പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യാറുണ്ടോ? എങ്കില്‍ വേഗം തിരുത്തിക്കോളൂ

അടുക്കളയില്‍ പ്രഷര്‍ കുക്കര്‍ ഉപയോഗിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ പലപ്പോഴും ആളുകള്‍ ഒരുപാട് തെറ്റുകള്‍ വരുത്താറുണ്ട്. അല്‍പം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കാനും ആഹാരം കേടായിപോകുന്നതടക്കമുള്ള കാര്യങ്ങള്‍ തടയാനും സഹായിക്കും.
ഒരുപാട് സാധനങ്ങളിട്ട് വേവിക്കാതിരിക്കുക
സമയം ലാഭിക്കാനായി അളവില്‍ കൂടുതല്‍ സാധനങ്ങള്‍ കുക്കറില്‍ ഉള്‍കൊള്ളിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തലാണ്. കൂടിയ അളവില്‍ ഭക്ഷണസാധനങ്ങളിട്ട് കുക്കറില്‍ വേവിക്കാതിരിക്കുക. ഇത് പാചകംചെയ്യുന്ന വസ്തു നാശമാകാനും കുക്കര്‍ പൊട്ടിത്തെറിക്കാനും ഇടയാക്കിയേക്കാം.
പാല്‍ പെട്ടെന്ന് ചേര്‍ക്കാതിരിക്കുക
കുക്കറില്‍ പാചകംചെയ്യുമ്പോള്‍ പെട്ടെന്ന് പാലോ, തൈരോ ക്രീമോ ചേര്‍ക്കുന്നത് അത് കേടാകാന്‍ കാരണമാകും. ഉയര്‍ന്ന മര്‍ദവും ചൂടും പാലിലെ പ്രോട്ടീന്‍ ഇല്ലാതാക്കും.
കൂടുതല്‍ തീയില്‍ വേവിക്കാതിരിക്കുക
കുക്കറിലെ ഭക്ഷണം കുറഞ്ഞ തീയില്‍ മാത്രം വേവിക്കുക. കുക്കറിനകത്തുള്ള സാധനങ്ങള്‍ പാകമാകുന്നതിന് മുമ്പേ വിസില്‍ വരാന്‍ ഇത് കാരണമാകും. മാത്രമല്ല ഇത് താഴെ ഭാഗത്തുള്ള ഭക്ഷണത്തിന്റെ വേവ് കുറയ്ക്കുകയും ചെയ്യും. മീഡിയം തീയിലോ കുറഞ്ഞ തീയിലോ ആണ് കുക്കറില്‍ പാചകം ചെയ്യേണ്ടത്.
ആവശ്യത്തിന് വെള്ളമൊഴിച്ച് കുക്കറില്‍ ഭക്ഷണമുണ്ടാക്കുക
കുക്കറിലെ ആവിയും മര്‍ദവുമാണ് ഭക്ഷണം വേവാന്‍ കാരണമാകുന്നത്. അതുകൊണ്ടുതന്നെ കുക്കറില്‍ ആവശ്യത്തിന് വെള്ളമുണ്ട് എന്ന് ഉറപ്പ് വരുത്തിയിട്ടുവേണം പാചകം തുടങ്ങാന്‍. അല്ലെങ്കില്‍ ഭക്ഷണം കരിഞ്ഞുപോകാനും കുക്കര്‍ കേടുവരാനും സാധ്യതയുണ്ട്. വെള്ളം കൂടാതിരിക്കാനും ശ്രദ്ധിക്കുക.
മര്‍ദം റിലീസ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക
കുക്കറിലെ മര്‍ദം എങ്ങനെയാണ് റിലീസ് ചെയ്യുന്നത് എന്നത് ഭക്ഷണത്തിന്റെ രുചിയെയും ബാധിക്കും. വെള്ളത്തിനുതാഴെ കുക്കര്‍വെച്ച് പെട്ടെന്ന് മര്‍ദം കളയുന്നത് എല്ലാ ഭക്ഷണങ്ങളും പാചകം ചെയ്യുമ്പോള്‍ സാധിക്കില്ല. പച്ചക്കറികൊണ്ടുള്ള ഭക്ഷണമാണെങ്കില്‍ ഇങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമില്ല. പാസ്തയോ മറ്റോ ഏറെ നേരം കുക്കറിലെ മര്‍ദത്തില്‍തന്നെ വെച്ചാല്‍ അധികം വെന്തുപോകാനിടയാകും. കൂടുതല്‍ ഇന്ത്യന്‍ ഭക്ഷണങ്ങളും കുക്കറിലെ മര്‍ദം തന്നെത്താന്‍ പുറത്തുപോയശേഷം എടുത്ത് ഉപയോഗിക്കുന്നതാണ് നല്ല രുചിക്ക് നല്‍കുക.
Content Highlights: Learn essential pressure cooking safety tips to avoid common mistakes