കോലിയുടെ ‘വണ്‍8 കമ്മ്യൂണ്‍’, കരണിന്റെ ‘ന്യൂമ’; ഒരിക്കൽ ബംഗ്ലാവുകള്‍, ഇന്ന് സെലിബ്രിറ്റി റസ്റ്ററന്റുകള്‍

വിരാട് കോലിയുടെ വൺ8 കമ്മ്യൂൺ റസ്റ്ററന്റ്, വിരാട് കോലി | Photo: Instagram
വിരാട് കോലിയുടെ വൺ8 കമ്മ്യൂൺ റസ്റ്ററന്റ്, വിരാട് കോലി | Photo: Instagram

പുതുമകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത ഇടമാണ് മുംബൈയിലെ ഭക്ഷണശാലകളുടെ ലോകം. ഇവിടുത്തെ ഏറ്റവും മികച്ച ചില റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കുന്നത് കൊളോണിയല്‍ കാലഘട്ടത്തിന്റെ പ്രൗഢി ഇപ്പോഴും നിലനിര്‍ത്തുന്ന പഴയ ബംഗ്ലാവുകളിലാണ്.

പ്രശസ്തരായ റസ്റ്ററന്റ് ഉടമകളും ഡിസൈനര്‍മാരും ചേര്‍ന്ന് ഈ ഇടങ്ങളെ അതിമനോഹരമായ ഭക്ഷണശാലകളാക്കി മാറ്റിയിരിക്കുന്നു. പൈതൃക ഭവനങ്ങളെ ആധുനിക പാചകകേന്ദ്രങ്ങളാക്കി മാറ്റിയ, മുംബൈയിലെ പ്രശസ്തരുടെ ഉടമസ്ഥതയിലുള്ള മൂന്ന് റസ്റ്ററന്റുകള്‍ പരിചയപ്പെടാം.

വിരാട് കോലിയുടെ ‘വണ്‍8 കമ്മ്യൂണ്‍’
ക്രിക്കറ്റ് താരം വിരാട് കോലിയുടെ പ്രശസ്തമായ റസ്റ്ററന്റ് ശൃംഖലയാണ് വണ്‍8 കമ്മ്യൂണ്‍. 2022-ലാണ് ഇത് മുംബൈയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ബോളിവുഡ് ചരിത്രത്തിന്റെ ഭാഗമായ ഒരിടമാണ് അവര്‍ അതിനായി തിരഞ്ഞെടുത്തത്.

പ്രശസ്ത ഗായകന്‍ കിഷോര്‍ കുമാറിന്റെ ഉടമസ്ഥതയിലായിരുന്ന ജൂഹുവിലെ ബംഗ്ലാവിലാണ് ഈ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഗൃഹാതുരമായ അനുഭവം നല്‍കുന്ന ഈ സ്ഥലം കോലിക്ക് വ്യക്തിപരമായി ഏറെ പ്രിയപ്പെട്ട ഇടമാണ്.

റസ്റ്ററന്റിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍, അന്തരിച്ച സംഗീത ഇതിഹാസവുമായുള്ള തന്റെ വൈകാരിക ബന്ധം കോലി വെളിപ്പെടുത്തിയിരുന്നു.

'അദ്ദേഹത്തിന്റെ ഗാനങ്ങള്‍ എന്നെ വൈകാരികമായി ഒരുപാട് സ്പര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞുപോയ കാലത്തുനിന്ന് ആരെയെങ്കിലും കാണാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍, അത് കിഷോര്‍ ദാ ആയിരിക്കും. അത്രയ്ക്ക് ആകര്‍ഷകമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്,'എന്നാണ് കോലി അഭിപ്രായപ്പെട്ടത്.

ശിവാജി നഗറിലെ ജൂഹു താര റോഡിലാണ് വണ്‍8 കമ്മ്യൂണ്‍ ഉള്ളത്.

മലൈക അറോറയുടെ ‘സ്‌കാര്‍ലറ്റ് ഹൗസ്’
ബാന്ദ്രയിലെ പാലി വില്ലേജില്‍ ശാന്തമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന 90 വര്‍ഷം പഴക്കമുള്ള ഒരു ബംഗ്ലാവിലാണ് സ്‌കാര്‍ലറ്റ് ഹൗസ് പ്രവര്‍ത്തിക്കുന്നത്. നടിയും സംരംഭകയുമായ മലൈക അറോറയുടെ മുംബൈയിലെ ഏറ്റവും പുതിയ ഭക്ഷണശാലയാണിത്. ശാന്തമായ ഇന്തോ-പോര്‍ച്ചുഗീസ് സ്റ്റൈലിലാണ് റസ്റ്ററന്റിന്റെ പുറംഭാഗം. വിന്റേജ് മാക്‌സിമലിസത്തില്‍ നിന്നും ഗൃഹാതുരമായ രീതിയില്‍ ഒരുക്കിയ ലോകമാണിത്.

നൈഷി പരേഖ് രൂപകല്‍പ്പന ചെയ്ത ഇതിന്റെ ഉള്‍വശം, കെട്ടിടത്തിന്റെ പൈതൃകത്തില്‍ നിന്നുതന്നെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ചെയ്തിരിക്കുന്നത്.

