ശാസ്ത്രോത്സവത്തിൽ വയറും മനസ്സും നിറയ്‌ക്കാൻ പഴയിടത്തിന്റെ രുചിക്കലവറ; ചുക്കാൻ പിടിച്ച് പഴയിടം യദു

പാലക്കാട്: സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിൽ രുചിനിറയ്‌ക്കാൻ ഇത്തവണയും പഴയിടത്തിന്റെ കലവറ ഒരുങ്ങിക്കഴിഞ്ഞു. ഗവ. വിക്ടോറിയാ കോളേജ് മൈതാനത്താണ് അടുക്കളയൊരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ടുനടന്ന പാലുകാച്ചലോടെ അടുക്കള സജീവമായി. പഴയിടം യദുവിന്റെ നേതൃത്വത്തിലാണ് കലവറയൊരുക്കുന്നത്. കെഎസ്ടിഎക്കാണ് ഭക്ഷണനടത്തിപ്പ് ചുമതല.
ശാസ്ത്രോത്സവ ഭക്ഷണക്കമ്മിറ്റി ചെയർമാൻ പി. മമ്മിക്കുട്ടി എംഎൽഎ പാചകപ്പുരയുടെ ഉദ്ഘാടനം പാലുകാച്ചി നിർവഹിച്ചു.
മുഖ്യ പാചകക്കാരൻ പഴയിടം യദു, ഭക്ഷണക്കമ്മിറ്റി കൺവീനർ എം.കെ. നൗഷാദലി, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. അരുൺകുമാർ, എം.ആർ. മഹേഷ്‌കുമാർ, ബി. സുനിൽ, എ.ജെ. ശ്രീനി, മുഹമ്മദ് അഷറഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗവ. വിക്ടോറിയ കോളേജിനെക്കൂടാതെ ബിഇഎംഎച്ച്എസ്‌എസിലും ഒരു ഉപ ഭക്ഷണകേന്ദ്രം ഒരുക്കിയിട്ടുണ്ട്. മറ്റു സ്കൂളുകളിലെ മത്സരാർഥികൾക്കും ഔദ്യോഗിക ചുമതലയുള്ളവർക്കും ബുഫെ സംവിധാനത്തിലൂടെ ഭക്ഷണം ലഭ്യമാക്കും.
ശാസ്ത്രോത്സവത്തിനെത്തുന്നവർക്കായി മൂന്നുനേരവും സ്വാദിഷ്ടമായ സസ്യാഹാരവും വൈകീട്ട് ചായയും ലഘുഭക്ഷണവുമാണ് ഒരുക്കുന്നത്. ആദ്യ മൂന്നുദിവസവും ഉച്ചയ്‌ക്ക് സാമ്പാർ, പുളിശ്ശേരി, കിച്ചടി, പച്ചടി, അവിയൽ, കൂട്ടുകറി എന്നിവയടക്കം വിഭവസമൃദ്ധമായ ഊണൊരുക്കും. പാൽപ്പായസം, ഗോതമ്പുപായസം, അടപ്രഥമൻ എന്നിങ്ങനെ വിവിധ പായസങ്ങളും ഉച്ചഭക്ഷണത്തിന് സ്വാദുകൂട്ടും.
സമാപനദിവസം ഉച്ചയ്‌ക്ക് വെജിറ്റബിൾ ബിരിയാണിയാണ് നൽകുന്നതെന്ന് പഴയിടം യദു പറഞ്ഞു. 7,000 പേർക്കാണ് ഉച്ചഭക്ഷണം തയ്യാറാക്കുന്നത്. പ്രഭാത ഭക്ഷണത്തിന് ദോശ, പുട്ട്, ഇഡ്‌ഡലി, ഉപ്പുമാവ് എന്നിവയും രാത്രിഭക്ഷണത്തിന് ചപ്പാത്തിയും കുറുമയുമടക്കമുള്ളവയും വിളമ്പും. പ്രഭാതഭക്ഷണം 2,000 പേർക്കും രാത്രിഭക്ഷണം 4,000 മുതൽ 4,500 പേർക്കുമാണ് ഒരുക്കുന്നത്. ആയിരം പേർക്കിരുന്ന് കഴിക്കാനുള്ള സൗകര്യമാണ് വിക്ടോറിയകോളേജ് മൈതാനത്ത് ഒരുക്കിയിട്ടുള്ളത്.
Content Highlights: Pazhayidom`s renowned kitchen is set to serve delicious vegetarian meals at the Palakkad State School Science Festival.