പുളിയുറുമ്പുകൾകൊണ്ട് അലങ്കരിച്ച പാനി പൂരി; കഴിക്കാൻ ധൈര്യമുണ്ടോയെന്ന് ഷെഫ്, നശിപ്പിച്ചെന്ന് കമന്റ്

ചെറുചൂടുള്ള പാനി പൂരി ഓരോന്നായി ആസ്വദിച്ചുകഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്? വളരെ ലളിതം എന്നുതോന്നിക്കുന്ന പാനി പൂരിക്ക് ഒരു ഫ്യൂഷൻ പതിപ്പ് കൊണ്ടുവന്ന് ഭക്ഷണപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് മുംബൈയിൽ നിന്നുള്ള ഒരു ഷെഫ്. പൂരിയുടെ വായ്ക്ക് ചുറ്റും നല്ല പുളിയുറുമ്പുകളെ പ്രത്യേക രീതിയിൽ അലങ്കരിച്ചുവെച്ചിരിക്കുകയാണ് ഈ ഷെഫ്.
മുംബൈ മാസ്ഖ് റെസ്റ്ററന്റിലെ പ്രധാന ഷെഫായ വരുൺ തോത്‌ലാനിയാണ് ഈ വമ്പൻ പരീക്ഷണത്തിന് പിന്നിൽ. ബാങ്കോക്കിലെ ഒരു ഭക്ഷണശാലയുമായി സഹകരിച്ചുകൊണ്ടാണ് പാനി പൂരിയുടെ ഈ ഫ്യൂഷൻ പതിപ്പ് വരുൺ തയ്യാറാക്കിയത്. ഇന്ത്യയും തായ്ലൻഡും തമ്മിലുള്ള യഥാർത്ഥ ക്രോസ് ഓവർ എന്നാണ് ഭക്ഷണത്തെ വരുൺ വിശേഷിപ്പിച്ചിരിക്കുന്നത്. പാനി പൂരി ഉണ്ടാക്കുന്നതിന്റെ വീഡിയോയും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യയിൽനിന്നാണ് പൂരി. തായ്ലൻഡിൽ കണ്ടുവരുന്ന രുചിയേറിയ തക്കാളിയും പുളിപ്പിച്ചെടുത്ത ബീൻസുമാണ് പാനിപൂരിയിലുപയോഗിച്ചിരിക്കുന്ന മസാല മിശ്രിതം. തേങ്ങാപ്പാൽകൊണ്ടാണ് 'പാനി' തയ്യാറാക്കിയിരിക്കുന്നത്. ഇതിനൊപ്പമാണ് പൂരിയുടെ വായ്ക്ക് ചുറ്റും സാമാന്യം കട്ടിയിൽത്തന്നെ പുളിയുറുമ്പുകളെ വെച്ചിരിക്കുന്നത്. ഛത്തീസ്ഗഢിൽനിന്നാണ് ഉറുമ്പുകളെ കൊണ്ടുവന്നതെന്ന് വീഡിയോയിൽ പറയുന്നുണ്ട്.
പരീക്ഷണമാണെങ്കിലും ക്രോസ് ഓവർ എന്നൊക്കെ പറയുന്നുണ്ടെങ്കിലും പാനി പൂരി ആരാധകർക്ക് ഇതത്ര പിടിച്ചിട്ടില്ല എന്നാണ് വീഡിയോക്ക് വരുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഇത് ഏപ്രിൽ ഫൂളിന് പറ്റിക്കുന്നതാണെന്ന് ആരെങ്കിലും ഒന്ന് പറയൂ എന്നാണ് ഒരാൾ കമന്റിട്ടത്. പാനി പൂരി എന്നാൽ ഇന്ത്യക്കാർക്ക് വൈകാരികമായ അടുപ്പമുള്ളതാണെന്നും അതിനെ ഇങ്ങനെ എന്തിന് നശിപ്പിച്ചു എന്നെല്ലാം നീളുന്നു വിമർശനാത്മക പ്രതികരണങ്ങൾ. ഛത്തീസ്ഗഢിലെ ആദിവാസി സമൂഹത്തിന്റെ ഭക്ഷണങ്ങളിലൊന്നാണ് പുളിയുറുമ്പുകളെന്നുപറഞ്ഞ് ബോധവത്ക്കരണം നടത്താൻ ശ്രമിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
Content Highlights: A Mumbai chef is experimenting with a new fusion pani puri recipe, topped with fire ants