'11 വര്‍ഷമായി വടാ പാവ് വില്‍ക്കുന്ന അമ്മ' ; കുറിപ്പ് പങ്കുവെച്ച് മാർക്കറ്റിങ് മാനേജറായ മകൾ

യുവതി പങ്കുവെച്ച ചിത്രം| ഫോട്ടോ: linkdin@ Ishika Dhanmeher
യുവതി പങ്കുവെച്ച ചിത്രം| ഫോട്ടോ: linkdin@ Ishika Dhanmeher

മുംബൈയിൽ മാത്രം ഇരുപതിനായിരം വടാ പാവ് കച്ചവടക്കാർ ഉണ്ടെന്നാണ് കണക്കുകൾ. ഇവരിൽ ഒരാളായ തൻ്റെ അമ്മയെ കുറിച്ച് മാർക്കറ്റിങ് മാനേജറായ മകൾ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ശ്രദ്ധനേടുകയാണ്. കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് ജീവിതം പടുത്തുയർത്തിയ വടാ പാവ് കച്ചവടക്കാരിയായ അമ്മയെകുറിച്ച്  ഇഷിക ധന്‍മെഹർ എന്ന യുവതിയാണ് ലിങ്ക്ഡിനിലൂടെ പോസ്റ്റ് പങ്കുവെച്ചത്. 

11 വർഷങ്ങൾക്ക് മുമ്പ് മുംബൈയിലെ ഒരു ബിഎംസി ആശുപത്രിക്ക് പുറത്താണ് ഇഷികയുടെ അമ്മ തന്റെ വട പാവ് കട ആരംഭിച്ചത്. ഇഷികയുടെ അമ്മൂമ്മ ആ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. 'തുടക്കകാലം എളുപ്പമായിരുന്നില്ല. ഓരോ ദിവസവും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. കട തർക്കപ്പെടും, എന്തെങ്കിലും മോഷണം പോകും, ചുറ്റുമുള്ളവർ കളിയാക്കും ആശുപത്രി ജീവനക്കാർ പോലും ശാന്തമായി ജോലി ചെയ്യാൻ അമ്മയെ അനുവദിക്കില്ല. എന്നാൽ പിൻവാങ്ങാൻ അമ്മ തയ്യാറായതുമില്ല, പരാതിപ്പെടാനും നിന്നില്ല'- പോസ്റ്റിൽ പറയുന്നു. അന്ദേരി ഈസ്റ്റിലെ മറോലിലാണ് ഇവരുടെ വടാ പാവ് കട പ്രവർത്തിക്കുന്നത്. 

ഇഷികയുടെ അമ്മ തന്റെ കഠിനാധ്വാനം തുടർന്നു. വിൽക്കുന്ന ഭക്ഷണം ശുചിത്വമുള്ളതാണെന്ന് തെളിയിച്ചു. എല്ലാം വീട്ടിൽ തയ്യാറാക്കിയതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തി. അങ്ങനെ ആളുകളെ തന്റെ ഭക്ഷണത്തിന്റെ ആരാധകരാക്കി. ഒരിക്കൽ അവരെ മാറ്റി നിർത്തിയവർ ഇപ്പോൾ ആശുപത്രി പിക്നിക്കുകൾക്ക് അവരെ ക്ഷണിക്കുന്നുവെന്ന് ഇഷിക പോസ്റ്റിൽ പറയുന്നു.

ആളുകളുമായി ബന്ധം സ്ഥാപിക്കാനുള്ള മിടുക്ക് അമ്മയ്ക്കുണ്ടെന്നും ഇഷിക പറയുന്നുണ്ട്. മറാത്തി, ഗുജറാത്തി, തെലുഗു, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ അവർ പഠിച്ചെടുത്തു, ആളുകളെ അവരുടെ മാതൃഭാഷയിൽ സംസാരിച്ചാണ് അവർ കച്ചവടം നടത്തിയിരുന്നത്. ഭയപ്പെടാതെ ചോദ്യം ചോദിക്കുകയും ഭക്ഷണങ്ങൾ വാങ്ങിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്കു. അതാണ് അവരുടെ പ്രത്യേകത. സഹായങ്ങൾ ചോദിച്ചില്ലെങ്കിലും അവരെതേടി സഹായങ്ങൾ എത്തി. 

വട പാവിന്റെ ട്രെൻഡുകൾ മാറുന്നതിനനുസരിച്ച് അവർ തന്റെ വിഭവങ്ങളിലും മാറ്റം  കൊണ്ടുന്നു. സുഹൃത്തിനെ കാണാനെത്തുന്ന ആവേശത്തോടെ ചില കസ്റ്റമേഴ്സ് അവിടെ ഇടയ്ക്ക് എത്തും. ഔപചാരിക വിദ്യാഭ്യാസം ഇല്ലെങ്കിലും ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, ഉദ്യോഗസ്ഥർ എന്നിവർ ബഹുമാനത്തോടെയാണ് അമ്മയെ കാണുന്നത്. 

തൻ്റെ അമ്മയുടെ കഷ്ടപ്പാടുകളെ കുറിച്ചല്ല ഈ പോസ്റ്റെന്നും മറിച്ച് ഒരാളുടെ വ്യക്തിത്വം എങ്ങനെ അവരുടെ ശക്തിയാക്കാം എന്നതിനെ കുറിച്ചാണെന്നും പോസ്റ്റിൽ പറയുന്നു. കൃത്യമായി സംസാരിക്കാനും സത്യസന്ധമായ ബന്ധങ്ങൾ കെട്ടിപ്പടുത്താനുമാണ് താൻ അമ്മയിൽ നിന്ന് പഠിച്ചതെന്നും പോസ്റ്റിൽ യുവതി പങ്കുവെക്കുന്നുണ്ട്. 

കട എവിടെയാണെന്നും ഏറെ പ്രചോദനമേകുന്ന കഥയാണെന്നും അമ്മയുടെ ചിത്രം തന്നെ അവരുടെ വിജയത്തെ സൂചിപ്പിക്കുന്നെന്നും പലരും കമൻ്റുകളിൽ അഭിപ്രായപ്പെട്ടു. 

Content Highlights: Daughter shares heartwarming story of her mother`s vada pav business journey in Mumbai