മാഞ്ഞാലിയിലെ ഹൽവ ഇനി ബ്രാൻഡ് ആകും, വിപണിയിലിറക്കാൻ വ്യവസായവകുപ്പ്

കരുമാല്ലൂർ(എറണാകുളം): പലഹാരഗ്രാമമായ മാഞ്ഞാലിയിലെ ഹൽവ ഇനി ലോകവിപണിയിൽ ഒരു ബ്രാൻഡാകും. മാഞ്ഞാലി ഹൽവ എന്ന പേരിൽ വിപണിയിലിറക്കാൻ വ്യവസായവകുപ്പ് തീരുമാനിച്ച വിവരം മാഞ്ഞാലി ഹൽവയുടെ വൈവിധ്യവത്കരണവും പുതിയ സാധ്യതകളുംതേടി മാഞ്ഞാലിയിൽ വിളിച്ചുചേർത്ത യോഗത്തിൽ മന്ത്രി പി. രാജീവ് അറിയിച്ചു. ഹൽവ ഉത്പാദകർക്കായി ക്ലസ്റ്റർ രൂപവത്കരിച്ച് വിപണനസാധ്യത വർധിപ്പിക്കും.
ഇന്ത്യൻ റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായും ഫ്‌ളിപ്പ്കാർട്ട് അടക്കമുള്ള ഓൺലൈൻ വിതരണകമ്പനികളുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തും. കുന്നുകരയിൽ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഫുഡ്പാർക്ക് പ്രവർത്തനസജ്ജമാകുന്നതോടെ ഇതിന്റെ വിപണനസാധ്യത വർധിക്കുമെന്നും മന്ത്രി മാഞ്ഞാലിയിലെ പാചകത്തൊഴിലാളികളെ അറിയിച്ചു.
യോഗത്തിൽ കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ് അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം നമിതാജോസ്, പഞ്ചായത്തംഗങ്ങളായ ജി.ഡി. ഷിജു, ടി.വി. ഉദയൻ, ഫ്രാൻസിസ് പഞ്ഞിക്കാരൻ, ജില്ലാ വ്യവസായകേന്ദ്രം ജന. മാനേജർ പി.എ. നജീബ്, ആലങ്ങാട് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ആർ. അന്നു ജീജ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സബിതാനാസർ എന്നിവർ സംസാരിച്ചു.
Content Highlights: Manjali, known for its delicious halwa, is set to become a branded product. The industry department is launching `Manjali Halwa` to boost sales and explore new markets.