മുന്‍ വര്‍ഷത്തേക്കാള്‍ 70% വര്‍ധിച്ച് സദ്യ ബുക്കിങ്, വന്‍ തിരക്ക്; ഓണത്തിനുശേഷവും ഓര്‍ഡറുകള്‍

കൊച്ചി: വിപണിയില്‍ ഓണസദ്യ ബുക്ക് ചെയ്യാനായി നെട്ടോട്ടത്തിലായിരുന്നു മലയാളികള്‍. അതിനാല്‍, കാറ്ററിങ് മേഖലയിലും ഹോട്ടലുകളിലും സദ്യ ബുക്കിങ്ങില്‍ ഒട്ടും കുറവുണ്ടായില്ല. പപ്പടം, പഴം, പരിപ്പ്, സാമ്പാര്‍, പച്ചടി, കിച്ചടി, അവിയല്‍, കൂട്ടുകറി തുടങ്ങി രണ്ട് കൂട്ടം പായസവും ചേര്‍ത്ത് മികച്ച സദ്യ തന്നെ ഒരുക്കാനുള്ള മത്സരത്തിലാണ് മേഖല.
അതിനാല്‍ ബുക്കിങ് നേരത്തേതന്നെ തുടങ്ങിയിരുന്നു. പലര്‍ക്കും ബുക്കിങ് കൂടുതലായതിനാല്‍ പുതിയ ഓര്‍ഡറുകള്‍ എടുത്തതേ ഇല്ല. കുറഞ്ഞത് 20 പേരുടെ എങ്കിലും ഓര്‍ഡര്‍ ഉണ്ടെങ്കില്‍ എടുക്കാമെന്നായിരുന്നു ചിലര്‍. ഓഗസ്റ്റ് മാസം പകുതിയോടെ ബുക്കിങ് നിര്‍ത്തിവെച്ചവരുമുണ്ട് ഈ കൂട്ടത്തില്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 70 ശതമാനത്തിലധികം സദ്യ ബുക്കിങ് ഉണ്ടായിട്ടുള്ളതായി മേഖല അറിയിച്ചു.
തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് കൂടുതലും ഓര്‍ഡറുകള്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ എറണാകുളം ജില്ലയിലാണ് കോര്‍പ്പറേറ്റ് സദ്യ ബുക്കിങ് കൂടുതല്‍. ഓണം കഴിഞ്ഞുള്ള ആഴ്ചയിലും സദ്യയുടെ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്.
ഉത്രാടം, തിരുവോണം നാളുകളിലായിരുന്നു ബുക്കിങ് കൂടുതല്‍. ആകെ ബുക്കിങ്ങിന്റെ ഏതാണ്ട് 70 ശതമാനവും ഈ ദിവസങ്ങളിലേക്കുള്ള ഓര്‍ഡറുകളാണ്. ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്ഫോമുകളിലും സദ്യ ലഭ്യമാണ്. ഇത്തവണ 350 കോടി രൂപയ്ക്കുമുകളില്‍ സദ്യ കേരളത്തില്‍ വിളമ്പുമെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്.
വില കൂടുതലാണ്
വെളിച്ചെണ്ണ, പച്ചക്കറി തുടങ്ങി അവശ്യ സാധനങ്ങള്‍ക്കെല്ലാം വില കൂടുതലാണ്. അതിനാല്‍ എല്ലാ വിഭവങ്ങളും രണ്ടുകൂട്ടം പായസമടക്കം വരുന്ന അഞ്ച് പേരുടെ സദ്യയ്ക്ക് 2,500 രൂപയാണ് വില. മുന്‍ വര്‍ഷത്തേക്കാള്‍ വില കൂടിയിട്ടുണ്ട്. വിഭവങ്ങളുടെ എണ്ണത്തിനനുസരിച്ച് വിലയിലും വ്യത്യാസം വരും. വന്‍കിട ഹോട്ടലുകളില്‍ നികുതി കൂടാതെ ഒരാള്‍ക്ക് 1,400-1,700 രൂപയോളം വില ഉണ്ട്. പാഴ്സലിന് വില 2,000 രൂപയോളം വരും.
കേരളത്തില്‍ സദ്യ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് പരിസ്ഥിതിസൗഹൃദ പാക്കിങ്ങാണ് ഒരുക്കുന്നത്. ഏതാണ്ട് 350 രൂപയോളം പാക്കിങ്ങിനായി ചെലവ് വരുന്നുണ്ടെന്ന് ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍ അറിയിച്ചു. അതിനാല്‍ കുറഞ്ഞത് അഞ്ചുപേരുടെ ഓര്‍ഡര്‍ എങ്കിലും വേണമെന്ന നിലപാടിലാണ് മേഖല.
മധുരമേകാന്‍ പായസവും
ഇത്തവണ ഓണത്തിന് മധുരം കൂട്ടാന്‍ പായസ വില്‍പ്പനയും തകൃതിയായിരുന്നു. റോഡരികുകളിലും കടകളിലും തുടങ്ങി വിവിധ പായസമേളകളും ഒരുക്കിയിരുന്നു. ഒരു കപ്പിന് 40 രൂപ മുതലാണ് നിരക്ക്. അര ലിറ്റര്‍, ഒരു ലിറ്റര്‍ എന്നിവയാണ് കൂടുതലായി വിറ്റുപോകുന്നത്.
പാലട, പരിപ്പ് പായസങ്ങള്‍ക്കാണ് ആവശ്യം കൂടുതല്‍. ഇവയ്ക്ക് ലിറ്ററിന് വിവിധ ഇടങ്ങളില്‍ 300 രൂപ മുതല്‍ നിരക്കുണ്ട്. ഇതിലും വില കുറച്ചു നല്‍കുന്നവരുമുണ്ട്. സേമിയ, പഴം, ഗോതമ്പ്, ഇളനീര്‍ തുടങ്ങിയ പായസങ്ങളും അത്തം നാള്‍ മുതല്‍ വില്‍പ്പനയ്ക്കായി എത്തിയിരുന്നു.
Content Highlights: High demand for Onam Sadya in Kerala