അച്ചാർ പെട്ടെന്ന് കേടായോ? കാരണമെന്താകാം?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

#Lifestyle desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചോറ്, കഞ്ഞി, ദോശ, ഉപ്പുമാവ് എന്നിവയെല്ലാം അച്ചാർ കൂട്ടിക്കഴിക്കുന്ന ശീലമുള്ളവരാണ് മലയാളികൾ. മാങ്ങ, ചെറുനാരങ്ങ, മാങ്ങയിഞ്ചി, കാരറ്റ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി... അങ്ങനെ കൊതിയൂറുന്ന എത്രയെത്ര അച്ചാറുകൾ.. എന്നാൽ അച്ചാർ എത്ര കാലം കേടുകൂടാതെയിരിക്കും എന്നറിയാമോ?

എണ്ണ, ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ, വിനാഗിരി എന്നിവയെല്ലാം അടങ്ങിയ ഇന്ത്യൻ സ്‌റ്റൈൽ അച്ചാറുകൾ വളരെക്കാലം കേടുകൂടാതെയിരിക്കുന്നതിനുള്ള കാരണം ഇതിലെ ചേരുവകൾ തന്നെയാണ്. ഇവ രുചി വർധിപ്പിക്കുക മാത്രമല്ല, അച്ചാർ കേടാവാതെയിരിക്കാനും സഹായിക്കുന്നു.

അച്ചാറുകളുടെ ഷെൽഫ് ലൈഫ്
ചേരുവകൾ, അത് എങ്ങനെ തയ്യാറാക്കുന്നു, എങ്ങനെ സൂക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അച്ചാറിന്റെ ഷെൽഫ് ലൈഫ്. മാങ്ങ, നാരങ്ങ എന്നിവകൊണ്ട് തയ്യാറാക്കുന്ന എണ്ണ ചേർത്തുള്ള അച്ചാറുകൾ ശരിയായ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ ഒന്നുമുതൽ മൂന്ന് വർഷം വരെ ഉപയോഗിക്കാം.

ഉപ്പിലിട്ടവ ആറ് മാസം മുതൽ ഒരു വർഷം വരെയാണ് സാധാരണയായി ഉപയോഗിക്കാനാവുക. വിനാഗിരി ഉപയോഗിച്ചുള്ള അച്ചാറുകൾ ഒന്നു മുതൽ രണ്ട് വർഷം വരെ ഉപയോഗിക്കാം.

വീട്ടിൽ ഉണ്ടാക്കിയ അച്ചാറുകൾ അത് സൂക്ഷിക്കുന്ന രീതിയും വൃത്തിയും അനുസരിച്ച് സാധാരണയായി ആറ് മാസം മുതൽ ഒരു വർഷം വരെ ഉപയോഗിക്കാം. കടകളിൽ നിന്ന് വാങ്ങുന്ന അച്ചാറുകൾ സംസ്‌കരിച്ചവയും പാക്കേജിങ് ചെയ്തതും ആയതിനാൽ പലപ്പോഴും കൂടുതൽ കാലം കേടുകൂടാതെയിരിക്കും. 

അച്ചാറുകൾ കൂടുതൽ കാലം ഉപയോഗിക്കാൻ എന്തുചെയ്യണം?

  • അച്ചാർ എടുക്കുന്നതിനായി എപ്പോഴും വൃത്തിയുള്ള, ഉണങ്ങിയ സ്പൂണുകൾ ഉപയോഗിക്കുക.
  • അച്ചാർ എണ്ണയിലോ ഉപ്പിലോ പൂർണമായും മുങ്ങിക്കിടക്കുന്നുവെന്ന് ഉറപ്പാക്കുക.
  • അച്ചാറിൽ വെള്ളം ചേർക്കുന്നത് ഒഴിവാക്കുക.
  • ഉപയോഗത്തിനു ശേഷം ജാർ മുറുക്കി അടയ്ക്കുക.
  • നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും ചൂടിൽ മാറ്റിവെക്കുക.
  • തണുത്തതും ഉണങ്ങിയതുമായ സ്ഥലത്ത് സൂക്ഷിക്കുക
  • ആവശ്യമെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക

ശരിയായ പാത്രം ഉപയോഗിക്കുക
ഗ്ലാസ് ജാറുകൾ അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ അനുയോജ്യമാണ്, കാരണം അവ പുളിയുള്ള ചേരുവകളുമായി പ്രതിപ്രവർത്തിക്കുന്നില്ല. അവ രുചി നിലനിർത്താനും സഹായിക്കുന്നു. ദീർഘകാല സംഭരണത്തിനായി ഭരണി പോലുള്ളവ തിരഞ്ഞെടുക്കാം.

ഇടയ്ക്ക് അച്ചാർ പരിശോധിക്കുക
അച്ചാറിലെ പൂപ്പൽ, ദുർഗന്ധം, അസാധാരണമായ ഘടന തുടങ്ങിയ കേടാകുന്നതിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. എന്തെങ്കിലും വ്യത്യാസം കണ്ടാൽ, അത് കളയുന്നതാണ് നല്ലത്. 

Content Highlights: Discover the amazing shelf life of Indian pickles (achaar)! Learn storage tips, preservative secrets, and how long different types last.