ഗുലാബ് ജാമുന് 400 രൂപ, ചെമ്മീൻ വിഭവങ്ങൾക്ക് 795; നടി മൗനി റോയിയുടെ റസ്റ്ററന്റിലെ വിഭവങ്ങളുടെ വില പുറത്ത്

മൗനി റോയ്, മൗനി റോയ്‌യുടെ റസ്റ്ററന്റ് ബദ്മാശ് | Photo: Instagram
മൗനി റോയ്, മൗനി റോയ്‌യുടെ റസ്റ്ററന്റ് ബദ്മാശ് | Photo: Instagram

ബോളിവുഡ് നടി മൗനി റോയിയുടെ റസ്റ്ററന്റ് ആണ് ബദ്മാശ്. ഫ്യൂഷന്‍ ഇന്ത്യന്‍ വിഭവങ്ങളും രുചികരമായ പാനീയങ്ങളുമെല്ലാം ഈ റസ്റ്ററന്റിലെ മെനുവിലുണ്ട്. ബദ്മാശിലെ ഏറ്റവും പ്രചാരമുള്ള ചില വിഭവങ്ങളുടെ വില ഇപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം ശ്രദ്ധനേടുകയാണ്.

മെനുവിലെ മിക്ക വിഭവങ്ങള്‍ക്കും 300 രൂപയ്ക്കും 800 രൂപയ്ക്കും ഇടയിലാണ് വിലയെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഷാഹി തുക്ഡ, ഗുലാബ് ജാമുന്‍ എന്നിവയ്ക്ക് 410 രൂപ വീതമാണ് വില. റസ്റ്ററന്റില്‍ 395 രൂപ വിലയുള്ള അവോക്കാഡോ ഭേലും വില്‍ക്കുന്നുണ്ട്. തനിക്ക് അവോക്കാഡോയും ഝാല്‍മുരിയും ഇഷ്ടമായതിനാലാണ് അവോക്കാഡോ ഭേല്‍ എന്ന വിഭവം ഉണ്ടാക്കിയതെന്ന് നടി അഭിപ്രായപ്പെട്ടിരുന്നു.

മസാല പീനട്ട്, മസാല പപ്പഡ്, ക്രിസ്പി കോണ്‍, സേവ് പുരി തുടങ്ങിയ വിഭവങ്ങള്‍ക്ക് 295 രൂപ വീതമാണ് വില. കാണ്ഡ ഭജിയക്ക് 355 രൂപയും, ചെമ്മീന്‍ വിഭവങ്ങള്‍ക്ക് ഏകദേശം 795 രൂപയും. തന്തൂരി റൊട്ടിക്ക് 105 രൂപയും, നാനിന് 115 രൂപയും, അമൃത്സരി കുല്‍ച്ചയ്ക്ക് 145 രൂപയുമാണ് വില.

'എനിക്ക് ഇന്ത്യന്‍ ഭക്ഷണം വളരെ ഇഷ്ടമാണ്. ജോലിക്കായി യാത്ര ചെയ്യുമ്പോഴെല്ലാം ഞാന്‍ എല്ലായിടത്തും ഇന്ത്യന്‍ റസ്റ്ററന്റുകള്‍ തിരയാറുണ്ട്. അതെന്റെ മനസ്സില്‍ തട്ടി. പ്രത്യേകിച്ച് ബെംഗളൂരുവിലും മുംബൈയിലും നല്ല ഇന്ത്യന്‍ റസ്റ്ററന്റുകള്‍ അത്രയധികമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു, അതിനാല്‍ 'ബദ്മാശ്' പോലൊന്ന് തുടങ്ങി, റസ്റ്ററന്റിന് പിന്നിലെ പ്രചോദനത്തെക്കുറിച്ച് മൗനി ഒരു മാധ്യമത്തോട് പ്രതികരിച്ചു.

'യാത്ര ചെയ്യുമ്പോഴെല്ലാം, ഞാന്‍ ഒരു പുസ്തകവും കോഫിയും ക്രോസന്റുമായി ഒരു കഫേയില്‍ ഇരിക്കുമായിരുന്നു. ആ പതിവ് സ്വന്തമായി ഒരു കഫേ തുടങ്ങുന്നതിനെക്കുറിച്ച് എന്നെ ചിന്തിപ്പിച്ചു. അന്ന് അത് നടന്നില്ല, പക്ഷേ എന്റെ ഭര്‍ത്താവിനും വിആര്‍ഒ-യിലെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും നന്ദി, എനിക്കൊരു റസ്റ്ററന്റ് സ്വന്തമാക്കാന്‍ അവസരം ലഭിച്ചു. ആ അവസരം ഞാന്‍ ഉപയോഗപ്പെടുത്തി,' നടി പറഞ്ഞു.

'പ്രോഗ്രസ്സീവ് ഇന്ത്യന്‍ ഭക്ഷണത്തോടുള്ള എന്റെ ഇഷ്ടം പ്രതിനിധീകരിക്കുന്ന 'ബദ്മാശ്' എന്ന റസ്റ്ററന്റ് തുറക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്. 'ബദ്മാശി'ലെ മെനു തികച്ചും സന്തോഷം നല്‍കുന്ന ഒന്നാണ്. ഈ പാചക യാത്ര എല്ലാവരുമായി പങ്കുവെക്കുന്നതില്‍ ഞാന്‍ ആവേശഭരിതയാണ്. ഷിമെജി ക്രിസ്പ്സിനൊപ്പമുള്ള സ്റ്റെയര്‍-ഫ്രൈഡ് മഷ്റൂം മിലാഗ് എന്റെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ്, എല്ലാവരും അത് പരീക്ഷിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു. മൗനിലിഷ്യസ് കോക്ക്‌ടെയിലും തീര്‍ച്ചയായും ട്രൈ ചെയ്യേണ്ട ഒന്നാണ്, 2023-ല്‍, തന്റെ പുതിയ സംരംഭത്തെക്കുറിച്ച് മൗനി റോയ് പറഞ്ഞതിങ്ങനെ.

Content Highlights: Bollywood actress Mouni Roy`s restaurant `Badmaash` offers fusion Indian dishes. Discover the prices of popular items like Shahi Tukda, Gulab Jamun, and Avocado Bhel.