ദഹനത്തെ സഹായിക്കും, രോഗപ്രതിരോധശേഷി വർധിപ്പിക്കും; കുടലിന്റെ ആരോഗ്യം കാക്കാൻ പ്രോബയോട്ടിക്കുകൾ

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനസംബന്ധമായ പ്രശ്നം പരിഹരിക്കാനും സഹായിക്കുന്ന പ്രോബയോട്ടിക്സിനോട് ജനങ്ങൾക്ക് പ്രിയമേറുന്നു. നാലുവർഷംകൊണ്ട് രാജ്യത്ത് ഇത്തരം ഉത്പന്നങ്ങളുടെ വിൽപന ഇരട്ടിയായി. പ്രമുഖ ബ്രാൻഡുകളും സ്റ്റാർട്ടപ്പുകളും ഉത്പന്നങ്ങൾ ഇറക്കുകയാണ്. 2021-ൽ 1,016 കോടിയുടെ ഉത്പന്നങ്ങളാണ് വിറ്റത്. ഇത് 2,070 കോടിയായി ഉയർന്നതായി ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷൻ കണക്കുകൾ പറയുന്നു. കാപ്സ്യൂൾ രൂപത്തിലും ഭക്ഷണ, പാനീയ, പൊടി രൂപങ്ങളിലും പ്രോബയോട്ടിക്സ് ലഭ്യമാണ്. ആന്റിബയോട്ടിക്സ് ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ശേഷവും മറ്റും ഡോക്ടർമാർ ഇവ നിർദേശിക്കാറുണ്ട്. എന്നാൽ ആളുകൾ സ്വന്തം നിലയിലും ഇവ വാങ്ങിക്കഴിക്കുന്നുണ്ട്. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന സൂക്ഷ്മാണുക്കൾ അടങ്ങിയ ഭക്ഷണങ്ങളും അനുബന്ധ വസ്തുക്കളുമാണ് പ്രോബയോട്ടിക്സിൽ ഉൾപ്പെടുന്നത്.
ശരീരത്തിനകത്ത് നിരവധി സൂക്ഷ്മാണുക്കൾ വസിക്കുന്നുണ്ട്. അവയിൽ പ്രധാനമാണ് കുടലുകളിലെ സൂക്ഷ്മാണുക്കൾ. സാധാരണമായി പ്രോബയോട്ടിക്സ് സുരക്ഷിതമാണ്. എന്നാൽ ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാവാം. ലാക്റ്റോബാസിലസ്, ലാക്റ്റോകോക്കസ്, ബൈഫിഡോ ബാക്ടീരിയം തുടങ്ങിയ ബാക്ടീരിയകളും സാക്കറോമൈസസ് പോലുള്ള യീസ്റ്റുകളും പ്രോബയോട്ടിക്കുകളായി ഉപയോഗിക്കുന്നു.
ആരോഗ്യപരമായ ഗുണങ്ങൾ
പ്രോബയോട്ടിക്സ് ദഹനത്തെ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു. ചില അലർജിയും അണുബാധയും തടയാൻ സഹായിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് നിലനിർത്താനും ദോഷകരമായ ബാക്ടീരിയകളെ നിയന്ത്രിക്കാനും സഹായിക്കുന്നു.
ഭക്ഷണത്തിൽനിന്ന്
തൈര്, മോര്, പുളിപ്പിച്ച പാൽ, പഴങ്കഞ്ഞി, യോഗർട്ട്, ദോശ, ഇഡലി, പുളിപ്പിച്ച സോയാബീൻ ഉത്പന്നങ്ങൾ എന്നിവയിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്.
സൂപ്പറാണ് പഴങ്കഞ്ഞിയും തൈരും
മലയാളികളുടെ പരമ്പരാഗത ഭക്ഷണങ്ങളിൽപ്പെട്ട പഴങ്കഞ്ഞിയും തൈരും ഒന്നാന്തരം പ്രൊബയോട്ടിക്കാണ്. ‘ഫെർമന്റേഷൻ നടക്കുമ്പോൾ തന്നെ ഗുണകരമായ സൂക്ഷ്മാണുക്കൾ ഇതിൽ കൂടുന്നുണ്ട്. കൂടാതെ അരിയിലെ നാരിന്റെ അംശം പുളിക്കുമ്പോൾ അത് പ്രിബയോട്ടിക്കായും മാറുന്നു.
നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ് പ്രിബയോട്ടിക്. പഴങ്കഞ്ഞി കുടിക്കുമ്പോൾ പോഷകാംശങ്ങളുടെ ആഗിരണശേഷി കൂടുകയും ചെയ്യുന്നു. പ്രിബയോട്ടിക്കും പ്രൊബയോട്ടിക്കും ഒന്നിച്ച് ഉപയോഗിക്കുന്ന സൈൻബയോട്ടിക്ക് എന്ന നിലയിലും പഴങ്കഞ്ഞി ഉപയോഗിക്കാം.
പഴങ്കഞ്ഞിക്കൊപ്പം തൈര് കൂടി ചേർത്താൽ മതി. ഒരു പച്ചമുളക് കൂടിയാകുമ്പോൾ വൈറ്റമിൻ സിയും ലഭിക്കും.’ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് റിട്ട. സീനിയർ ഡയറ്റീഷ്യൻ ഡോ. ശ്രീദേവി ജയരാജ് പറയുന്നു
Content Highlights: Discover the surging popularity of probiotics