കരണ്‍ ജോഹറിന്റെ ‘ന്യൂമ’
കൊളാബയിലെ തിരക്കേറിയ റസ്റ്ററന്റ് ഏരിയയിലാണ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ന്യൂമ പ്രവര്‍ത്തിക്കുന്നത്. മനോഹരമായി പുനരുദ്ധീകരിച്ച ഒരു കൊളോണിയല്‍ കാലത്തെ ബംഗ്ലാവാണത്. ആര്‍ക്കിടെക്റ്റ് ആശിഷ് ഷായാണ് ഇത് രൂപകല്‍പന ചെയ്തത്. മിതത്വവും കലാപരമായ ആഴവും സന്തുലിതമാക്കുന്ന ഒരന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ന്യൂമയിലെ ഓരോ മുറിയും വ്യത്യസ്തമായ ഭാവവും ദൃശ്യാനുഭവവും നല്‍കുന്നു. പച്ചപ്പ് നിറഞ്ഞ ഗാര്‍ഡന്‍ കഫേ, മൗലിന്‍ റൂഷില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട റോസ് ബാര്‍, സ്‌കാന്‍ഡിനേവിയന്‍ ശൈലിയിലുള്ള ബ്ലാങ്ക് റൂം, സ്വകാര്യത നല്‍കുന്ന വെര്‍ഡെ പ്രൈവറ്റ് ഡൈനിങ് ഏരിയ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.

സെലിബ്രിറ്റികളുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ മറ്റ് ചില റസ്റ്ററന്റുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം. 

ടോരി-ഗൗരി ഖാന്റെ ‘ടോരി’
പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റാണ് ടോരി. മുംബൈയിലെ ബാന്ദ്രയിലാണ് ടോരി സ്ഥിതി ചെയ്യുന്നത്. 2024-ലാണ് മുംബൈയിലെ പാലി ഹില്‍ റോഡിലുള്ള ടോരി പ്രവര്‍ത്തനമാരംഭിച്ചത്. ലാറ്റിന്‍-ഏഷ്യന്‍ വിഭവങ്ങളാണ് ഇവിടെ പ്രധാനമായുമുള്ളത്.

ശില്‍പ ഷെട്ടിയുടെ 'ബാസ്റ്റ്യന്‍ അറ്റ് ദി ടോപ്പ്'
മുംബൈ ദാദറിലുള്ള കോഹിനൂര്‍ സ്‌ക്വയറിന്റെ 48-ാം നിലയിലാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ 'ബാസ്റ്റ്യന്‍ അറ്റ് ദി ടോപ്പ്' എന്ന ആഡംബര റസ്റ്ററന്റ്. 2023-ലാണ് ഇത് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. നഗരത്തിന്റെ വിശാലമായ കാഴ്ചകള്‍, റൂഫ്ടോപ്പ് പൂള്‍, ആഡംബരപൂര്‍ണമായ ഇന്റീരിയറുകള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ റസ്റ്ററന്റ്.

നഗരത്തിന്റെ 360 ഡിഗ്രി കാഴ്ച ലഭിക്കുന്ന കെട്ടിടത്തിന് 21,000 ചതുരശ്ര അടിയാണുള്ളത്.

മൗനി റോയിയുടെ റസ്റ്ററന്റ് ‘ബദ്മാശ്’
ബോളിവുഡ് നടി മൗനി റോയിയുടെ റസ്റ്ററന്റ് ആണ് ബദ്മാശ്. ഫ്യൂഷന്‍ ഇന്ത്യന്‍ വിഭവങ്ങളും പാനീയങ്ങളുമെല്ലാം ഈ റസ്റ്ററന്റിലെ മെനുവിലുണ്ട്.

ശങ്കര്‍ മഹാദേവന്റെ 'മാല്‍ഗുഡി'
ഒരു സംഗീതപ്രേമി മാത്രമല്ല താനൊരു ഭക്ഷണപ്രിയന്‍കൂടിയാണെന്ന് ഗായകന്‍ ശങ്കര്‍ മഹാദേവന്‍ വെളിപ്പെടുത്തിയിരുന്നു. എഴുത്തുകാരന്‍ ആര്‍.കെ. നാരായണന്റെ കഥകളിലെ സാങ്കല്‍പിക ഗ്രാമമായ മാല്‍ഗുഡിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അദ്ദേഹം ആരംഭിച്ച റസ്റ്ററന്റ് ആണ് 'മാല്‍ഗുഡി'.

ദക്ഷിണേന്ത്യന്‍ വിഭവങ്ങളാണ് ഈ റസ്റ്ററന്റിലുള്ളത്. ബോറിവലി വെസ്റ്റിലെ എസ്.വി. റോഡിലാണ് മാല്‍ഗുഡിയുടെ ആദ്യത്തെ ഔട്ട്‌ലെറ്റ് തുറന്നത്.

Content Highlights: Explore Mumbai`s unique celebrity-owned restaurants housed in historic bungalows. Discover Virat Kohli`s One8 Commune, Karan Johar`s Neuma, and more. A blend of heritage and modern cuisine.