'പരിഹാസത്തെ പുഞ്ചിരികൊണ്ട് നേരിട്ടു, ഇന്ന് ഡോക്ടർമാരടക്കം അമ്മയെ ബഹുമാനിക്കുന്നു'; വൈകാരിക കുറിപ്പ്

തന്റെ അമ്മയെക്കുറിച്ച് ഒരു മകൾ എഴുതിയ ഹൃദ്യമായ കുറിപ്പാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചാവിഷയം. മുംബൈ ബിഎംസി ആശുപത്രിക്ക് സമീപം വട പാവ് സ്റ്റാൾ നടത്തുന്ന തന്റെ അമ്മയുടെ അതിജീവനത്തിന്റെ കഥയാണ് ഇഷിക ധൻമെഹർ പങ്കുവെച്ചത്. പതിനൊന്ന് വർഷമായി അവർ ഈ കട നടത്തുന്നു. പോസ്റ്റ് വൈറലായതോടെ ഒട്ടേറെ പേരാണ് ഇഷികയുടെ അമ്മയുടെ അർപ്പണ മനോഭാവത്തെ പ്രകീർത്തിച്ചുകൊണ്ട് രംഗത്തെത്തിയത്.
'എൻ്റെ അമ്മ മുംബൈയിൽ ബിഎംസി ആശുപത്രിക്ക് സമീപം ഒരു വട പാവ് സ്റ്റാൾ നടത്തുകയാണ്. 11 വർഷം മുൻപ് ഈ സ്റ്റാൾ തുടങ്ങുമ്പോൾ കാര്യങ്ങളൊന്നും എളുപ്പമായിരുന്നില്ല. മിക്കവാറും ദിവസങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകും. അവരുടെ സ്റ്റാൾ തകർക്കപ്പെടും, സാധനങ്ങൾ മോഷണം പോകും. ചുറ്റുമുള്ളവർ അവരെ കളിയാക്കിയിരുന്നു. എന്തിന്, ആശുപത്രിയിലെ ജീവനക്കാർ പോലും അവരെ സമാധാനമായി ജോലി ചെയ്യാൻ അനുവദിച്ചില്ല. സ്വന്തമായി എന്തെങ്കിലും ചെയ്യാൻ ധൈര്യം കാണിച്ചു എന്നതായിരുന്നു ഇതിനെല്ലാം കാരണം.
പക്ഷേ അവർ പിന്മാറിയില്ല. ആരോടും പരാതിപ്പെട്ടില്ല. പകരം തൻ്റെ ഭക്ഷണം വൃത്തിയുള്ളതാണെന്ന് അവർ തെളിയിച്ചു. പതുക്കെ അവർ എല്ലാവരുടെയും സ്നേഹം നേടിയെടുത്തു. അവർ എല്ലാവരെയും ഒരുപോലെ കണ്ട് സംസാരിച്ചു. അഞ്ച് ഭാഷകളിൽ സംസാരിക്കും. ആളുകൾക്ക് തങ്ങൾ പരിഗണിക്കപ്പെടുന്നു എന്ന് തോന്നാൻ എന്താണോ വേണ്ടത് അത് അമ്മ ചെയ്തു.
അവർക്ക് വലിയ വിദ്യാഭ്യാസമില്ല. എന്നാൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരുമെല്ലാം അമ്മയെ ബഹുമാനിക്കുന്നു. ആത്മാർഥതയാണ് ഇതിന് കാരണം. അവർ എപ്പോഴും പുഞ്ചിരിക്കുകയും താൻ ചെയ്യുന്ന ജോലിയെ സ്നേഹിക്കുകയും ചെയ്യുന്നു. കഷ്ടപ്പാടുകളെക്കുറിച്ച് അല്ല ഈ കുറിപ്പ്. മറിച്ച് നിങ്ങളുടെ വ്യക്തിത്വം എങ്ങനെ നിങ്ങളുടെ ശക്തിയായി മാറും എന്നതിനെക്കുറിച്ചാണ്'. ഇഷിക കുറിച്ചു.
Content Highlights: A Mumbai Mother's Inspiring Journey of Resilience