കലോറി കുറച്ചാല്‍ മാത്രം പോരാ, പത്ത് ഭക്ഷണങ്ങള്‍ ഒഴിവാക്കിയാണ് 20 കിലോ കുറച്ചത് -ന്യൂട്രീഷനിസ്റ്റ്

ലോക പ്രീതിക ശ്രീനിവാസന്‍/https://www.instagram.com/fitmom.club/
ലോക പ്രീതിക ശ്രീനിവാസന്‍/https://www.instagram.com/fitmom.club/

ഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. ആരോഗ്യപരമായ രീതിയില്‍ നിരവധി വഴികള്‍ ഇതിന് പിന്നിലുണ്ട്. ആരോ​ഗ്യകരമായ ഭക്ഷണശൈലി പിന്തുടരേണ്ടത് ഭാരം കുറയ്ക്കാനായി സഹായിക്കും. അത്തരത്തില്‍ ചിട്ടയോടെയുള്ള ജീവിതശൈലി പിന്തുടര്‍ന്ന് 20 കിലോ കുറച്ച ലോകപ്രീതിക ശ്രീനിവാസന്‍ എന്ന ന്യൂട്രീഷനിസ്റ്റിന്റെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം വഴിയാണ് ലോകപ്രീതിക ഇക്കാര്യം വ്യക്തമാക്കിയത്.

ഭാരം കുറയാനുള്ള യാത്രയില്‍ പത്ത് ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കിയെന്നാണ് ലോക പറയുന്നത്. 

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മിക്ക ആളുകളും ശരീരഭാരം കുറയ്ക്കാന്‍ കലോറി കുറയ്ക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.എന്നാല്‍ നിങ്ങള്‍ എന്ത് ഭക്ഷണങ്ങള്‍ കഴിക്കുന്നുവെന്നതും പ്രാധാന്യം അര്‍ഹിക്കുന്നു. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങള്‍ ഏറെ നേരത്തേക്ക് വിശപ്പകറ്റാന്‍ നല്ലതാണ്. ഇത് ഭാരം കുറയ്ക്കാനായി സഹായിക്കുന്നു. പഞ്ചസാര, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് അല്ലെങ്കില്‍ കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം  കഴിച്ച്  പ്രയോജനകരമായ പോഷകങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാതിരുന്നാല്‍ അത് കലോറി കൂടുതല്‍ കഴിക്കാനായി കാരണമാവുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് കൂടുതല്‍ വെല്ലുവിളിയാകും. 

ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ ലിസ്റ്റും ലോക നല്‍കിയിട്ടുണ്ട്

  • പാക്ക് ചെയ്തുവരുന്ന യോഗര്‍ട്ട്
  • കേക്കുകള്‍
  • ബ്രെഡും ചായയും
  • മയോണൈസും വെണ്ണയും
  • സെറിയല്‍സ്, ഗ്രാനോല
  • പഫ്‌സ്
  • ഐസ്ക്രീം
  • ബിസ്‌കറ്റ്
  • സോഡയും പ്രോസസ് ചെയ്ത് ജ്യൂസുകളും
  • പഞ്ചസാര

ഈ പത്ത് ഭക്ഷണം ഒഴിവാക്കാനാണ് ലോക പറയുന്നത്. ഈ ഭക്ഷണമെല്ലാം ഒഴിവാക്കിയാണ് ലോക 20 കിലോ കുറച്ചതെന്നും കുറിക്കുന്നുണ്ട്.

വണ്ണം കുറയ്ക്കാൻ ഐ.സി.എം.ആർ.(Indian Council of Medical Research) നിർദേശിക്കുന്ന ആരോ​ഗ്യകരമായ രീതി

സമീകൃതാഹാരം 

നാരുകളും പോഷകവും ധാരാളമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഇത് വിശപ്പ് കുറയ്ക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ശരീരത്തിൽ കൂടുതൽ കലോറി എത്തുന്നത് കുറയ്ക്കും. 

പച്ചക്കറികൾ

കലോറി കുറഞ്ഞതും വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ തുടങ്ങിയതുമായ ഭക്ഷണങ്ങൾ വണ്ണംകുറയ്ക്കൽ എളുപ്പമാക്കും. 

അളവിൽ നിയന്ത്രണം

ഭക്ഷണം കഴിക്കുന്നതിന്റെ അളവിൽ നിയന്ത്രണം വരുത്തുകയും അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുക. 

സ്നാക്സിലും മാറ്റം വേണം

സ്നാക്സ് തിരഞ്ഞെടുക്കുമ്പോൾ അവ പോഷകസമ്പന്നമാണെന്ന് ഉറപ്പുവരുത്തുക. നട്സ്, പ്ലെയിൻ യോ​ഗർട്ട്, പച്ചക്കറികൾ തുടങ്ങിയവ തിരഞ്ഞെടുക്കാം. 

ആരോ​ഗ്യകരമായ പാചകരീതി

പാചകരീതി ആരോ​ഗ്യകരമാവാൻ ശ്രദ്ധിക്കുക. ​ഗ്രില്ലിങ്, ബേക്കിങ്, സ്റ്റീമിങ് തുടങ്ങിയവയ്ക്കെല്ലാം മറ്റു പാചകരീതിയെ അപേക്ഷിച്ച് കുറവ് എണ്ണ മതി. ഇത് വണ്ണംവെക്കാതിരിക്കാൻ സഹായിക്കും. 

മധുര പാനീയങ്ങൾ കുറയ്ക്കാം

സോഡ, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവും മധുരപാനീയങ്ങളും കുറയ്ക്കാം. വെള്ളം, ഹെർബൽ ടീ, മധുരമില്ലാത്ത പാനീയങ്ങൾ തുടങ്ങിയവ തിരഞ്ഞെടുക്കാം. 

ഫുഡ് ലേബലുകളിലും വേണം ശ്രദ്ധ

കലോറി, കൃത്രിമ മധുരം, ഉപ്പ് തുടങ്ങിയവയുടെ അളവ്, സാച്ചുറേറ്റഡ് ഫാറ്റ് ഉണ്ടോ തുടങ്ങിയവ ഫു‍ഡ് ലേബലിൽ പരിശോധിക്കണം. ആരോ​ഗ്യകരമായ ചേരുവകളടങ്ങിയവ പരമാവധി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.

ആരോ​ഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക. 
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക. 
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
  • ടി.വി.യോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.

Content Highlights: Nutritionist shares list of 10 items she stopped eating while losing 20 kg