ഞാന്‍ കഴിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും നല്ലത്; വീട്ടില്‍ മോമോസ് പാര്‍ട്ടിയൊരുക്കി പ്രജക്ത

പ്രജക്തയും വൃഷാങ്കും, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മോമോസിൻെറ ചിത്രം | Photo: Instagram
പ്രജക്തയും വൃഷാങ്കും, ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മോമോസിൻെറ ചിത്രം | Photo: Instagram

മോമോ നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമായിട്ട് അധികകാലമായിട്ടില്ല. ബോളിവുഡ് താരം പ്രജക്ത കോലി വീട്ടില്‍ മോമോസ് പാചകം ചെയ്ത് കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഷെഫ് ശരന്‍ശ് ഗൊയ്‌ലയാണ് പ്രജക്തയ്ക്കും ഭര്‍ത്താവ് വൃഷാങ്ക് ഖനാലിനും ഒപ്പം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. മോമോസ് തയ്യാറാക്കുന്നതിന്റെ വീഡിയോയും മോമോസ് ആവിയില്‍ വേവിക്കുന്നതും പാചകംചെയ്‌തെടുത്തവ പ്ലേറ്റിലില്‍ തയ്യാറാക്കിവെച്ചതിന്റേയുമെല്ലാം ചിത്രങ്ങളുമാണ് പോസ്റ്റിലുള്ളത്. 

ഞാന്‍ കഴിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും നല്ല മോമോയും അച്ചാറും (ചട്‌നി) എന്ന് പറഞ്ഞുതുടങ്ങുന്ന കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഷെഫ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഞാന്‍ കഴിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും നല്ല മോമോയും അച്ചാറും? അതെ, അതിത് തന്നെ. അങ്ങനെ തിരഞ്ഞെടുക്കാന്‍ പല കാരണങ്ങളുണ്ട്. അവ രുചികരവും നല്ല ജ്യൂസിയുമായിരുന്നു. അദ്ദേഹം കുറിച്ചു. 

ഏകദേശം 60 മോമോകള്‍ ഉണ്ടാക്കിയെന്നും നേപ്പാളി ചട്ണി, ടൈമൂര്‍ പൊടി(ഒരുതരം കുരുമുളക് പൊടി), ഭൂത് ജൊളോക്കിയ അച്ചാര്‍(ഉണ്ടമുളക് കൊണ്ടുള്ള അച്ചാര്‍)എന്നിവയോടൊപ്പമാണ് അത് കഴിച്ചതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മോമോ ഉണ്ടാക്കുമ്പോള്‍ പങ്കിട്ടത് നല്ല നിമിഷങ്ങളാണെന്നും ലളിതമായ, ആത്മാവിനെ നിറച്ച ഭക്ഷണമാണ് പഴയകാലത്തെ ഓര്‍മിപ്പിക്കും വിധം അത്താഴമായി കഴിച്ചതെന്നും ഹൃദയവും വയറും ഒരുപോലെ നിറഞ്ഞെന്നും ഷെഫ് കുറിച്ചു. 

മോമോകളുടെ ഒരു പരമ്പരയെന്ന് എഴുതിബോര്‍ഡും വൈന്‍ ഗ്ലാസുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രജക്തയേയും വൃഷാങ്കിനേയും ചിത്രത്തില്‍ കാണാം. 

രസകരമായ നേരങ്ങളെന്നാണ് വൃഷാങ്ക് പോസ്റ്റില്‍ കമന്റ് ചെയ്തത്. സെലിബ്രിറ്റികളും ഫുഡ് വ്‌ളോഗര്‍മാരും ആരാധകരുമടക്കം നിരവധി പേര്‍ പോസ്റ്റിന് പ്രതികരണങ്ങളുമായി എത്തി. 

നെറ്റ്ഫ്ലിക്സിന്റെ 'മിസ്മാച്ച്ഡ്' എന്ന സീരീസിലൂടെ ജനപ്രീതിയാര്‍ജിച്ച പ്രജക്ത കോലിയും വൃഷാങ്ക് ഖനാലും അടുത്തിടെയാണ് വിവാഹിതരായത്. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹചടങ്ങുകളുടെ ചിത്രങ്ങള്‍ പ്രജക്ത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. യുട്യൂബറും എഴുത്തുകാരിയുംകൂടിയാണ് പ്രജക്ത.

മുട്ട നിറച്ച് മോമോസ് ഉണ്ടാക്കിയാലോ? 

ചേരുവകള്‍
മൈദ- ഒരുകപ്പ്
എണ്ണ- ആവശ്യത്തിന്
മുട്ട- മൂന്നണ്ണം
ഉപ്പ്- ആവശ്യത്തിന്
സവാള- രണ്ടെണ്ണം
പച്ചമുളക്- രണ്ടെണ്ണം
വെളുത്തുള്ളി- പത്ത് അല്ലി
ഇഞ്ചി- ഒരിഞ്ച്
മല്ലിയില- ഒരു തണ്ട്
കുരുമുളക്- ഒരു ടീസ്പൂണ്‍
ഗരംമസാല- അര ടീസ്പൂണ്‍
വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മൈദ ആവശ്യത്തിന് വെള്ളവും എണ്ണയും ഉപ്പും ചേര്‍ത്ത് കുഴച്ചുവെക്കുക. ഇരുപതു മിനിറ്റ് മൂടിവെക്കാം. ഈ സമയം ഫില്ലിങ് തയ്യാറാക്കാം. എണ്ണയൊഴിച്ച് സവാളയും പച്ചമുളകും അരിഞ്ഞുവച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. ഇനി ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റാം. ശേഷം മുട്ട പൊട്ടിച്ച് ചിക്കിയെടുക്കുക. ഇതിലേക്ക് ഗരംമസാലയും കുരുമുളകുപൊടിയും ചേര്‍ത്തിളക്കുക. മല്ലിയില ചേര്‍ത്ത് വാങ്ങിവെക്കാം. 

ഇനി മൈദ ചെറിയ വട്ടത്തില്‍ പരത്തിയെടുത്ത് ഫില്ലിങ് നിറച്ച് അരികുകള്‍ മടക്കി യോജിപ്പിക്കുക. ശേഷം ഓരോന്നായി ഇപ്രകാരം ചെയ്ത് 15 മിനിറ്റോളം ആവിയില്‍ പുഴുങ്ങിയെടുക്കുക. 

Content Highlights: Prajakta Koli & husband made delicious momos