്ടങ്ങളില്‍ തേനീച്ചയെ നിലനിര്‍ത്തി സുസ്ഥിരവരുമാനം' എന്ന വിഷയത്തില്‍ സെമിനാറും ഉണ്ട്. റബ്‌നേ എന്ന പേരിലാണ് തേന്‍ ഇറക്കുന്നത്. ഇപ്പോള്‍ റബ്ബര്‍ ബോര്‍ഡിന്റെ തോട്ടങ്ങളില്‍നിന്ന് ശേഖരിക്കുന്ന തേനാണ് വില്‍ക്കുക. 

തുടക്കത്തില്‍ കോട്ടയം റീജണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, റാന്നി ചേത്തക്കല്‍ സെന്‍ട്രല്‍ എക്‌സ്‌പെരിമെന്റ്‌സ് സെന്റര്‍ എന്നിവിടങ്ങളിലാണ് വില്‍പ്പന. നിലവില്‍ ഇതേയിടങ്ങളില്‍നിന്ന് തേന്‍ അവര്‍ കൊണ്ടുവരുന്ന കുപ്പികളില്‍ നിറച്ചുനല്‍കാറുണ്ട്. അതിനുപകരം അടച്ചുറപ്പുള്ള കുപ്പികളില്‍ അനായാസം വില്‍ക്കാനുള്ള നടപടികള്‍ക്കാണ് ബോര്‍ഡ് തുടക്കമിടുന്നത്. രണ്ടാംഘട്ടത്തില്‍ റബ്ബര്‍കര്‍ഷകരില്‍നിന്നും തേന്‍ ശേഖരിച്ച് വില്‍ക്കാനും പദ്ധതിയുണ്ട്.

Content Highlights: rabne rubber board to sell own brand honey