മൃദുവും രുചികരവുമായ പോഹ തയ്യാറാക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

പ്രാതലിനും ഇടവേളയിലും കഴിക്കാന്‍ ബെസ്റ്റാണ് പോഹ. അവലിനോട് മുഖംതിരിക്കുന്നവര്‍ പോലും അതുപയോഗിച്ച് പോഹയുണ്ടാക്കി കഴിക്കുന്നതു കാണാം. എന്നാല്‍ പലരുടേയും പോഹ പരീക്ഷണം എല്ലായ്പ്പോഴും വിചാരിച്ചതുപോലെ വിജയിച്ചിട്ടുണ്ടാകില്ല, അല്ലേ? പോഹയുണ്ടാക്കുമ്പോള് ചിലപ്പോളത് വരണ്ടോ പൊടിഞ്ഞോ പോകാം. മൃദുവും നനവുമുള്ള പോഹ തയ്യാറാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവല് ഡ്രൈ ആവാതെ നോക്കുന്നതാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം.
അവല് ഡ്രൈയാവുന്നതിനുള്ള കാരണങ്ങള്‍
1. ശരിയായി കഴുകാത്തത്
പാകംചെയ്യുന്നതിന് മുമ്പ് അവല് വെള്ളത്തില്‍ ചെറുതായി കഴുകിയെടുക്കേണ്ടതുണ്ട്. ഈ ഘട്ടം ഒഴിവാക്കുകയോ അമിതമായി അവല് കഴുകുകയോ ചെയ്താല്‍ അത് ഒന്നുകില്‍ വരണ്ടതോ അല്ലെങ്കില്‍ കുഴഞ്ഞുപോവുകയോ ചെയ്യും.
2. ശരിയായി കുതിര്ക്കാത്തത്
അവല് കൂടുതല്‍ നേരം വെള്ളത്തില്‍ കുതിര്‍ത്തുവെക്കാന്‍ പാടില്ല. കുതിര്‍ത്ത അവലിലെ ഈര്‍പ്പം മാറിയതിനുശേഷമാണ് പാകംചെയ്യേണ്ടത്.
3. കൂടുതല്‍ നേരം വേവിക്കുന്നത്
അമിതമായി വേവിക്കുന്നത് അവലിന്റെ സ്വാഭാവികമായ മാര്‍ദവം നഷ്ടപ്പെടുത്തുന്നു.
അവല് നനവുള്ളതും മൃദുവുമാക്കാനുള്ള വഴികള്‍
ഒന്നോ രണ്ടോ തവണ കഴുകി മാറ്റിവയ്ക്കുക: ഒരു അരിപ്പയില്‍ അവല് എടുത്ത്, ഒഴുകുന്ന വെള്ളത്തില്‍ കഴുകി 5-7 മിനിറ്റ് മാറ്റിവയ്ക്കുക. ഇത് കുഴഞ്ഞുപോകാതെ ആവശ്യത്തിന് ഈര്‍പ്പം വലിച്ചെടുക്കാന്‍ സഹായിക്കും.
പാചകം ചെയ്യുമ്പോള്‍ വെള്ളം തളിക്കുക: പാനില്‍ അവല് അല്പം വരണ്ടതായി തോന്നുന്നുവെങ്കില്‍ 1-2 ടേബിള്‍സ്പൂണ്‍ വെള്ളം തളിച്ച്, ഒരു അടപ്പുകൊണ്ട് മൂടി കുറച്ച് മിനിറ്റ് ആവിയില്‍ വേവിക്കുക.
ഫ്രഷായ പച്ചക്കറികള്‍ ഉപയോഗിക്കുക: ഉള്ളി, ഗ്രീന്‍പീസ്, ഉരുളക്കിഴങ്ങ്, അല്ലെങ്കില്‍ കാരറ്റ് എന്നിവ അല്പം ഈര്‍പ്പം പുറത്തുവിടുകയും, സ്വാഭാവികമായ മാര്‍ദവം നല്‍കുകയും ചെയ്യും.
നാരങ്ങാനീര് ചേര്‍ക്കുക: രുചിക്ക് പുറമെ, അവല് വരണ്ടുപോകുന്നത് തടയാനും ഇത് സഹായിക്കും.
പുതിയ മല്ലിയില, ചിരകിയ തേങ്ങ, മാതളം എന്നിവ ഉപയോഗിച്ച് അലങ്കരിച്ച് പോഹ കഴിക്കുന്നത് രുചിയും കാഴ്ചയ്ക്ക് ഭംഗിയും നല്കുന്നു.
ആരോഗ്യകരമോ അവല്?
ആരോഗ്യകരമായ പ്രഭാതഭക്ഷണങ്ങളിലൊന്നായാണ് പോഹയെ കണക്കാക്കുന്നത്. ലളിതമായ ഭക്ഷണമായതിനാല്‍ കഴിച്ചാല്‍ അമിതമായി വയറുനിറഞ്ഞതായി അനുഭവപ്പെടില്ല. ദഹിക്കാന്‍ എളുപ്പമുള്ളതും കലോറി കുറഞ്ഞതുമായ ഭക്ഷണമാണ് പോഹ. പരത്തിയ അരിയില്‍ നിന്ന് ഉണ്ടാക്കുന്നതുകൊണ്ട് ആവശ്യമായ ഊര്‍ജവും അത് നല്കുന്നു.
നിലക്കടല, പച്ചക്കറികള്‍, കറിവേപ്പില എന്നിവ ചേര്‍ക്കുന്നത് ഇതിന്റെ പോഷകമൂല്യം വര്‍ധിപ്പിക്കുന്നു. എന്നിരുന്നാലും, അവല് എണ്ണയില്‍ വറുക്കുന്നതോ അമിതമായി എണ്ണ ചേര്‍ക്കുന്നതോ അതിന്റെ ആരോഗ്യഗുണങ്ങള്‍ കുറയ്ക്കും. ശരിയായ സന്തുലിതാവസ്ഥയ്ക്കായി കുറഞ്ഞ അളവിലുള്ള എണ്ണയില്‍ വഴറ്റിയെടുക്കുന്നതാണ് ഉത്തമം.
Content Highlights: Learn how to make soft, moist, and flavorful poha every time. Avoid common mistakes like dryness or mushiness with these simple cooking tips. Perfect for breakfast or snacks!