ഗുണങ്ങൾ അറിഞ്ഞ് മഖാന വാങ്ങിയോ?; ഈ റെസിപ്പികൾ പരീക്ഷിക്കാം

വർഷങ്ങളായി ഉപയോഗത്തിലുണ്ടെങ്കിലും സമീപകാലത്ത് വലിയ പ്രചാരം നേടിയ ഭക്ഷ്യവസ്തുവാണ് മഖാന. ആരോഗ്യകരമായ ലഘുഭക്ഷണമായ മഖാന കാൽസ്യം, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ്.
മഖാന വെറുതെ വറുത്ത് കഴിക്കുകയോ അതുപയോഗിച്ച് വിവിധ വിഭവങ്ങൾ തയ്യാറാക്കി കഴിക്കുകയോ ചെയ്യാം. മഖാനകൊണ്ട് രുചികരമായ ഒരുപാട് ലഘുഭക്ഷണങ്ങൾ തയ്യാറാക്കാം. പതിവായി മഖാന കഴിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ചില റെസിപ്പികൾ പരിചയപ്പെടാം.
മസാല മഖാന
ഒരു ടീസ്പൂൺ കടുകെണ്ണ ചൂടാക്കി ജീരകം, മഞ്ഞൾപ്പൊടി, മുളകുപൊടി, അല്പം ബ്ലാക്ക് സോൾട്ട് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം മഖാന ചേർത്ത് അതിൽ മസാല പിടിച്ച് ക്രിസ്പിയാകുന്നതുവരെ സാവധാനത്തിൽ വറുത്തെടുക്കുക.
നിലക്കടല ചേർത്ത മഖാന
കറിവേപ്പിലയും അടർത്തിയ നിലക്കടലയും ഒരുമിച്ച് വറുത്തെടുക്കുക, ശേഷം ഇതിലേക്ക് നെയ്യൊഴിച്ച് വറുത്ത മഖാന ചേർക്കുക. അൽപ്പം കായം, ഉപ്പ്, ചതച്ച കുരുമുളക് എന്നിവ ചേർത്തിളക്കുക. ക്രിസ്പിയായ വിഭവം റെഡി.
ചീസ് മഖാന
മഖാന വറുത്തെടുത്ത് ഗ്രേറ്റ് ചീസ്, ഉണങ്ങിയ പുതിന, വെളുത്തുള്ളി പൊടി, കുരുമുളക് എന്നിവയിട്ട് ഇളക്കുക. വെണ്ണയ്ക്ക് പകരം, ഒലിവ് ഓയിൽ സ്‌പ്രേ ചെയ്ത് ഉപയോഗിക്കാം.
ചാട്ട് ശൈലിയിലുള്ള മഖാന
പുളിയും മധുരവും ചേർന്ന എന്തെങ്കിലും കഴിക്കാൻ തോന്നുന്ന സമയങ്ങളിൽ ഈ വിഭവം ട്രൈ ചെയ്യാം. വറുത്ത മഖാന, ചെറുതായി അരിഞ്ഞ ഉള്ളി, തക്കാളി, മല്ലിയില, ചാട്ട് മസാല, ബ്ലാക്ക് സോൾട്ട്, നാരങ്ങ നീര് എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. വിളമ്പുന്നതിന് തൊട്ടുമുമ്പ് എല്ലാം ഒരുമിച്ച് ചേർത്ത് ഇളക്കുക. സ്ട്രീറ്റ് ഫുഡ്ഡിന്റെ പ്രതീതി നൽകുന്ന വിഭവമാണിത്.
സ്വീറ്റ് മഖാന
ഭക്ഷണശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കാൻ തോന്നാറുണ്ടോ? ഇത് പരിഹരിക്കാൻ സ്വീറ്റ് മഖാനയ്ക്ക് കഴിയും. ഈ വിഭവം തയ്യാറാക്കാനായി മഖാനയോടൊപ്പം അൽപ്പം എള്ള് വറുത്തെടുക്കുക. മറ്റൊരു പാത്രത്തിൽ, ശർക്കര ഉരുക്കിയെടുക്കുക. രണ്ടും യോജിപ്പിക്കുക. തണുക്കാൻ അനുവദിക്കുക, ശേഷം കഴിക്കാം.
Content Highlights: Discover easy and healthy makhana recipes! Enjoy crispy masala makhana, peanut makhana, cheesy makhana, etc.