ഒരു ചപ്പാത്തിയുടെ വലുപ്പം; ബംഗ്ലാദേശില്‍ നിന്നൊരു 'സണ്‍ ഫ്‌ളവര്‍ ജിലേബി'

വൈറല്‍ വീഡിയോയില്‍ നിന്നുള്ള രംഗം | Photo: instagram/ indian.foodie.boy
വൈറല്‍ വീഡിയോയില്‍ നിന്നുള്ള രംഗം | Photo: instagram/ indian.foodie.boy

മധുരം കിനിയുന്ന ജിലേബി ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ജിലേബിയെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ ചിലരുടെയെങ്കിലും വായില്‍ വെള്ളം നിറയും. തിളച്ച എണ്ണയില്‍ വട്ടത്തില്‍ ചുറ്റിച്ചെടുത്ത് പഞ്ചസാര ലായനിയില്‍ മുക്കിയെടുത്താണ് ജിലേബിയുണ്ടാക്കുന്നത്. 

ഇന്ത്യയില്‍ മാത്രമല്ല, അയല്‍രാജ്യമായ ബംഗ്ലാദേശിലും പാകിസ്താനിലുമെല്ലാം ജിലേബി പ്രിയപ്പെട്ട പലഹാരമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഒരു ബംഗ്ലാദേശി ജിലേബി വൈറലാകുകയാണ്. ഒരു ചപ്പാത്തിയുടെ വലുപ്പത്തില്‍, സൂര്യകാന്തി പൂവിനോട് സാദൃശ്യമുള്ള ഈ ജിലേബിയുടെ പേരാണ് 'സണ്‍ഫ്‌ളവര്‍ ജിലേബി'.

സാധാരണ ജിലേബിയില്‍ നിന്ന രൂപത്തില്‍ മാത്രമാണ് ഈ സണ്‍ഫ്‌ളവര്‍ ജിലേബിക്ക് വ്യത്യാസമുള്ളത്. ജിലേബിയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാവ് തന്നെയാണ് ഇതിനും ഉപയോഗിക്കുന്നത്. 'ഇന്ത്യന്‍ ഫുഡി ബോയ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതുണ്ടാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു തെരുവ് കച്ചവടക്കാരന്‍ മാവ് ഒരു തുണിയില്‍ കോരിയൊഴിക്കുകയും ശേഷം നല്ലതുപോലെ ചൂടായ എണ്ണയിലേക്ക് ഒരു പൂവിന്റെ രൂപത്തില്‍ മാവൊഴിക്കുന്നതും കാണാം. ഇതു നല്ലതുപോലെ മൊരിഞ്ഞുവന്നതിന് ശേഷം കോരിയെടുത്ത് പഞ്ചസാര ലായനിയിലേക്ക് മാറ്റുന്നതും വീഡിയോയില്‍ കാണാം.

രണ്ട് ലക്ഷത്തിന് അടുത്ത് ആളുകളാണ് ഈ വീഡിയോ കണ്ടത്. 'രുചികരം' എന്ന് ധാരാളം പേര്‍ ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. വൃത്തിഹീനമായ ചുറ്റുപാടിലാണ് ഈ ജിലേബിയുണ്ടാക്കുന്നതെന്നും കമന്റുകളുണ്ട്.
 

Content Highlights: making of unique sunflower jalebi in bangladesh viral video