കലോറി കുറഞ്ഞ ഭക്ഷണം തിരഞ്ഞ് നടക്കുകയാണോ? പൈനാപ്പിളും ഇളനീരും ചേർത്തൊരു പരീക്ഷണം

പൈനാപ്പിള്‍ ജ്യൂസില്‍ ഇഞ്ചി ചേർത്താലുള്ള സ്വാദ് നമുക്ക് പരിചിതമാണ്. ചൂടിൽനിന്നുള്ള ശമനത്തിനായി സ്ഥിരം കുടിക്കുന്ന ജ്യൂസുകളിൽ ചില പരീക്ഷണങ്ങൾ നല്ലതാണ്. സ്വാദിഷ്ടവും കലോറി കുറഞ്ഞതുമായ ഒരു റെസിപ്പി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ന്യൂട്രീഷനിസ്റ്റായ ലീമ മഹാജൻ.
പൈനാപ്പിളിനൊപ്പം ഇളനീര് ചേർത്താണ് ജ്യൂസിനെ ലീമ ആരോഗ്യഗുണങ്ങളാൽ സമ്പന്നമാക്കുന്നത്. കൃത്യമായ ഡയറ്റ് പിന്തുടരുന്നവർക്കായി സ്പെഷ്യൽ ജ്യൂസിലെ കലോറിയുടെ അളവും ഇവർ പങ്കുവെക്കുന്നുണ്ട്. പഞ്ചസാര ചേർക്കേണ്ടാത്ത ഈ ജ്യൂസിൽ 70 കലോറി മാത്രമാണുള്ളത്.
പൈനാപ്പിളിന്റെ ആരോഗ്യഗുണങ്ങളോടൊപ്പം ഇളനീരിലെ മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, വിറ്റാമിൻ സി എന്നീ പോഷകങ്ങൾ കൂടിച്ചേരുമ്പോൾ ജ്യൂസിന്റെ മൂല്യമേറും. ഇളനീര് ഫാറ്റ്-ഫ്രീ ആയതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഇത് ഗുണകരമാണ്.
ഒരു ഗ്ലാസ് ഇളനീര്, വട്ടത്തിൽ അരിഞ്ഞ പൈനാപ്പിൾ രണ്ട് കഷണങ്ങൾ, ഒരു ടേബിൾസ്പൂൺ ചെറുതായി അരിഞ്ഞ ഇഞ്ചി, ഒരു നാരങ്ങയുടെ നീര്, ഒരു നുള്ള് മുളകുപൊടി, ഒരു നുള്ള് കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയാണ് ലീമ പങ്കുവെച്ച റെസിപ്പിയിലെ ചേരുവകൾ.
ഇവ നന്നായി മിക്സിയിൽ അടിച്ച ശേഷം അരിക്കാതെ കുടിക്കാനാണ് ഇവർ നിർദേശിക്കുന്നത്.
Content Highlights: Refreshing & healthy pineapple coconut ginger juice recipe