ലഞ്ചിന് സമയമായില്ലേ? കൂന്തൽകൊണ്ടൊരു പരീക്ഷണമായാലോ...

#അഫ്സാന ബായി
lunch box
lunch box

ലഞ്ച് ബോക്സിൽ  ഇത്തവണ കൂന്തൽ കൊണ്ടൊരു പരീക്ഷണമായാലോ. കൂട്ടത്തിൽ പരിപ്പ്- ചേമ്പ് കറിയും തയ്യാറാക്കാം. 

ചേരുവകൾ

കൂന്തൽ - 1/2 കിലോ
തേങ്ങ ചിരകിയത് - 1/2 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
മുളകുപൊടി - 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
ഉലുവാപ്പൊടി - ഒരു നുള്ള്
പെരുംജീരകം - 1 ടീസ്പൂൺ
ചുവന്നുള്ളി - 7-8 എണ്ണം 
പച്ചമുളക് - 1 
കറിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2-3 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിദം 

വൃത്തിയാക്കിയ കൂന്തൽ കഷണങ്ങളിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉലുവാപ്പൊടി, ഉപ്പ് എന്നിവ പുരട്ടി വെക്കുക.

ഒരു പാനിൽ മസാല പുരട്ടി വച്ച കൂന്തൽ അൽപം വെള്ളം കുടഞ്ഞ് അടച്ചു വച്ച് വേവിക്കുക. കറിവേപ്പില കൂടെ ചേർത്ത് കൊടുക്കാം. കൂന്തലിൽ നിന്നും ഇറങ്ങുന്ന വെള്ളം വറ്റി വരുമ്പോൾ അതിലേക്ക് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ കൂടെ ചേർത്ത് അടച്ച് വച്ച് ചെറുതീയിൽ വറുത്തെടുക്കുക.

കൂന്തലിൽ പുരട്ടിയ ബാക്കിയുള്ള മസാലയിൽ നാളികേരം യോജിപ്പിച്ച് വെക്കുക. ചുവന്നുള്ളി, പെരുംജീരകം, പച്ചമുളക് എന്നിവ കൂടെ ചതച്ച് തേങ്ങയിൽ ചേർത്ത് വെക്കുക. കൂന്തൽ മൊരിഞ്ഞു തുടങ്ങുന്ന സമയത്ത് തേങ്ങാക്കൂട്ട് ചേർത്ത് യോജിപ്പിച്ച് കൊടുക്കുക.
മസാല നന്നായി മൊരിഞ്ഞു വരുന്ന വരെ ചെറുതീയിൽ പാകം ചെയ്യുക.

പരിപ്പും ചേമ്പും കറി

ചേരുവകൾ

തുവരപ്പരിപ്പ് - 1/4 കപ്പ്
ചേമ്പ് - കാൽ കിലോ
തേങ്ങ ചിരകിയത് - 3/4 കപ്പ്
തക്കാളി - 1 
പച്ചമുളക് - 2 എണ്ണം
വെളുത്തുള്ളി - 3 അല്ലി
ചുവന്നുള്ളി - 6-7 എണ്ണം
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ജീരകം - 1/2 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
കടുക് -1/2 ടീസ്പൂൺ
വറ്റൽമുളക് - 2 എണ്ണം
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിദം

തുവരപ്പരിപ് കഴുകി വൃത്തിയാക്കി അൽപനേരം കുതിർത്ത് വെക്കുക. പരിപ്പ്, നുറുക്കിയ ചേമ്പ് കഷണങ്ങൾ, തക്കാളി മുറിച്ചത്, പച്ചമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, എന്നിവ പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. അതിലേക്ക് തേങ്ങ, ജീരകം, മഞ്ഞൾപ്പൊടി എന്നിവ നന്നായി അരച്ചെടുത്തത് ചേർത്ത് യോജിപ്പിച്ച് ചെറുതീയിൽ പാകം ചെയ്യുക. പച്ചമണം മാറി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ചു ചുവന്നുള്ളി, കറിവേപ്പില, വറ്റൽമുളക് എന്നിവ കൂടെ ചേർത്ത് താളിച്ച് കറിയിൽ ചേർക്കുക. ചോറിനൊപ്പം വിളമ്പാം

Content Highlights: Koonthel & Parippu Chembu Curry Recipe